Loading ...

Home International

പാക്കിസ്ഥാനെതിരെ ജര്‍മ്മനിയില്‍ അഫ്ഗാന്‍ സ്വദേശികളുടെ വൻ പ്രതിഷേധം

ബര്‍ലിന്‍: ജര്‍മ്മനിയില്‍ തെരുവിലിറങ്ങി അഫ്ഗാന്‍ പൗരന്മാരുടെ പ്രതിഷേധം. പാകിസ്താന്‍ ചത്ത് തുലയട്ടെ എന്ന പ്ലക്കാര്‍ഡുകളുമായി ആയിരങ്ങളാണ് റോഡിലിറങ്ങിയത്. ജര്‍മ്മനിയിലെ ഹാംബര്‍ഗ് നഗരത്തിലാണ് ജനങ്ങളുടെ പ്രതിഷേധ റാലി. അഫ്ഗാനിലെ സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നും രാജ്യത്തിന്റെ അന്തസ് കാത്ത് സൂക്ഷിക്കണമെന്നും അഫ്ഗാന്‍ പൗരന്മാര്‍ ആവശ്യപ്പെടുന്നു.

സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുക, സ്വാതന്ത്ര്യം, മനുഷ്യാവകാശങ്ങള്‍, പൗരാവകാശങ്ങള്‍ എന്നിവ ഉറപ്പുവരുത്തുക തുടങ്ങിയ പോസ്റ്ററുകള്‍ ഉയര്‍ത്തിയായിരുന്നു പ്രതിഷേധം. താലിബാന്‍ ഭീകരര്‍ അഫ്ഗാനില്‍ ആധിപത്യം സ്ഥാപിക്കാന്‍ തുടങ്ങിയത് മുതല്‍ ലോകത്തിന്റെ പല കോണുകളില്‍ നിന്നും താലിബാന്‍ വിരുദ്ധ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. അഫ്ഗാന്‍ ജനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യവുമായി നിരവധി പേരാണ് എത്തിയത്.

അഫ്ഗാനിസ്താനിലെ അഫ്ഗാന്‍ 'ഇസ്ലാമിക് എമിറേറ്റ്' സര്‍ക്കാരില്‍ സ്ത്രീകള്‍ ഇല്ലാത്തതും പ്രതിഷേധത്തിന് വഴിയൊരുക്കിയിട്ടുണ്ട്. അഫ്ഗാനിലെ താലിബാന്‍ മന്ത്രിസഭയില്‍ 33 മന്ത്രിമാരാണുള്ളത്. ഈ പട്ടികയില്‍ സ്ത്രീകള്‍ ആരും തന്നെയില്ല. ഇത് അനുവദിച്ചുകൂടയെന്നും ലോകം മുഴുവന്‍ അഫ്ഗാന്‍ ജനങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നു.

നേരത്തെ താലിബാന്‍ സര്‍ക്കാരില്‍ സ്ത്രീകള്‍ക്കും മറ്റ് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും പ്രതിനിധ്യമുണ്ടാകുമെന്ന് താലിബാന്‍ നേതാവ് മുല്ലാ ബരാദര്‍, റഷ്യയുടെയും ഖത്തറിന്റെ മുന്‍കൈയില്‍ നടത്തിയ വിവിധ ചര്‍ച്ചകളില്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍, താലിബാന്റെ രണ്ടാം സര്‍ക്കാരില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കോ സ്ത്രീകള്‍ക്കോ പ്രാതിനിധ്യമില്ലെന്ന് മാത്രമല്ല, ഐക്യരാഷ്‌ട്ര സഭയുടെ ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെട്ട 14 തീവ്രവാദികള്‍ക്കൂടി ആ ഭരണകൂടത്തിന്റെ ഭാഗമാക്കുക കൂട ചെയ്തു.


Related News