Loading ...

Home International

ഫുകുഷിമ ആണവ നിലയം തകർന്നിട്ട് 10 വർഷം തികയുന്നു ​; ആണവ വികിരണം ഇല്ലാതാക്കാന്‍​​ ഇനിയും 30 വര്‍ഷം വേണം

ടോകിയോ: രണ്ടാം ലോക യുദ്ധത്തിനു ശേഷം ഏറ്റവും വലിയ മുറിവായി ജപ്പാനെ ഇപ്പോഴും പിടിച്ചുലക്കുന്ന വന്‍ ഭൂചലനത്തിനും സൂനാമിക്കും മാര്‍ച്ച്‌​ 11ന്​ 10 വയസ്സ്​ തികയുന്നു. സൂനാമി പ്രവര്‍ത്തനരഹിതമാക്കിയ ജപ്പാനിലെ പ്രധാന ആണവ വൈദ്യുതി നില​യങ്ങളിലൊന്നായ ഫുകുഷിമ ഡെയ്​ചി നിലയം  പൊളിച്ചടുക്കാനും മേഖലയുടെ ആരോഗ്യ സുരക്ഷ വീണ്ടെടുക്കാനും ചുരുങ്ങിയ പക്ഷം ഇനിയും മൂന്നുപതിറ്റാണ്ടെങ്കിലും വേണ്ടിവരുമെന്നാണ്​ ​കണക്കുകൂട്ടല്‍.

2011 മാര്‍ച്ച്‌​ 11നാണ്​ റിക്​ടര്‍ സ്​കെയിലില്‍ ഒമ്ബത്​ രേഖപ്പെടുത്തിയ ഭൂകമ്ബം ജപ്പാനെയും അയല്‍ രാജ്യങ്ങളെയും പിടിച്ചുലച്ചത്​. തൊട്ടുപിറകെ 40 മീറ്റര്‍ നീളത്തില്‍ എത്തിയ സൂനാമിയില്‍ ഫുകുഷിമ നിലയത്തിലേ​ക്ക്​ ദുരിതം അലമാലയായി എത്തി. ഈ സമയം മൂന്നു നിലയങ്ങളിലും വൈദ്യുതി നിര്‍മാണം പുരോഗമിക്കുകയായിരുന്നു. സൂനാമിയില്‍ നിലയത്തിലേക്കുള്ള വൈദ്യുതി ലൈനുകള്‍ മുറിഞ്ഞുപോയതാണ്​ ആദ്യ ആഘാതമായത്​. ഇതോടെ, എമര്‍ജന്‍സി ജനറേറ്ററുകള്‍ തത്​കാലം പ്രവര്‍ത്തന മേല്‍നോട്ടം ഏറ്റെടുത്തെങ്കിലും 50 മിനിറ്റിനകം അതും സൂനാമിയെ എടുത്തു. തണുപ്പിക്കല്‍ പ്രവൃത്തി മുടങ്ങിയത്​ റിയാക്​ടറുകള്‍ അമിതമായി ചൂടാകാനും ഉരുകിപ്പോകാനുമിടയാക്കി. ​അതോടെ റേഡിയോ ആക്​ടീവായ നീരാവിയും ഹൈഡ്രജനും നിലയത്തിനു പുറത്തേക്ക്​ പ്രവഹിച്ചു. ഇവ കെട്ടിടങ്ങളുടെ മുകളറ്റത്ത്​ തങ്ങിക്കിടക്കുകയും ഒടുവില്‍ പൊട്ടിത്തെറിയില്‍ കലാശിക്കുകയുമായിരുന്നു. മേല്‍​ക്കൂരകളും ചുമരുകളും തകര്‍ന്നും തെറിച്ചുപോയ നിലയത്തില്‍നിന്ന്​ ആണവ വികിരണം സ്വാഭാവികമായും സമീപ പ്രദേശങ്ങളിലേക്ക്​ ​പ്രവഹിച്ചു.

അന്ന്​ ​പ്രവര്‍ത്തനം നിലച്ച നിലയത്തില്‍നിന്ന്​ ആണവ വികിരണം ഒഴിവാക്കാനും പതിയെ മറ്റു ജോലികള്‍ പൂര്‍ത്തിയാക്കാനുമാണ്​ ശ്രമം തുടരുന്നത്​. കേടുവരാത്ത ഇന്ധനം വീണ്ടെടുക്കുക, ഉരുകിയ ഇന്ധനാവശിഷ്​ടം നീക്കം ചെയ്യുക, നിലയം പൊളിച്ചുമാറ്റുക, ആണവ വികിരണ സാധ്യതയുള്ള കൂളിങ്​ ജലം എടുത്തുമാറ്റുക തുടങ്ങി സുപ്രധാന ജോലികളേറെയും അതേ പടി കിടക്കുകയാണ്​.

ഏറ്റവും ചുരുങ്ങിയത്​ 7600 കോടി ഡോളര്‍ (5,56,643 കോടി രൂപ) ഇതിന്​ ചെലവു വരുമെന്ന്​ ഉടമകളായ ടോകിയോ ഇലക്​ട്രിക്​ പവര്‍ കമ്ബനി പറയുന്നു. ഫുകുഷിമ നിലയമുണ്ടാക്കാന്‍ വേണ്ടിവന്നത്​ ഇതിന്‍റെ ചെറിയൊരംശമായ 220 കോടി ഡോളര്‍ മാത്രമായിരുന്നുവെന്നത്​ വേറെകാര്യം. പൊളിച്ചുമാറ്റാന്‍ കണക്കാക്കിയതിനെക്കാള്‍ ഏറെ കൂടുതലായിരിക്കും തുകയെന്നാണ്​ ജപ്പാന്‍ സെന്‍റര്‍ ഫോര്‍ എകണോമിക്​ റിസര്‍ച്ച്‌​ പോലുള്ള  സ്​ഥാപനങ്ങളുടെ കണക്കുകൂട്ടല്‍.

നിര്‍മാണം നാലു നിലയങ്ങളിലും സമമായിരുന്നുവെങ്കിലും പൊട്ടിത്തെറിയും ഉരുകിയൊലിക്കലും ഓരോ നിലയത്തിലും വ്യത്യസ്​തമായാണ്​ സംഭവിച്ചത്​. അതിനാല്‍, പൊളിക്കല്‍ ജോലി പൂര്‍ത്തിയാക്കാന്‍ ഓരോ കെട്ടിടത്തിനും സമാന്തരമായി പ്രത്യേക നിര്‍മിതികള്‍ ഉയര്‍ത്തിയിട്ടുണ്ട്​. ഇന്ധനം നീക്കം ചെയ്യല്‍ മാത്രം 2031 വരെ തുടരേണ്ടിവരുമെന്നാണ്​ സൂചന.

10 വര്‍ഷമെടുത്ത്​ നിര്‍മിച്ച നിലയമാണ്​ ഒടുവില്‍ പൊളിച്ചുമാറ്റാന്‍ 40 വര്‍ഷമോ അതിലേറെയോ വേണ്ടിവരുന്നത്​.

ഒന്നാം നിലയത്തില്‍ ഇന്ധനം നീക്കംചെയ്യല്‍ 2027ലും രണ്ടാമത്തേതില്‍ 2024ലും ആരംഭിച്ചേക്കും. നാലാം നിലയത്തില്‍ ഇന്ധന അവശിഷ്​ടങ്ങള്‍ ഇനി ബാക്കിയില്ല. മൂന്നിലേത്​ ​ഈ മാസത്തോടെ പൂര്‍ത്തിയാക്കാനാകുമെന്നാണ്​ പ്രതീക്ഷ. പലയിടത്തും ചുറ്റുമുള്ള ഇന്ധനാവശിഷ്​ടം നീക്കം ചെയ്​തിട്ടുണ്ടെങ്കിലും താഴ്​ഭാഗത്ത്​ അടിഞ്ഞുകിടക്കുന്നുവെങ്കില്‍ അവ നീക്കം ചെയ്യല്‍ ശ്രമകരമാകും.

ആണവ വികിരണം ഇപ്പോഴും സംഭവിച്ചു​െകാണ്ടിരിക്കുന്ന ഘനജലം ഒഴിവാക്കലാണ്​ അതിലേറെ വലിയ ജോലി. വെള്ളം ശുദ്ധീകരണം നടത്തി ഒരു വിധം രക്ഷപ്പെടുത്താമെങ്കിലും ഹൈഡ്രജന്‍ ഐസോടോപായ ട്രിറ്റിയം പിടിച്ചെടുക്കുക പ്രയാസകരം. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ മാ​ത്രം ട്രിറ്റിയം സാന്നിധ്യമുള്ള 12.4 ലക്ഷം ടണ്‍ വെള്ളമാണ്​ അടിഞ്ഞുകൂടിയത്​. ഫുകുഷിമ നിലയത്തിലെ 1,000 ടാങ്കുകളില്‍ ഇവയാണ്​ നിറഞ്ഞുകിടക്കുന്നത്​. ഇനിയുമേറെ സ്​ഥലം വെള്ളം സംഭരിക്കാന്‍ ബാക്കിയില്ലെന്നര്‍ഥം. ട്രിറ്റിയം പക്ഷേ, ആരോഗ്യപരമായി അത്രയും അപകടകര മൊന്നുമല്ല. റുഥീനിയം, സ്​ട്രോണ്‍ടിയം, കൊബാള്‍ട്ട്​, പ്ലൂ​ട്ടോണിയം സാന്നിധ്യവും ശു​ദ്ധീകരിച്ച ജലത്തില്‍ കണ്ടെത്തിയിട്ടുണ്ട്​. ഇവയും അപകടകരമാണ്​.

അതിനിടെ, ഫുകുഷിമയില്‍ റിപ്പോര്‍ട്ട്​ ചെയ്യപ്പെട്ട വ്യാപക ആരോഗ്യ പ്രശ്​നങ്ങളും ഇപ്പോഴും ജപ്പാനെ അലട്ടുകയാണ്​. മുതിര്‍ന്നവരിലെ മരണസംഖ്യ അടുത്തിടെയായി വല്ലാതെ കൂടിയതാണ്​ ഒരു പ്രശ്​നം.


Related News