Loading ...

Home International

മസ്ജിദുകളില്‍ കമ്യൂണിസ്റ്റ് കൊടികളും , ചിഹ്നങ്ങളും , ബോര്‍ഡുകളും സ്ഥാപിച്ച്‌ ചൈന

ബെയ്ജിംഗ് : മസ്ജിദുകളില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കൊടികളും , ചിഹ്നങ്ങളും , ബോര്‍ഡുകളും സ്ഥാപിച്ച്‌ ചൈന . നേരത്തെ, മതവിശ്വാസത്തില്‍ നിയന്ത്രണം കൊണ്ടുവന്നതിനു പിന്നാലെയാണ് രാജ്യത്തെ പല മസ്ജിദുകളും കമ്യൂണിസ്റ്റ് ബോര്‍ഡുകളും , കൊടികളും സ്ഥാപിച്ച്‌ മറച്ച്‌ വയ്ക്കുന്നത് . അന്താരാഷ്ട്ര മാദ്ധ്യമമായ റോയിട്ടേഴ്സ് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം പുറത്ത് വന്നത് .ചൈനയുടെ പടിഞ്ഞാറന്‍ പ്രദേശമായ സിന്‍ജിയാങ്ങിലെ ഖിരാ നഗരത്തിലെ ജിയാമന്‍ മസ്ജിദാണ് ഉയര്‍ന്ന മതിലുകളും, കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചിഹ്നങ്ങളും , കൊടികളും സ്ഥാപിച്ച്‌ മറച്ചത് . ഇത് ഒരു മസ്ജിദാണെന്ന് വെളിപ്പെടുത്തുന്ന യാതൊരു സൂചനകളും ലഭിക്കാത്ത രീതിയിലാണ് പള്ളി മറച്ചിരിക്കുന്നത് .മസ്ജിദിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ എത്തിയ റോയിട്ടേഴ്സ് സംഘത്തിന് അവിടെ ഒരു പള്ളി ഉണ്ടായിരുന്നുവെന്നതിന് സൂചനകള്‍ പോലും കണ്ടെത്താനായില്ല . മാദ്ധ്യമ പ്രവര്‍ത്തകര്‍ എത്തിയതിനു പിന്നാലെ നാലംഗ സംഘം എത്തി ഗേറ്റുകള്‍‌ പൂട്ടുകയും ചെയ്‌തുവെന്ന് റോയിട്ടേഴ്സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു . ഫോട്ടോയെടുക്കുന്നത് നിയമവിരുദ്ധമാണെന്ന് പറഞ്ഞ് മാദ്ധ്യമപ്രവര്‍ത്തകരെ ഇവര്‍ വിലക്കുകയും ചെയ്തു.ജിയാമന്‍ മസ്ജിദിനെ കുറിച്ച്‌ തിരക്കിയ റോയിട്ടേഴ്സ് സംഘത്തോട് "ഇവിടെ ഒരു പള്ളിയുമില്ല . ഈ സ്ഥലത്ത് ഒരിക്കലും ഒരു പള്ളി ഉണ്ടായിട്ടില്ല," എന്നായിരുന്നു മറുപടി. സാറ്റലൈറ്റ് ചിത്രങ്ങളില്‍ കാണുന്ന മസ്ജിദിന്റെ മിനാരങ്ങളുടെ ചിത്രങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചെങ്കിലും അതും സാധിച്ചില്ലെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ടില്‍ പറയുന്നു . പള്ളിയുടെ കേന്ദ്ര താഴികക്കുടം ഉണ്ടായിരുന്നിടത്ത് ഒരു ലോഹ പെട്ടി മാത്രമാണ് ഇപ്പോള്‍ ഉള്ളത് . ഇത് ഒരു ആരാധനാലയമാണോ എന്ന് പോലും വ്യക്തമല്ല.ഇത്തരത്തില്‍ ആയിരക്കണക്കിന് പള്ളികള്‍ ചൈനയിലെ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ ലക്ഷ്യമിട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട് . എന്നാല്‍ മതപരമായ സ്ഥലങ്ങളൊന്നും ബലമായി നശിപ്പിക്കുകയോ , തകര്‍ക്കുകയോ ചെയ്തിട്ടില്ലെന്നാണ് ചൈനീസ് അധികൃതരുടെ വാദം."പകരം, അവ സംരക്ഷിക്കുന്നതിനായി ഞങ്ങള്‍ നിരവധി നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്," എന്നാണ് സിന്‍ജിയാങ് സര്‍ക്കാരിന്റെ വക്താവ് എലിജന്‍ അനയത്ത് മുന്‍പ് പറഞ്ഞത് . മാത്രമല്ല ചില പള്ളികള്‍ പൊളിച്ചുമാറ്റിയതായും മറ്റുള്ളവ പുനരുജ്ജീവനത്തിന്റെ ഭാഗമായി നവീകരിച്ചിട്ടുണ്ടെന്നും മുസ്ലീങ്ങള്‍ക്ക് അവരുടെ മതം പിന്തുടരാമെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് ഹുവ ചുനിംഗ് പറഞ്ഞിരുന്നു . എന്നാല്‍ ഇതൊക്കെ വ്യാജ പ്രചാരണങ്ങളാണെന്ന് വ്യക്തമാക്കുന്നതാണ് റോയിട്ടേഴ്സ് പുറത്തു വിടുന്ന റിപ്പോര്‍ട്ട്

Related News