Loading ...

Home International

ചുഴലിക്കാറ്റ്;അരലക്ഷം ജനങ്ങളെ ഒഴിപ്പിച്ച്‌ ഫിലിപ്പീന്‍സ്

മനില: ഫിലിപ്പീന്‍സിലേക്ക് ശക്തിയേറിയ ചുഴലിക്കാറ്റ് അടുക്കുന്നു. ഡുജുവാനെന്ന പേരിട്ടിരിക്കുന്ന ചുഴലിക്കാറ്റും പേമാരിയും ആഞ്ഞടിക്കുമെന്നാണ് സൂചന. ചുഴലിക്കാറ്റിന്റെയും പേമാരിയുടെയും പശ്ചാത്തലത്തില്‍ തീരപ്രദേശ ത്തുനിന്നും 51000 പേരെയാണ് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റിയിരിക്കുന്നത്. ഫിലിപ്പീന്‍സിന്റെ തെക്കന്‍ മേഖലയിലും മദ്ധ്യമേഖലയിലുമാണ് അപകട സാദ്ധ്യത കണക്കുകൂട്ടുന്നത്. സുരിഗാവോ ഡെല്‍ സുര്‍, സുരിഗാവോ ഡെല്‍ നോര്‍ത്തേ, അഗുസാന്‍ ഡെല്‍ നോര്‍ത്തേ, ദിനഗാത് ദ്വീപ് എന്നീ പ്രവിശ്യകളിലാണ് ചുഴലിക്കാറ്റ് രൂക്ഷമാവുക. ഈ വര്‍ഷം രാജ്യത്തേക്ക് കടക്കുന്ന ആദ്യ ചുഴലിക്കാറ്റാണ് ഡുജുവാനെന്ന് ഫിലിപ്പീന്‍സ് കാലാവസ്ഥാ വകുപ്പറിയിച്ചു. നാളെ രാവിലെയോടെ തീരം തൊടുമെന്നാണ് മുന്നറിയിപ്പ്. നിലവില്‍ സുരിഗാവോ നഗരത്തിന് തെക്ക്മാറി 275 കിലോമീറ്ററകലെയാണ് ചുഴലിക്കാറ്റെത്തിയിരിക്കുന്നത്. നിലവില്‍ 25 കിലോമീറ്റര്‍ മാത്രം വേഗതയുള്ള കാറ്റ് തീരത്തോടടുക്കുന്തോറും മണിക്കൂറില്‍ 80 കിലോ മീറ്ററിന് മുകളിലേക്ക് എത്തുമെന്നാണ് സൂചന. കനത്ത മഴ മലയോര മേഖലകളില്‍ പ്രളയത്തിനും മണ്ണിടിച്ചിലിനും കാരണമായേക്കാമെന്നും മുന്നറിയിപ്പില്‍ പറയുന്നു. നിരന്തരം ചുഴലിക്കാറ്റുകള്‍ എത്തുന്ന രാജ്യങ്ങളിലൊന്നാണ് ഫിലിപ്പീന്‍സ്. കഴിഞ്ഞ വര്‍ഷം ജൂണ്‍ മുതല്‍ ഡിസംബര്‍ വരെയുള്ള മാസങ്ങളില്‍ നൂറുകണക്കിന് ജീവനുകള്‍ കവര്‍ന്ന ചുഴലിക്കാറ്റും പ്രളയവുമാണ് രാജ്യത്തെ ബാധിച്ചത്. ഒപ്പം അഗ്നിപര്‍വ്വതങ്ങളുടെ ഭീഷണിയുമുള്ള ഭൂപ്രദേശമാണ് ഫിലിപ്പീന്‍സ്.

Related News