Loading ...

Home International

പാകിസ്ഥാന്‍-താലിബാന്‍ ബന്ധം; ശക്തമായ തെളിവുകളുണ്ടെന്ന് അഫ്ഗാനിസ്ഥാന്‍


ന്യൂയോര്‍ക്ക്: താലിബാനെ പിന്തുണക്കുന്ന പാകിസ്ഥാന്റെ പ്രവര്‍ത്തനങ്ങള്‍ തെളിയിക്കാനാകുമെന്ന് അഫ്ഗാനിസ്ഥാന്‍ ഭരണകൂടം. താലിബാന് വേണ്ടി പ്രവര്‍ത്തിക്കുകയും എല്ലാ സഹായസഹകരണങ്ങളും ഉറപ്പുവരുത്തുകയും ചെയ്യുന്ന പാക് നീക്കത്തിന്റെ തെളിവുകള്‍ തങ്ങളുടെ പക്കലുണ്ടെന്ന് അഫ്ഗാനിസ്ഥാന്‍ അറിയിച്ചു. യുഎന്‍ സുരക്ഷ കൗണ്‍സിലിന് മുമ്ബാകെയാണ് അഫ്ഗാന്‍ അംബാസിഡര്‍ ഖുലാം ഇസാക്‌സെയുടെ പ്രതികരണം.

സുരക്ഷാ കൗണ്‍സില്‍ അംഗങ്ങള്‍ക്ക് തെളിവുകള്‍ ആവശ്യമാണെന്ന് നിര്‍ബന്ധമാണെങ്കില്‍ അത് സമര്‍പ്പിക്കാന്‍ അഫ്ഗാനിസ്ഥാന്‍ തയ്യാറാണ്. വിഷയവുമായി ബന്ധപ്പെട്ട് പാക് സര്‍ക്കാരുമായി നിരന്തരം ബന്ധപ്പെടാറുണ്ടെന്നും ഖുലാം ഇസാക്‌സെ പറഞ്ഞു. എന്നാല്‍ അഫ്ഗാനിസ്ഥാന്‍ നടത്തുന്ന കുറ്റാരോപണങ്ങളില്‍ തീര്‍ത്തും നിരാശരാണെന്ന് പാക് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൊയ്ദ് യൂസഫ് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.

അഫ്ഗാന്‍ സര്‍ക്കാരിനും ജനങ്ങള്‍ക്കുമെതിരെ തുടര്‍ച്ചയായ ആക്രമണങ്ങളാണ് നാളുകളായി താലിബാന്‍ നടത്തുന്നത്. കഴിഞ്ഞയാഴ്ചയാണ് പ്രശസ്ത അഫ്ഗാന്‍ ഹാസ്യനടന്‍ മഹമ്മദ് ഖാസയെ താലിബാന്‍ വധിക്കുകയും ഉത്തരവാദിത്വം ഏറ്റെടുക്കുകയും ചെയ്തത്. ഇതുകൂടാതെ തഖര്‍ പ്രവിശ്യയുടെ വടക്ക് കിഴക്കന്‍ മേഖലയിലുള്ള നിരവധി ജില്ലകളും താലിബാന്‍ പിടിച്ചെടുത്തു.

Related News