Loading ...

Home International

കോവിഡ് വാക്സിന്‍ എടുക്കാം; രണ്ട് മാസത്തേക്ക് മദ്യപിക്കരുതെന്ന് മുന്നറിയിപ്പ്

മോസ്കോ: കോവിഡ് വാക്സിന്‍ സ്വീകരിക്കുന്നവര്‍ രണ്ട് മാസത്തേക്ക് പൂര്‍ണ്ണമായും മദ്യപാനം ഉപേക്ഷിക്കണമെന്ന് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്. സ്പുട്നിക് 5 വാക്സിന്‍ എടുത്ത ശേഷം രണ്ട് മാസത്തേക്ക് മദ്യപിക്കരുതെന്ന് റഷ്യന്‍ ഉദ്യോഗസ്ഥര്‍ പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയതായി റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ ടാസ് റിപ്പോര്‍ട്ട് ചെയ്തു.
റഷ്യന്‍ ഉപപ്രധാനമന്ത്രി ടാറ്റിയാന ഗോലിക്കോവയാണ് മുന്നറിയിപ്പ് നല്‍കിയത്. ശരീരത്തില്‍ വാക്സിന്‍ പ്രവര്‍ത്തിക്കുന്നതുവരെ ജനങ്ങള്‍ സുരക്ഷിതമായി തുടരാനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും മുന്‍കരുതലുകളും അദ്ദേഹം പുറപ്പെടുവിച്ചു. ഇത് 42 ദിവസം തുടരണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. വാക്സിനെടുത്തു കഴിഞ്ഞാല്‍ പഴയ പോലെ തന്നെ തിരക്കേറിയ ഇടങ്ങള്‍ ഒഴിവാക്കണം, മാസ്കും സാനിറ്റൈസറും ഉപയോഗിക്കണം. മദ്യവും രോഗപ്രതിരോധ മരുന്നുകളും ഒഴിവാക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. എന്നാല്‍ സര്‍ക്കാരിന്‍റെ പുതിയ നിര്‍ദ്ദേശം റഷ്യന്‍ പൌരന്‍മാരെ യഥാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ഏറ്റവും കൂടുതല്‍ മദ്യം ഉപയോഗിക്കുന്ന ലോകത്തെ നാലാമത്തെ രാജ്യമാണ് റഷ്യ. റഷ്യയുടെ കോവിഡ് പ്രതിരോധ വാക്സിനായ സ്പുട്നിക് 5 ആഗസ്തിലാണ് രജിസ്റ്റര്‍ ചെയ്തത്. ജൂണ്‍ 18നാണ് വാക്സിന്‍ പരീക്ഷണം തുടങ്ങിയത്. 38 പേര്‍ക്ക് ആദ്യം വാക്സിന്‍ നല്‍കി. ജൂലൈ 15ന് ആദ്യ സംഘത്തെയും ജൂലൈ 20ന് രണ്ടാം സംഘത്തെയും ഡിസ്ചാര്‍ജ് ചെയ്തു. എല്ലാവരിലും കൊറോണ വൈറസിനെതിരെ പ്രതിരോധ ശേഷിയുണ്ടായെന്നാണ് റഷ്യന്‍ പ്രതിരോധമന്ത്രാലയം അവകാശപ്പെടുന്നത്. തന്‍റെ മകള്‍ക്ക് വാക്സിന്‍ നല്‍കിയതായി പ്രസിഡന്‍റ് വ്‌ളാഡ്മിര്‍ പുടിന്‍ വ്യക്തമാക്കിയിരുന്നു.

Related News