Loading ...

Home International

ചൈന ടിബറ്റിലേക്കുള്ള പ്രവേശനം നിയന്ത്രിക്കുന്നു, നിയമങ്ങള്‍ നിര്‍മ്മിക്കാന്‍ രാജ്യങ്ങളോട് ആവശ്യപ്പെട്ട് അമേരിക്ക

വാഷിംഗ്ടണ്‍: ചൈന ടിബറ്റിലേക്കുള്ള പ്രവേശനം നിയന്ത്രിക്കുന്നതിനെതിരെ യുഎസ് രംഗത്ത്. ഹിമാലയന്‍ പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനായി അമേരിക്കന്‍ നിയമത്തിന്റെ മാതൃകയില്‍ സ്വന്തം പതിപ്പുകള്‍ മറ്റ് രാജ്യങ്ങള്‍ പാസാക്കണമെന്ന് ഉന്നത അമേരിക്കന്‍ നയതന്ത്രജ്ഞന്‍ ആവശ്യപ്പെട്ടു. ടിബറ്റന്‍ പ്രശ്‌നങ്ങളുടെ സ്‌പെഷ്യല്‍ കോര്‍ഡിനേറ്ററായ റോബര്‍ട്ട് എ ഡിസ്‌ട്രോ ആണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ടിബറ്റന്‍ പ്രദേശങ്ങളില്‍ വിദേശികള്‍ക്കും നയതന്ത്രജ്ഞര്‍ക്കും മാദ്ധ്യമപ്രവര്‍ത്തകര്‍ക്കും ഉള്‍പ്പടെ യാതൊരു തടസവുമില്ലാതെ പ്രവേശനം നല്‍കുന്നതിന് അമേരിക്ക ചൈനയോട് ആഹ്വാനം ചെയ്യുന്നത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. മറ്റ് രാജ്യങ്ങള്‍ ചൈനീസ് നയതന്ത്രജ്ഞര്‍ക്കും, പത്രപ്രവര്‍ത്തകര്‍ക്കും, പൗരന്മാര്‍ക്കും അതത് രാജ്യങ്ങളിലേക്ക് പ്രവേശനം നല്‍കുന്നു. എന്നാല്‍ ചൈന എന്താണ് ചെയ്യുന്നത്? ഈ സമീപനം മാറ്റാന്‍ ചൈനയ്ക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും അദ്ദേഹം പറഞ്ഞു. ടിബറ്റിലേക്ക് വിദേശികളുടെ പ്രവേശനം നിഷേധിച്ച മുതിര്‍ന്ന ചൈനീസുദ്യോഗസ്ഥര്‍ക്കുമേല്‍ യുഎസ് നേരത്തെ യാത്രാവിലക്ക് പ്രഖ്യാപിച്ചിരുന്നു. 2018 ഡിസംബറില്‍ ഇതുസംബന്ധിച്ച ഉത്തരവില്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവച്ചിരുന്നു. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാക്കളുള്‍പ്പടെയുള്ളവര്‍ക്കെതിരേയായിരുന്നു നടപടി. ഇതുപോലെ മറ്റ് രാജ്യങ്ങളോടും നിയമം ഉണ്ടാക്കാനാണ് അമേരിക്ക ആവശ്യപ്പെടുന്നത്.

Related News