Loading ...

Home International

മുംബൈ ഭീകരാക്രമണം നടത്തിയ 11 ഭീകരര്‍ രാജ്യത്തുണ്ടെന്ന് അംഗീകരിച്ച്‌ പാകിസ്താന്‍

ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണത്തിന് ഉത്തരവാദികളായ ഭീകരര്‍ സ്വന്തം മണ്ണില്‍ത്തന്നെയുണ്ടെന്ന് സമ്മതിച്ച്‌ പാകിസ്താന്‍. ആക്രമണം നടത്തിയവരില്‍ 11 പേര്‍ ഇപ്പോള്‍ പാകിസ്താനിലുണ്ടെന്ന് ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി(എഫ്‌ഐഎ) തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. 2008 നവംബര്‍ 26നാണ് രാജ്യത്തെ നടുക്കിയ ഭീകരാക്രമണം ഉണ്ടായത്. ആക്രമണത്തിനായി ഭീകരര്‍ ഉപയോഗിച്ച അല്‍ ഫൗസ് എന്ന ബോട്ട് വാങ്ങിയ മുഹമ്മദ് അംജാദ് ഖാന്‍, ബഹവല്‍പൂര്‍ സ്വദേശിയായ ഷാഹിദ് ഗഫൂര്‍ എന്നിവരാണ് ഭീകരരുടെ പട്ടികയില്‍ പ്രധാനികളായി എഫ്‌ഐഎ ചൂണ്ടിക്കാട്ടുന്നത്. ഇവര്‍ക്കു പുറമെ മുഹമ്മദ് ഉസ്മാന്‍, അതീഖ് ഉര്‍ റഹ്മാന്‍, റിയാസ് അഹമ്മദ്, മുഹമ്മദ് മുഷ്താഖ്, മുഹമ്മദ് നയീം, അബ്ദുള്‍ ഷക്കൂര്‍, മുഹമ്മദ് സാബിര്‍, മുഹമ്മദ് ഉസ്മാന്‍, ഷക്കീല്‍ അഹമ്മദ് എന്നിവരാണ് പാകിസ്താനില്‍ ഉള്ളതെന്ന് എഫ്‌ഐഎ വ്യക്തമാക്കി. എഫ്‌ഐഎ തയ്യാറാക്കിയ പാകിസ്താനിലെ ഭീകരരുടെ പട്ടികയിലാണ് മുംബൈ ഭീകരാക്രമണം നടത്തിയവരെക്കുറിച്ചുള്ള വിവരങ്ങള്‍ ഉള്ളത്. 880 പേജുകളുള്ള പട്ടികയില്‍ 1,210 ഭീകരരുടെ വിവരങ്ങളാണ് ഉള്ളത്. അതേസമയം, പട്ടികയില്‍ കൊടും ഭീകരനായ ഹാഫിസ് സയീദ്, മസൂദ് അസര്‍, ദാവൂദ് ഇബ്രാഹിം എന്നിവരെക്കുറിച്ച്‌ പരാമര്‍ശിച്ചിട്ടില്ല. ഇക്കഴിഞ്ഞ ഓഗസ്റ്റ് 18ന് ദാവൂദ് ഉള്‍പ്പെടെയുള്ള ഭീകരരുടെ പട്ടിക മേല്‍വിലാസം സഹിതം പാകിസ്താന്‍ പ്രസിദ്ധീകരിച്ചിരുന്നു. ദാവൂദ് കറാച്ചിയിലുണ്ടെന്നാണ് പട്ടികയില്‍ പറഞ്ഞിരുന്നത്. കറാച്ചിയിലെ മേല്‍വിലാസത്തിനൊപ്പം പാസ്പോര്‍ട്ടിന്റെ വിവരങ്ങളും ഉണ്ടായിരുന്നു. ഹൗസ് നമ്ബര്‍ 37, സ്ട്രീറ്റ് നമ്ബര്‍ 30, ഹൗസിംഗ് അതോറിറ്റി, കറാച്ചി എന്നിങ്ങനെയാണ് ദാവൂദിന്റെ മേല്‍വിലാസം രേഖപ്പെടുത്തിയിരുന്നത്.

Related News