Loading ...

Home International

താലിബാനെതിരെ നിലപാട് മയപ്പെടുത്തി യുഎന്‍ സുരക്ഷാ കൗണ്‍സില്‍; തീവ്രവാദ പരാമര്‍ശമില്ല


ജനീവ: താലിബാനെതിരായ നിലപാടില്‍ അമ്ബരിപ്പിച്ച മാറ്റവുമായി യുഎന്‍ സുരക്ഷാ കൗണ്‍സില്‍. കാബൂള്‍ വിമാനത്താവളത്തിലെ ഭീകരാക്രമണത്തിനെ അപലപിച്ചുള്ള പ്രസ്താവനയില്‍ നിന്ന് താലിബാന്‍ പരാമര്‍ശം സുരക്ഷാ കൗണ്‍സില്‍ ഒഴിവാക്കിയിരിക്കുകയാണ്. താലിബാനെ ഭീകര സംഘടനയായി പരാമര്‍ശിക്കാനും യുഎന്‍ സുരക്ഷാ കൗണ്‍സില്‍ തയ്യാറായില്ല. അഫ്ഗാന്‍ പാര്‍ട്ടികളോട് ഒരു തീവ്രവാദികളെയും പിന്തുണയ്ക്കരുതെന്ന് മാത്രമാണ് യുഎന്‍ ആവശ്യപ്പെട്ടത്. അതേസമയം താലിബാനോട് കൂടുതല്‍ അടുക്കാനുള്ള ശ്രമങ്ങളാണ് യുഎന്‍ നടത്തുന്നത്. അവരുടെ നയങ്ങളെയും ഭാവി പരിപാടികളെയും ആശ്രയിച്ചായിരിക്കും ഇനി താലിബാനെ അംഗീകരിക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍.

റഷ്യയും ചൈനയുമെല്ലാം താലിബാനെ നിലവില്‍ അംഗീകരിക്കുന്നുണ്ട്. ലോകരാജ്യങ്ങളുടെ പിന്തുണ നേരത്തെ തന്നെ തേടിയിരുന്നു താലിബാന്‍. തങ്ങളുടെ സര്‍ക്കാര്‍ എല്ലാവരെയും ഉള്‍ക്കൊള്ളിക്കുന്നതാവുമെന്ന് താലിബാന്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം താലിബാനെതിരെ നിലപാട് മയപ്പെടുത്തിയ യുഎന്‍ സുരക്ഷാ കൗണ്‍സിലിന്റെ ഇപ്പോഴത്തെ അധ്യക്ഷ സ്ഥാനം ഇന്ത്യക്കാണെന്ന പ്രത്യേകത കൂടിയുണ്ട്. ഇന്ത്യ താലിബാനെ തുറന്ന് എതിര്‍ക്കുന്നുണ്ട്. ഈ മാസമാണ് അധ്യക്ഷ പദവി ഇന്ത്യക്ക് ലഭിച്ചിരിക്കുന്നത്. നേരത്തെ യുഎന്‍ സുരക്ഷാ കൗണ്‍സില്‍ താലിബാന്‍ തീവ്രവാദ ഗ്രൂപ്പെന്ന് തന്നെയായിരുന്നു വിശേഷിപ്പിച്ചത്. അവിടെ നിന്നാണ് മാറ്റം വന്നത്.

ഏത് രാജ്യത്തിന്റെ തീവ്രവാദ ഗ്രൂപ്പുകളായാലും അഫ്ഗാനിസ്ഥാനിലെ ഏതെങ്കിലും കക്ഷികളോ വ്യക്തികളോ അവരെ പിന്തുണയ്ക്കരുതെന്ന് സുരക്ഷാ കൗണ്‍സില്‍ ആവശ്യപ്പെട്ടു. അതേസമയം യുഎന്നില്‍ ഇന്ത്യയുടെ പ്രതിനിധിയായിരുന്ന സയ്യിദ് അക്ബറുദ്ദീന്‍ ഇതിനെതിരെ രംഗത്തെത്തി. നയതന്ത്രത്തില്‍ രണ്ടാഴ്ച്ചക്കാലം വലിയ കാലയളവാണെന്ന് അക്ബറുദ്ദീന്‍ പരിഹസിച്ചു. ഈ കാലയളവില്‍ ടി എന്ന വാക്ക് ഇല്ലാതായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം താലിബാന്റെ കാര്യത്തില്‍ ഇന്ത്യ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്നും, അവരുടെ നേതൃത്വം ഏത് തരത്തിലാണ് പരിശോധിച്ച്‌ വരികയാണെന്നും വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ പറഞ്ഞിരുന്നു.

അതേസമയം നിലവില്‍ ഇന്ത്യ അഫ്ഗാനിസ്ഥാനില്‍ കുടുങ്ങി കിടക്കുന്നവരെ സുരക്ഷിതമായി നാട്ടില്‍ തിരിച്ചെത്തിക്കാനാണ് ശ്രമിക്കുന്നതെന്നും ജയശങ്കര്‍ പറഞ്ഞിരുന്നു. അഫ്ഗാനില്‍ നിന്ന് നാട്ടിലെത്തിച്ചവരുടെ കൃത്യമായി കണക്ക് അറിയില്ലെന്ന് ഇന്ത്യ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കാബൂളിലെ എംബസികളില്‍ അടക്കമുള്ളവരെ നേരത്തെ തന്നെ നാട്ടിലെത്തിച്ച്‌ കഴിഞ്ഞിരുന്നു ഇന്ത്യ. ഒപ്പം പ്രമുഖ അഫ്ഗാന്‍ നേതാക്കളുമുണ്ടായിരുന്നു. ഇതിന് പിന്നാലെ രണ്ട് ഇന്ത്യ കോണ്‍സുലേറ്റുകളില്‍ താലിബാന്‍ പ്രവേശിച്ചിരുന്നു. ഇവിടെ നിന്ന് നിര്‍ണായക രേഖകളും, പാര്‍ക്ക് ചെയ്തിരുന്ന കാറുകളും കൊണ്ടുപോയിരുന്നു. താലിബാന്‍ ലോകരാജ്യങ്ങള്‍ക്ക് നല്‍കിയ ഉറപ്പിന് വിരുദ്ധമായ കാര്യങ്ങളാണ് ചെയ്യുന്നതെന്നും ഇന്ത്യ പ്രതികരിച്ചിരുന്നു.

Related News