Loading ...

Home International

മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി മ്യാന്‍മര്‍ സൈന്യം

യാങ്കൂണ്‍: മ്യാന്‍മറിലെ പട്ടാള അട്ടിമറിക്കെതിരെ നടക്കുന്ന ജനകീയ പ്രക്ഷോഭം അടിച്ചമര്‍ത്താനൊരുങ്ങി മ്യാന്‍മര്‍ സൈന്യം. സൈന്യത്തിന്റെയും പൊലീസിന്റെയും നടപടികള്‍ റിപ്പോര്‍ട്ട് ചെയ്ത മാധ്യമങ്ങള്‍ക്കാണ് സൈന്യം വിലക്കേര്‍പ്പെടുത്തിയത്. പ്രാദേശിക മാധ്യമങ്ങളായ മിസിമ, ഡിവിബി, ഖിത് തിറ്റ് മീഡിയ, മ്യാന്‍മര്‍ നൗ, 7 ഡേ ന്യൂസ് എന്നിവയുടെ ലൈസന്‍സും പട്ടാളം റദ്ദാക്കി. ഈ മാധ്യമങ്ങള്‍ സൈനിക നടപടികള്‍ തത്സമയം സംപ്രേക്ഷണം ചെയ്യുകയും വിശദമായ വാര്‍ത്തകള്‍ പുറത്തുവിടുകയും ചെയ്തിരുന്നു. ഓണ്‍ലൈനിലൂടെയാണ് സൈനിക നടപടിയുടെ വാര്‍ത്തകളും ദൃശ്യങ്ങളും ഈ മാധ്യമങ്ങള്‍ കൂടുതലായി പുറത്തുവിട്ടത്. അടച്ച്‌ പൂട്ടല്‍ നിര്‍ദേശം നല്‍കുന്നതിന് മുന്‍പായി സൈന്യവും പോലീസും 'മ്യാന്‍മര്‍ നൗ'വിന്റെ ഓഫീസില്‍ റെയ്ഡ് നടത്തി. സൈനിക അട്ടിമറിക്ക് ശേഷം ഡസന്‍ കണക്കിന് മാധ്യമപ്രവര്‍ത്തകരെ സര്‍ക്കാര്‍ സൈന്യം കസ്റ്റഡിയിലെടുത്തു. മ്യാന്‍മര്‍ നൗ റിപ്പോര്‍ട്ടറെയും അസോസിയേറ്റഡ് പ്രസിലെ മാധ്യമ പ്രവര്‍ത്തകനെയും നിയമപ്രകാരം മൂന്ന് വര്‍ഷം വരെ തടവിന് ശിക്ഷിച്ചെന്ന വാര്‍ത്തയും പുറത്തുവരുന്നുണ്ട്. ഏതെങ്കിലും തരത്തിലുള്ള മാധ്യമങ്ങളോ സാങ്കേതിക വിദ്യയോ ഉപയോഗിച്ച്‌ രാജ്യത്തെ വിവരങ്ങള്‍ സംപ്രേഷണം ചെയ്യാനോ എഴുതാനോ മാധ്യമ സ്ഥാപനങ്ങള്‍ക്ക് അനുവാദമില്ലെന്ന് സൈന്യം വ്യക്തമാക്കി. വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള അനുവാദം ഉണ്ടായിരുക്കുന്നതല്ലെന്നും അധികൃതര്‍ അറിയിച്ചു. മ്യാന്‍മറിലെ സ്ഥിതിഗതികള്‍ രൂക്ഷമാകുമെന്ന് ഐക്യരാഷ്ട്ര സഭ നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഫെബ്രുവരി ഒന്നിന് നടന്ന സൈനിക നീക്കത്തിന് പിന്നാലെ മ്യാന്മറില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. തെരഞ്ഞെടുപ്പില്‍ ആങ് സാന്‍ സൂചി വിജയം ഉറപ്പിച്ചതിന് പിന്നാലെയാണ് രാജ്യത്ത് അപ്രതീക്ഷിത നീക്കങ്ങള്‍ നടന്നത്.

Related News