Loading ...

Home International

ചൈനയുടെ ഭീഷണി തള്ളി തായ്‌വാന്‍; യൂറോപ്പില്‍ ആദ്യ നയതന്ത്ര കാര്യാലയം തുറക്കുന്നു

തായ്‌പേയ്: ലോകരാജ്യങ്ങളുടെ പിന്തുണയോടെ ചൈനയെ വെല്ലുവിളിച്ച്‌ തായ്‌വാന്‍. സ്വന്തം പേരില്‍ യൂറോപ്പിലെ ആദ്യ നയതന്ത്ര കാര്യാലയം തുറക്കാനാണ് തായ്‌വാന്‍ തീരുമാനിച്ചിട്ടുള്ളത്. ചൈനയുടെ സമ്മര്‍ദ്ദത്തെ അതിജീവിച്ചാണ് തായ്‌വാന്റെ നീക്കം. ലിത്വാനിയയിലാണ് തായ്‌വാന്‍ പ്രതിനിധിയെ നിയമിക്കുന്നത്. യൂറോപ്പിലെ രാജ്യങ്ങളുമായി വ്യാപാര വാണിജ്യ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിന്റെ മുന്നോടിയായാണ് പുതിയ തീരുമാനം. എല്ലായിടത്തും തായ്‌പേയ് എന്ന പേരിലാണ് ഇനി കാര്യാലയം പ്രവര്‍ത്തിക്കുകയെന്നും വിദേശകാര്യമന്ത്രി ജോസഫ് വൂ പറഞ്ഞു. ആഗോളതലത്തില്‍ തായ്‌വാന്‍ തങ്ങളുടെ അവിഭാജ്യഘടകമാണെന്നാണ് ചൈന അവകാശപ്പെടുന്നത്. മറ്റ് രാജ്യങ്ങള്‍ ഒരു സ്വതന്ത്രരാജ്യമെന്ന നിലയില്‍ തായ്‌വാനെ പരിഗണിക്കരുതെന്നും ചൈന ആവര്‍ത്തിച്ച്‌ ആവശ്യപ്പെടുന്നു. ഇതിനിടയിലാണ് തായ്‌വാന്‍ വിദേശരാജ്യങ്ങളുമായി സഹകരണം ശക്തമാക്കുന്നത്. ജനാധിപത്യത്തിനും സ്വാതന്ത്ര്യത്തിനും മനുഷ്യാവകാശത്തിനും മൂല്യം കല്‍പ്പിക്കുന്ന രാജ്യമെന്ന നിലയില്‍ ലിത്വാനിയയെ ഏറെ ബഹുമാനിക്കുന്നതായി തായ്വാന്‍ മന്ത്രി വൂ പറഞ്ഞു. റഷ്യയുടെ അതിര്‍ത്തിപങ്കിടുന്ന രാജ്യമെന്ന നിലയിലും ലിത്വാനിയയ്‌ക്ക് പ്രാധാന്യമുണ്ട്. തായ്‌വാന്‍ വലിയ പ്രതീക്ഷയോടെയാണ് പഴയ സോവിയറ്റ് മേഖലയില്‍ തങ്ങളുടെ പ്രതിനിധിയെ നിയമിക്കുന്നത്. ലിത്വാനിയ കഴിഞ്ഞ മാര്‍ച്ച്‌ മാസത്തില്‍ തായ്‌വാനില്‍ നയതന്ത്ര കാര്യാലയം തുറന്നിരുന്നു.

Related News