Loading ...

Home International

അഫ്ഗാനില്‍ നിന്ന് അവസാന സംഘം യു.എസ് സൈനികരും മടങ്ങുന്നു

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ നിന്ന് അവസാന സംഘം സൈനികരേയും പിന്‍വലിക്കാന്‍ നടപടികള്‍ ഇന്നലെ ഔദ്യോഗികമായി ആരംഭിച്ച്‌ അമേരിക്ക. താലിബാനുമായി കഴിഞ്ഞ വര്‍ഷം ട്രംപ്​ ഭരണകൂടം എത്തിയ ധാരണയുടെ അടിസ്ഥാനത്തിലാണിത്. അതേസമയം, സേനാ പിന്മാറ്റം പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും ഇന്നലത്തെ നടപടി അതിന്റെ തുടര്‍ച്ച മാത്രമാണെന്നും യു.എസ് ഉദ്യോഗസ്ഥര്‍ വ്യക്​തമാക്കി. മെയ്​ ഒന്നിന്​ സൈനിക പിന്‍മാറ്റം ആരംഭിക്കുമെന്ന്​ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. നാറ്റോ സഖ്യകക്ഷികളും തങ്ങളുടെ സൈന്യത്തെ വ്യാഴാഴ്​ച മുതല്‍ പിന്‍വലിക്കാന്‍ ആരംഭിച്ചിരുന്നു. 2001ലെ ഭീകരാക്രമണത്തിന്‍റെ 20-ാം വാര്‍ഷികമായ സെപ്തംബര്‍ 11നകം മുഴുവന്‍ സൈനികരെയും പിന്‍വലിക്കാനാണ് അമേരിക്കയുടെ​ തീരുമാനം.ഇത്​ പൂര്‍ത്തിയാകുന്നതോടെ അഫ്​ഗാനിസ്ഥാനിലെ അമേരിക്കന്‍ എംബസിക്ക്​ മാത്രമാകും സുരക്ഷ സൈനികര്‍ കാവലുണ്ടാകുക.
അതേസമയം, വിദേശ സൈന്യം പിന്മാറിയാലും രാജ്യത്തെ കലാപകാരികളെ ഉന്മൂലനം ചെയ്യാന്‍ അഫ്ഗാന്‍ സേന പ്രാപ്​തരാണെന്ന്​ പ്രസിഡന്റ് അഷ്​റഫ്​ ഘാനി കഴിഞ്ഞദിവസം വ്യക്​തമാക്കിയിരുന്നു. വിദേശികളോട് യുദ്ധം ചെയ്യാനുള്ള ഭീകര സംഘടനയായ താലിബാന്റെ കാരണം ഇപ്പോള്‍ അവസാനിച്ചെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, അഫ്​ഗാനില്‍ പൂര്‍ണ സമാധാനം ലക്ഷ്യമിട്ട്​ അമേരിക്കയുടെ നേതൃത്വത്തില്‍ തുര്‍ക്കിയില്‍ നടക്കുന്ന ചര്‍ച്ചയില്‍ വിദേശ സൈനികരുടെ പൂര്‍ണ പിന്മാറ്റമില്ലാതെ പ​ങ്കെടുക്കില്ലെന്ന്​ താലിബാന്‍ നേരത്തെ വ്യക്​തമാക്കിയിരുന്നു.

 അഫ്ഗാനില്‍ നിലവില്‍ 2,500 അമേരിക്കന്‍ സൈനികരുണ്ട്​

 7,000 വിദേശ സൈനികര്‍

 20 വര്‍ഷത്തിനിടെ എട്ട് ലക്ഷം സൈനികര്‍ സേവനമനുഷ്ഠിച്ചു

 2,300 പേര്‍ കൊല്ലപ്പെട്ടു

 20,000​ പേര്‍ക്ക് പരിക്കേറ്റു

 അരലക്ഷം അഫ്​ഗാന്‍ പൗരന്മാരും കൊല്ലപ്പെട്ടു

 അഫ്ഗാനില്‍ ഭീകരാക്രമണം : 21 മരണം

അഫ്ഗാനില്‍ നിന്ന് അമേരിക്കയുടെ സൈനിക പിന്മാറ്റം പുരോഗമിക്കുന്നതിനിടെ ലോഗര്‍ പ്രവിശ്യയുടെ തലസ്ഥാനമായ പുള്‍ -ഇ -ആലാമിലെ ഗസ്റ്റ് ഹൗസിലുണ്ടായ കാര്‍ ബോംബാക്രമണത്തില്‍ 21 പേര്‍ മരിച്ചു. 100 പേര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാത്രി നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. ബോംബ് സ്‌ഫോടനത്തിന്​ സൈനികരുടെ പിന്‍മാറ്റവുമായി ബന്ധമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടാതെ ഇൗ ഭാഗത്ത്​ യു.എസ്​ - ​നാറ്റോ സൈനിക സംഘങ്ങളുമില്ല.ഗസ്​റ്റ്​ ഹൗസ്​ എന്തിനാണ് ലക്ഷ്യമിട്ടതെന്നത് സംബന്ധിച്ച സൂചനയും ലഭിച്ചിട്ടില്ല. യാത്രക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യമായി ഗസ്റ്റ് ഹൗസില്‍ താമസിക്കാം. അതേസമയം, ആക്രമണത്തിന്​ പിന്നില്‍ താലിബാനാണെന്ന്​ ആഭ്യന്തര മന്ത്രാലയം കുറ്റപ്പെടുത്തി. വീട്ടിലേക്ക്​ പോകാന്‍ വാഹനം കാത്തുനില്‍ക്കുകയായിരുന്ന പൊലീസുകാരും യൂണിവേഴ്സിറ്റി പ്രവേശന പരീക്ഷക്ക്​ എത്തിയ വിദ്യാര്‍ത്ഥികളും ആക്രമണ സമയത്ത് ഗസ്റ്റ് ഹൗസില്‍ ഉണ്ടായിരുന്നു. ആക്രമണം സംബന്ധിച്ച്‌​ അന്വേഷണം ആരംഭിച്ചെന്നും ബോംബാക്രമണത്തില്‍ ഗെസ്​റ്റ്​ ഹൗസിന്റെ മേല്‍ക്കൂര ഇടിഞ്ഞ്​ വീണെന്നും അവശിഷ്ടങ്ങള്‍ക്കടിയില്‍ കൂടുതല്‍ മൃതദേഹങ്ങള്‍ കുടുങ്ങിയിട്ടുണ്ടാകുമെന്നും ആഭ്യന്തര മന്ത്രാലയം വക്താവ് താരിഖ് അരിയന്‍ പറഞ്ഞു.

Related News