Loading ...

Home International

ഇന്ത്യ, യു.എസ്, ജപ്പാന്‍ ഒപ്പം ആസ്ട്രേലിയയും, കരുത്ത് തെളിയിക്കാന്‍ മലബാര്‍ എക്സര്‍സൈസ്

ന്യൂഡല്‍ഹി : ഇന്ത്യയും അമേരിക്കയും ജപ്പാനും അടുത്ത മാസം സംയുക്തമായി ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നടത്തുന്ന നാവിക സേനാ അഭ്യാസമായ ' മലബാര്‍ എക്സര്‍സൈസില്‍ ' ആസ്ട്രേലിയയും പങ്കെടുക്കും. യു.എസ്, ഇന്ത്യ, ജപ്പാന്‍ എന്നിവര്‍ക്കൊപ്പം ക്വാഡ്രിലാറ്ററല്‍ സെക്യൂരിറ്റി ഡയലോഗ്  ( ക്വാഡ് ) അംഗമായ ആസ്ട്രേലിയയെ നാവികാഭ്യസത്തില്‍ ക്ഷണിച്ചുകൊണ്ടുള്ള ചര്‍ച്ചകള്‍ നടന്നുവരികയായിരുന്നു. മലബാര്‍ എക്സര്‍സൈസില്‍ ആസ്ട്രേലിയയുടെ പങ്കാളിത്തം അന്തിമമായെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ നല്‍കുന്ന വിവരം.

നവംബര്‍ അവസാനമാണ് മലബാര്‍ എക്സര്‍സൈസ് നടക്കുക. നാവികാഭ്യാസത്തില്‍ ആ സ്ട്രേലിയ വളരെ നേരത്തെ പങ്കെടുത്തിരുന്നുവെങ്കിലും സമീപ വര്‍ഷങ്ങളില്‍ ഇതാദ്യമായാണ് ഇതിനായി മുന്നോട്ട് വരുന്നത്. നാല് രാജ്യങ്ങളുടെയും നാവിക സേനാംഗങ്ങള്‍ ഇതിനായുള്ള പ്രവര്‍ത്തനങ്ങളിലാണ്. നാല് രാജ്യങ്ങളുടെയും നാവിക ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ച്‌കൊണ്ടുള്ള ഉന്നതതല യോഗത്തിന് ശേഷമാകും നാവികാഭ്യാസത്തിന്റെ അന്തിമമായ തീരുമാനങ്ങള്‍ കൈക്കൊള്ളുക. സ്വതന്ത്രമായ സമുദ്ര ഗതാഗതത്തെ പറ്റി നാല് രാജ്യങ്ങളും ചര്‍ച്ച ചെയ്തിരുന്നു.

തെക്ക്, കിഴക്കന്‍ ചൈനാക്കടലില്‍ നടക്കുന്ന ചൈനീസ് കടന്നുകയറ്റം ചര്‍ച്ചയിലെ പ്രധാന വിഷയമാകും. മാത്രമല്ല, ചൈനയ്ക്കുള്ള ഒരു മുന്നറിയിപ്പുകൂടിയാണ് നാവികാഭ്യാസത്തിലൂടെ നാല് രാജ്യങ്ങളും ലക്ഷ്യമിടുന്നത്. ഈ മാസം ആദ്യം ടോക്കിയോയില്‍ ക്വാഡ് അംഗ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാര്‍ നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് ഇത്തവണ മലബാര്‍ എക്സര്‍സൈസില്‍ പങ്കെടുക്കാന്‍ ആസ്ട്രേലിയ തീരുമാനിച്ചത്. മലബാര്‍ എക്സര്‍സൈസില്‍ അമേരിക്കയ്ക്കും ജപ്പാനും പുറമെ ആസ്ട്രേലിയ കൂടി പങ്കെടുക്കുന്നതോടെ ഒരു സംഘര്‍ഷമുണ്ടായാല്‍ പാശ്ചാത്യ രാജ്യങ്ങള്‍ ഇന്ത്യക്ക് പിന്നില്‍ അണിനിരക്കും എന്ന വ്യക്തമായ സന്ദേശമാണ് ചെെനയ്ക്ക് ലഭിക്കുന്നത്.

Related News