Loading ...

Home International

താലിബാനെ അംഗീകരിച്ച്‌ യുഎന്‍ സുരക്ഷാ കൗണ്‍സില്‍; പക്ഷേ അംഗത്വമില്ല, വിട്ടുനിന്ന് ചൈനയും റഷ്യയും

ജനീവ: അമേരിക്ക അഫ്ഗാനിസ്ഥാന്‍ വിട്ടതിന് പിന്നാലെ താലിബാന് ഭാഗികമായ അംഗീകാരം നല്‍കി യുഎന്‍ സുരക്ഷാ കൗണ്‍സില്‍. യുഎന്നില്‍ അംഗത്വമില്ലാത്ത അംഗീകാരമാണ് നല്‍കിയത്. ഉപാധികള്‍ ഉണ്ടാവുമെന്നാണ് സൂചന. ഇന്ത്യയുടെ പ്രസിഡന്‍ഷിപ്പിന് കീഴിലാണ് ഇതിനായി പ്രമേയം കൊണ്ടുവന്നത്. അഫ്ഗാനിസ്ഥാനിലെ ഭരണസ്ഥാപനം എന്ന നിലയിലുള്ള അംഗീകാരമാണ് നല്‍കിയത്. ഫ്രാന്‍സാണ് പ്രമേയം കൊണ്ടുവന്നത്. ബ്രിട്ടനും ഇന്ത്യയും അമേരിക്കയും അടക്കമുള്ള 13 രാഷ്ട്രങ്ങള്‍ ഇതിനെ അനുകൂലിച്ച്‌ വോട്ട് ചെയ്തു. ആരും ഈ തീരുമാനത്തെ എതിര്‍ത്തില്ല. എന്നാല്‍ സ്ഥിരാംഗങ്ങളായ റഷ്യയും ചൈനയും വോട്ടിംഗില്‍ നിന്ന് വിട്ടുനിന്നു.
കാബൂള്‍ താലിബാന്‍ പിടിച്ചതിന് പിന്നാലെയാണ് ഈ പ്രമേയം വരുന്നത്. അഫ്ഗാന്‍ മണ്ണില്‍ ഏതെങ്കിലും തീവ്രവാദികള്‍ക്ക് അഭയം നല്‍കുകയോ, ഏതെങ്കിലും രാജ്യത്തെ ഭീഷണിപ്പെടുത്തുകയോ ചെയ്യില്ലെന്ന് നേരത്തെ താലിബാന്‍ ഉറപ്പ് നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് അംഗീകാരം നല്‍കിയത്. രാജ്യാന്തര നിയമങ്ങളെ താലിബാന്‍ അംഗീകരിക്കുമെന്നും, അതുപോലെ പ്രവര്‍ത്തിക്കുമെന്നും കരുതുന്നതായി യുഎന്‍ സുരക്ഷാ കൗണ്‍സില്‍ പറഞ്ഞു. പ്രധാനമായും അഫ്ഗാന്‍ പൗരന്‍മാരെ രാജ്യത്തിന് പുറത്തേക്ക് പോകാന്‍ അനുവദിക്കുകയും, വിദേശ രാജ്യങ്ങളിലെ പൗരന്മാരെയും ഒഴിപ്പിക്കാനുള്ള സൗകര്യമൊരുക്കുകയും താലിബാന്‍ ചെയ്യുമെന്നതാണ് സുരക്ഷാ കൗണ്‍സില്‍ കരുതുന്നത്.

ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി ഹര്‍ഷവര്‍ധന്‍ ശൃംഖലയാണ് സുരക്ഷാ കൗണ്‍സിലിന്റെ മേല്‍നോട്ടം വഹിച്ചത്. ഇതിലാണ് പ്രമേയം പാസിക്കിയത്. ഇന്നലെയാണ് ഇന്ത്യയുടെ പ്രസിഡന്‍ഷ്യല്‍ കാലാവധി അവസാനിച്ചത്. തീവ്രവാദികളെ അകറ്റി നിര്‍ത്തണമെന്നും, ഏതെങ്കിലും രാജ്യത്തെ ആക്രമിക്കരുതെന്നോ, പ്രമേയം നിര്‍ദേശിക്കുന്നുണ്ട്. ഇന്ത്യക്ക് വളരെ പ്രാധാന്യം ഇക്കാര്യത്തിലുണ്ടെന്ന് ഹര്‍ഷ വര്‍ധന്‍ ശൃംഖല പറഞ്ഞു. അന്താരാഷ്ട്ര സമൂഹത്തില്‍ നിന്നുള്ള ശക്തമായ സന്ദേശമാണിത്. എന്താണ് അവര്‍ താലിബാനില്‍ നിന്ന് പ്രതീക്ഷിക്കുന്നതെന്ന് ഇതിലൂടെ വ്യക്തമാക്കുകയാണെന്നും ഹര്‍ഷവര്‍ധന്‍ പറഞ്ഞു.

അതേസമയം നേരത്തെയും താലിബാനെതിരെ പരാമര്‍ശങ്ങളൊന്നും യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ ഉണ്ടായിരുന്നില്ല. ഇത്തവണ അഞ്ച് തവണയാണ് സുരക്ഷാ കൗണ്‍സില്‍ താലിബാന്‍ എന്ന നാമം ഉച്ഛരിച്ചത്. എന്നാല്‍ ഒരിക്കല്‍ പോലും ഈ ഗ്രൂപ്പിന്റെ പ്രവര്‍ത്തനത്തെ അപലപിച്ചിട്ടില്ല പകരം എല്ലാവര്‍ക്കും സുരക്ഷിതമായി രാജ്യം വിടാനുള്ള സൗകര്യമൊരുക്കുമെന്ന പരാമര്‍ശത്തെ അംഗീകരിക്കുകയാണ് ചെയ്തത്. പ്രമേയത്തില്‍ മാനുഷിക സഹായങ്ങള്‍, മനുഷ്യാവകാശങ്ങള്‍ ഉയര്‍ത്തി പിടിക്കുക, തീവ്രവാദം തടയുക. തുടങ്ങിയ കാര്യങ്ങളും പരാമര്‍ശിച്ചിരുന്നു. താലിബാന്‍ വാക്ക് പാലിച്ചില്ലെങ്കില്‍ എന്തൊക്കെ നടപടികളെടുക്കണമെന്ന് ഈ പ്രമേയത്തില്‍ പറയുന്നില്ല.

പ്രമേയം കൃത്യത ഇല്ലെന്ന് റഷ്യന്‍ പ്രതിനിധി വാസിലി നെബെന്‍സിയ പറഞ്ഞു. തീവ്രവാദ ഭീഷണിയെ കുറിച്ച്‌ ആവശ്യമായ കാര്യങ്ങള്‍ ഇതില്‍ ഇല്ല. അഫ്ഗാനില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിക്കുന്നതില്‍ ഉണ്ടായ പ്രശ്‌നങ്ങളെ കുറിച്ചോ, അഫ്ഗാന്‍ സര്‍ക്കാരിന്റെ യുഎസ് അക്കൗണ്ടുകള്‍ മരവിപ്പിച്ച നടപടിയെ തുടര്‍ന്ന് നേരിടുന്ന സാമ്ബത്തിക-മാനുഷിക പ്രതാഘ്യാതങ്ങളെ കുറിച്ചോ ഈ പ്രമേയത്തില്‍ പരാമര്‍ശിക്കുന്നില്ലെന്ന് നെബെന്‍സിയ പറഞ്ഞു. വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ റഷ്യ നിര്‍ബന്ധിതമായതാണ്. റഷ്യയുടെ ആശങ്കകളെ ഇതില്‍ പരിഗണിക്കാന്‍ പ്രമേയം തയ്യാറാക്കിയവര്‍ ശ്രമിച്ചില്ലെന്നും വാസിലി നെബെന്‍സിയ പറഞ്ഞു.

ചൈനയും റഷ്യക്ക് സമാനമായ കാര്യങ്ങളാണ് ഉന്നയിച്ചത്. അഫ്ഗാനിലെ ഡ്രോണ്‍ ആക്രമണത്തില്‍ സാധാരണക്കാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അവര്‍ യുഎസ്സിനെതിരെ രംഗത്ത് വരികയും ചെയ്തു. ഐസിസ് ചാവേറുകള്‍ സഞ്ചരിച്ച വാഹനത്തിന് നേരെയായിരുന്നു യുഎസ്സിന്റെ ആക്രമണം. പാശ്ചാത്യ രാജ്യങ്ങളുടെ കൃത്യതയില്ലാത്ത പിന്മാറ്റമാണ് അഫ്ഗാനിലെ പ്രശ്‌നങ്ങള്‍ക്ക് കാരണമമെന്ന് ചൈന കുറ്റപ്പെടുത്തി. അഫ്ഗാനിസ്ഥാനിലെ മാറ്റങ്ങളോടെ അന്താരാഷ്ട്ര സമൂഹം താലിബാനുമായി കൂടുതല്‍ ബന്ധപ്പെടുന്നതാണ് നല്ലത്. അവര്‍ക്ക് വേണ്ട കാര്യങ്ങള്‍ യുഎന്നില്‍ നിന്ന് ലഭിക്കണമെന്നും ചൈന പറഞ്ഞു. അതേസമയം ഒരു രാജ്യത്തെ മുഴുവന്‍ കൊണ്ടുപോരാന്‍ സാധിക്കില്ല. ഇവിടെയാണ് നയതന്ത്രം ആവശ്യം. റഷ്യയും ചൈനയും വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നത് നിരാശപ്പെടുത്തുന്നതാണെന്ന് യുഎസ് അംബാസിഡര്‍ ലിന്‍ഡ ഗോമസ് ഗ്രീന്‍ഫീല്‍ഡ് പറഞ്ഞു.



Related News