Loading ...

Home International

സൈനികരെയും സാധാരണക്കാരെയും ഉപദ്രവിക്കുന്നവരെ ഇസ്രായേല്‍ വെറുതെ വിടില്ലെന്ന് പ്രധാനമന്ത്രി നഫ്താലി ബെന്നറ്റിന്റെ മുന്നറിയിപ്പ്

ടെല്‍ അവീവ്: ഗാസ മുനമ്ബില്‍ നിന്നുള്ള ആക്രമണങ്ങള്‍ക്ക് രാജ്യം തിരിച്ചടിക്കുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് മുന്നറിയിപ്പ് നല്‍കി. ഗാസ അതിര്‍ത്തിക്ക് സമീപം പലസ്തീനികളുമായുള്ള ഏറ്റുമുട്ടലില്‍ ഒരു ഇസ്രായേല്‍ സൈനികന് പരിക്കേറ്റതിന്റെ അടിസ്ഥാനത്തിലാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശം.

നമ്മുടെ സൈനികരെയും സാധാരണക്കാരെയും ഉപദ്രവിക്കുന്നവരെ ഇസ്രായേല്‍ വെറുതെ വിടില്ലെന്നും പ്രതിവാര മന്ത്രിസഭാ യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് ബെന്നറ്റ് പറഞ്ഞു. ഗാസയിലെ ഹമാസ് ഭരണാധികാരികളുമായുള്ള സംഘര്‍ഷത്തെക്കുറിച്ച്‌ പരാമര്‍ശിച്ച ബെന്നറ്റ്, ഏത് സാഹചര്യം നേരിടാനും സൈന്യം സജ്ജമാണെന്നും മുന്നറിയിപ്പ് നല്‍കി.

ഇക്കഴിഞ്ഞ ദിവസം രാത്രിയില്‍ ആണ് ഇസ്രായേല്‍ വ്യോമസേന ഗാസ മുനമ്ബില്‍ വ്യോമാക്രമണം നടത്തിയത്. ഹമാസിന്റെ നാല് ആയുധനിര്‍മ്മാണ, സംഭരണ ​​കേന്ദ്രങ്ങളില്‍ യുദ്ധവിമാനങ്ങള്‍ ആക്രമണം നടത്തിയതായി ഇസ്രായേല്‍ സൈനിക വക്താവ് പ്രസ്താവനയില്‍ പറഞ്ഞു.

ഹമാസ് സംഘടിപ്പിച്ച പ്രതിഷേധ പ്രകടനത്തില്‍ നൂറുകണക്കിന് പാലസ്തീനികള്‍ പങ്കെടുത്തു. പ്രതിഷേധക്കാരില്‍ ചിലര്‍ അതിര്‍ത്തിക്ക് സമീപം എത്തി, ടയറുകള്‍ കത്തിക്കുകയും ഇസ്രായേല്‍ സൈനികര്‍ക്ക് നേരെ കല്ലുകളും സ്ഫോടകവസ്തുക്കളും എറിയുകയും ചെയ്തു. ഇതോടെ സൈന്യവും തിരിച്ച്‌ വെടിവെപ്പ് നടത്തി.

ഗാസയിലെ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്‌, കുറഞ്ഞത് 24 പാലസ്തീനികള്‍ക്ക് ഇസ്രായേല്‍ വെടിവെപ്പില്‍ പരിക്കേറ്റിട്ടുണ്ട്. ഇസ്രയേലും ഹമാസും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പുവെപ്പിക്കാനുള്ള ഈജിപ്റ്റിന്റെ ശ്രമങ്ങള്‍ക്കാണ് ഇത് തിരിച്ചടിയായത്.

Related News