Loading ...

Home International

യമനില്‍ പ്രതീക്ഷയേകി സൗദി അറേബ്യയുടെ പുതിയ സമാധാന പദ്ധതി

റിയാദ്: വര്‍ഷങ്ങളായി നടക്കുന്ന യുദ്ധം കൊണ്ട് ദുരിതം കൊടുമ്പിരി കൊള്ളുന്ന യമനില്‍ പുതിയ സമാധാന നീക്കവുമായി സൗദി അറേബ്യ. സൗദി വിദേശ കാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരനാണ് പുതിയ സമാധാന പദ്ധതി പ്രഖ്യാപിച്ചത്. സന്‍ആ എയര്‍പോര്‍ട്ട് വീണ്ടും തുറക്കാനും അല്‍ഹുദൈദ തുറമുഖത്ത് നിയന്ത്രണങ്ങള്‍ ലഘൂകരിക്കാനും അനുവദിക്കുന്ന പുതിയ പദ്ധതി യമനില്‍ സമാധാനം തിരിച്ചു കൊണ്ട് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. സന്‍ആ വിമാനത്താവളത്തില്‍ നിന്നും പ്രാദേശിക അന്തര്‍ ദേശീയ വിമാന സര്‍വ്വീസ് ഉള്‍പ്പെടെയുള്ള സുപ്രധാന കാര്യങ്ങള്‍ ഉള്‍കൊള്ളുന്ന സമാധാന പദ്ധതിയാണ് സഊദി വിദേശ കാര്യ മന്ത്രി പ്രഖ്യാപിച്ചത്.

യു.എന്‍ നിരീക്ഷണത്തില്‍ സമഗ്ര വെടിനിര്‍ത്തല്‍, അല്‍ഹുദൈദ തുറമുഖത്തു നിന്നുള്ള നികുതികളും കസ്റ്റംസ് വരുമാനവും സ്റ്റോക്ക്‌ഹോം കരാര്‍ പ്രകാരം യെമന്‍ സെന്‍ട്രല്‍ ബാങ്ക് സംയുക്ത അക്കൗണ്ടില്‍ നിക്ഷേപിക്കല്‍, യു.എന്‍ 2216-ാം നമ്ബര്‍ പ്രമേയത്തിനും ഗള്‍ഫ് സമാധാന പദ്ധതിക്കും യെമന്‍ ദേശീയ സംവാദത്തില്‍ ഉരുത്തിരിഞ്ഞ തീരുമാനങ്ങള്‍ക്കും അനുസൃതമായി സംഘര്‍ഷത്തിന് സമഗ്ര രാഷ്ട്രീയ പരിഹാരം കാണാന്‍ വ്യത്യസ്ത യെമന്‍ കക്ഷികള്‍ക്കിടയില്‍ ചര്‍ച്ചകള്‍ ആരംഭിക്കല്‍ എന്നിവയും സഊദി അറേബ്യ പ്രഖ്യാപിച്ച പദ്ധതിയില്‍ ഉള്‍പ്പെടുന്നുണ്ട്.

പ്രതിസന്ധി പരിഹരിക്കാന്‍ യമന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മിലുള്ള രാഷ്ട്രീയ പരിഹാര ചര്‍ച്ചകള്‍ ആരംഭിക്കുമെന്നും ഹൂതികള്‍ സമാധാന പദ്ധതി സമ്മതിച്ചു കഴിഞ്ഞാല്‍ വെടിനിര്‍ത്തല്‍ ആരംഭിക്കുമെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു. യു.എന്നിന്റെ ആഭ്യമുഖ്യത്തില്‍ യമന്‍ പ്രതിസന്ധിക്ക് രാഷ്ട്രീയ പരിഹാരത്തിലെത്താനുള്ള ശ്രമങ്ങളുടെ ഭാഗമാണ് പുതിയ സമാധാന പദ്ധതിയെന്ന് കരടില്‍ സഊദി അറേബ്യ വ്യക്തമാക്കി. സഊദി നീക്കം ആറു വര്‍ഷമായി യുദ്ധം തുടരുന്ന യമനില്‍ സമാധാനം കൊണ്ട് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സഊദി നീക്കത്തെ ഐക്യ രാഷ്ട്ര സഭയും അമേരിക്കയും സ്വാഗതം ചെയ്‌തു. യെമന്‍ പോരാട്ടം അവസാനിപ്പിക്കുന്നതിനുള്ള സ്വന്തം ശ്രമങ്ങളുമായി സഊദി സമാധാന നീക്കം സ്വാഗതാര്‍ഹമെന്ന് അക്യരാഷ്ട്ര സഭ വ്യക്തമാക്കി. പുതിയ നിര്‍ദേശങ്ങളോട് പൂര്‍ണ്ണമായും യോജിക്കുന്നതായും ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിന്റെ ഡെപ്യൂട്ടി വക്താവ് ഫര്‍ഹാന്‍ ഹഖ് പറഞ്ഞു. യമനില്‍ സംഘര്‍ഷം അവസാനിപ്പിക്കാനും യെമന്‍ ജനതയുടെ ദുരിതങ്ങള്‍ പരിഹരിക്കാനും എല്ലാ ശ്രമങ്ങളും നടത്തേണ്ടതുണ്ടെന്നതില്‍ സംശയമില്ല, ഈ ലക്ഷ്യം നേടുന്നതിന് എല്ലാ പാര്‍ട്ടികളുമായും തുടര്‍ന്നും പ്രവര്‍ത്തിക്കാന്‍ യുഎന്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുഎന്നിലെ സഊദി അംബാസഡര്‍ അബ്ദുല്ല അല്‍ മുഅല്ലിമിയുമായുള്ള ഒരു ഫോണ്‍ സംഭാഷണത്തിനിടെ ഗുട്ടെറസ് നേരിട്ട് ഈ നീക്കത്തെ സ്വാഗതം ചെയ്തു. സഊദി നീക്കത്തെ അറബ് രാജ്യങ്ങളും ജി സി സി സഖ്യവും സ്വാഗതം ചെയ്‌തു.

Related News