Loading ...

Home International

അല്‍ഖ്വായ്ദ തീവ്രവാദികൾ അഫ്ഗാന്‍-പാകിസ്താന്‍ അതിര്‍ത്തി മേഖലകള്‍ താവളമാക്കിയാണ് പ്രവര്‍ത്തിക്കുന്നതെന്ന് യുഎന്‍ റിപ്പോര്‍ട്ട്

അല്‍ ഖ്വായ്ദ തലവന്‍ അയ്മന്‍ അല്‍ സവാഹിരി അഫ്ഗാന്‍, പാക് അതിര്‍ത്തി മേഖലയിലെന്ന് യുഎന്‍ റിപ്പോര്‍ട്ട്. അല്‍ ഖ്വായ്ദ തീവ്രവാദികളില്‍ വലിയൊരു വിഭാഗവും താലിബാനുമായി ബന്ധപ്പെട്ട വിദേശ തീവ്രവാദ സംഘങ്ങളും അഫ്ഗാനില്‍ വിവിധയിടങ്ങളിലായി ഇപ്പോഴും സജീവമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അഫ്ഗാനില്‍ നിന്നും അമേരിക്കന്‍ സൈന്യത്തിന്റെ പിന്‍മാറ്റം സജീവ ചര്‍ച്ചയായിരിക്കെയാണ് യുഎന്‍ റിപ്പോര്‍ട്ട് പുറത്തുവരുന്നത്.

അല്‍ ഖ്വായ്ദ നേതൃത്വത്തില്‍ വലിയ വിഭാഗം അഫ്ഗാന്‍ പാകിസ്താന്‍ അതിര്‍ത്തി മേഖലകള്‍ താവളമാക്കിയാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് യുഎന്‍ അംഗരാജ്യങ്ങളുടെ റിപ്പോര്‍ട്ട്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ അല്‍ ഖ്വായ്ദ നേതൃത്വവുമായി ഇവര്‍ അടുത്ത് പ്രവര്‍ത്തിക്കുന്നതായിട്ടാണ് മുന്നറിയിപ്പ്. ഇതോടൊപ്പമാണ് അയ്മന്‍ അല്‍ സവാഹിരിയും ഈ മേഖലയില്‍ തമ്ബടിച്ചതായി റിപ്പോര്‍ട്ടില്‍ സംശയം പ്രകടിപ്പിക്കുന്നത്. സവാഹിരി അസുഖ ബാധിതനായി മരിച്ചു എന്നുള്ള വിവരങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. എന്നാല്‍ ഇത് സ്ഥിരീകരിക്കാത്തതിനാലാണ് സംശയം നിലനില്‍ക്കുന്നത്. സംഘടനാ നേതൃത്വത്തെ അഫ്ഗാന്‍ അതിര്‍ത്തിയില്‍ നിലയുറപ്പിക്കാനുള്ള തീരുമാനത്തിലാണ് അല്‍ ഖ്വായ്ദ എന്നും രാജ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അനലിറ്റിക്കല്‍ സപ്പോര്‍ട്ടിനും ഉപരോധ മേല്‍നോട്ടത്തിനായുമുളള യുഎന്‍ സംഘത്തിന്റെ പന്ത്രണ്ടാം റിപ്പോര്‍ട്ടിലാണ് നിര്‍ണായകമായ ഈ വിവരങ്ങള്‍.

അഫ്ഗാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന താലിബാന്‍ ഭീകരരുമായി അല്‍ ഖ്വായ്ദയ്ക്ക് ബന്ധമുണ്ടെന്നും റിപ്പോര്‍ട്ടില്‍ തെളിവുകള്‍ സഹിതം വ്യക്തമാക്കുന്നു. കാണ്ഡഹാറിലും ഹെല്‍മണ്ഡിലുമുള്ള താലിബാന്‍ ഭീകരരുടെ കീഴിലാണ് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ അല്‍ ഖ്വായ്ദയുടെ പ്രവര്‍ത്തനം. നേരത്തെ അഫ്ഗാനിസ്താനില്‍ നിന്നും പാകിസ്താനില്‍ നിന്നുമുള്ളവര്‍ മാത്രമേ തീവ്രവാദ സംഘടനിലുണ്ടായിരുന്നുള്ളു. എന്നാല്‍ ഇപ്പോള്‍ ഇന്ത്യ, ബംഗ്ലാദേശ്, മ്യാന്മര്‍ എന്നീ രാജ്യങ്ങളില്‍ നിന്നുമുള്ളവര്‍ സംഘടനയിലുണ്ട്. ഇന്ത്യയിലെ അല്‍ ഖ്വായ്ദ നേതാവ് ഒസാമ മുഹമ്മദ് ആണെന്നും യുഎന്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇത്തരത്തില്‍ താലിബാനും അല്‍ ഖ്വായ്ദയും തമ്മില്‍ നേരത്തെ ബന്ധമുള്ളതായും നിരവധി ഭീകരാക്രമണങ്ങളില്‍ താലിബാന്‍ ഭീകരരോടൊപ്പം അല്‍ ഖ്വായ്ദ ഭീകരരും കൊലപ്പെട്ടിട്ടുള്ളതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

Related News