Loading ...

Home International

മ്യാന്‍മര്‍ സൈനിക ഉദ്യോഗസ്ഥര്‍ക്ക് വിലക്കേര്‍പ്പെടുത്തി ബ്രിട്ടന്‍

ലണ്ടന്‍: മ്യാന്‍മറിനെതിരെ സൈനിക മേധാവികള്‍ക്കെതിരെ നടപടി വീണ്ടും കടുപ്പിച്ച്‌ ബ്രിട്ടീഷ് ഭരണകൂടം. കഴിഞ്ഞയാഴ്ച കമാന്റര്‍ ഇന്‍ ചീഫ് മിന്‍ ആംഗ് ഹലായിംഗിനും ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കുമെതിരെ നടപടി സ്വീകരിച്ചതിന് പിന്നാലെയാണ് രണ്ടാം ഘട്ട നടപടി പ്രഖ്യാപിച്ചിരിക്കുന്നത്. കൂടുതല്‍ സൈനിക ഉദ്യോഗസ്ഥരെ നിരോധിതരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി ബ്രിട്ടന്‍ ഇന്ന് തീരുമാനമെടുത്തുകഴിഞ്ഞു. ജനാധിപത്യ ഭരണകൂടത്തെ അട്ടിമറിച്ച മ്യാന്‍മര്‍ സൈന്യത്തിനെതിരായ രണ്ടാമത്തെ നിരോധനമാണ് അന്താരാഷ്ട്ര തലത്തിലെ നടപടിക്കൊപ്പം ബ്രിട്ടന്‍ എടുത്തിരിക്കുന്നത്. വിദേശകാര്യ സെക്രട്ടറി ഡോമിനിക് റാബാണ് തീരുമാനം അറിയിച്ചത്. ആദ്യ ഘട്ടം നിരോധനം ഏര്‍പ്പെടുത്തിയ 19 പേര്‍ക്ക് പുറമേ ആറു പേരുടെ വിവരം കൂടി ബ്രിട്ടണ്‍ പുറത്തുവിട്ടു. മ്യാന്‍മറിന്റെ സ്റ്റേറ്റ് അഡ്മിനിസ്‌ട്രേഷന്‍ കൗണ്‍സിലിനെതിരെയാണ് ബ്രിട്ടന്റെ നീക്കം.മ്യാന്‍മറില്‍ സൈനിക നീക്കം നടന്നയുടനെ തന്നെ പ്രധാനപ്പെട്ട ജനറല്‍ മാര്‍ക്കും കമാന്റര്‍ ഇന്‍ ചീഫ് മിന്‍ ആംഗ് ഹലായിംഗ് എന്നിവര്‍ക്കെതിരെ നിരോധന നടപടി പ്രഖ്യാപിച്ചു. ഇവര്‍ക്കോ ഇവരുമായി ബന്ധമുള്ളവര്‍ക്കോ ബ്രിട്ടനിലേക്ക് യാത്രചെയ്യാനോ ബ്രി്ട്ടന്‍ കേന്ദ്രീകരിച്ച്‌ സാമ്ബത്തിക ഇടപാട് നടത്താനോ ഇനി അനുവാദമില്ല. ബ്രിട്ടന്റെ മുന്‍ കോളനി പ്രദേശമെന്ന നിലയില്‍ നൂറുവര്‍ഷത്തിനടുത്ത ബന്ധമാണ് പഴയ ബര്‍മ്മയുമായിട്ടുള്ളത്. ഫെബ്രുവരി 1 നാണ് മ്യാന്‍മറില്‍ സൈനിക അട്ടിമറി നടന്നത്. നവംബറില്‍ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായെങ്കിലും ആംഗ് സാന്‍ സൂ കീയേയും മറ്റ് നേതാക്കളേയും തുടര്‍ഭരണത്തിന് അധികാരത്തിലേറാന്‍ സൈന്യം സമ്മതിച്ചില്ല. സൈനിക അട്ടിമറിക്കെതിരെ പ്രക്ഷോഭം തുടരുന്ന മ്യാന്‍മറില്‍ ഇതുവരെ അഞ്ചുപേര്‍ സുരക്ഷാ സേനയുടെ പ്രതിരോധത്തില്‍ കൊല്ലപ്പെട്ടു കഴിഞ്ഞു.

Related News