Loading ...

Home International

ലോകത്തെ നടുക്കി കടല്‍ ദുരന്തം;റഷ്യയിൽ ശരീരം വെന്ത നിലയില്‍ സമുദ്ര ജീവികള്‍

മോസ്‌കോ: റഷ്യയുടെ കിഴക്കന്‍ മേഖലയില്‍ കടല്‍ ജീവികള്‍ ചത്തടിയുന്നു. നക്ഷത്ര മത്സ്യങ്ങളും സീലുകളും നീരാളികളുമെല്ലാം അവയില്‍ പെടുന്നു. പ്രദേശത്ത് സര്‍ഫിംഗ് സ്‌കൂള്‍ നടത്തുന്ന ആന്റണ്‍ മോറോസോവും സംഘവുമാണ് സമുദ്രത്തിന് പെട്ടെന്നുണ്ടായ ഭാവ വ്യത്യാസം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. തീരത്ത് അടിഞ്ഞ കടല്‍ ജീവികളുടെ ശരീരം തിളച്ച വെള്ളത്തില്‍ വെന്തതുപോലെയായിരുന്നുവെന്ന് ആന്റണും സംഘവും സാക്ഷ്യപ്പെടുത്തുന്നു.

പെട്രോപാവ്ലോവ്‌സ്‌ക്-കാംചാറ്റ്‌സ്‌കിയിലെ ബീച്ചായ ഖലക്റ്റിര്‍സ്‌കിയിലാണ് സംഭവം. സെപ്തംബര്‍ തുടക്കം മുതലാണ് സമുദ്രത്തിന്റെ ഭാവത്തില്‍ വ്യത്യാസം കണ്ടു തുടങ്ങിയതെന്ന് ആന്റണ്‍ മോറോസോവ് പറയുന്നു. വെള്ളത്തില്‍ ഇറങ്ങിയപ്പോള്‍ തലകറക്കവും പനിയും ഓക്കാനവും അനുഭവപ്പെട്ടതായാണ് ആന്റണ്‍ സാക്ഷ്യപ്പെടുത്തുന്നത്. കൂടാതെ ശരീരത്തില്‍ അസഹ്യമായ ചൊറിച്ചിലും കണ്ണുകള്‍ക്ക് വേദന അനുഭവപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. കടല്‍ ജലത്തിന്റെ രുചിയില്‍ കാര്യമായ മാറ്റം സംഭവിക്കുകയും വെള്ളത്തിന് നിറ വ്യത്യാസം സംഭവിക്കുകയും ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു. ഇതിനു പിന്നാലെയാണ് ഖലക്റ്റിര്‍സ്‌കിയില്‍ കടല്‍ ജീവികള്‍ ചത്തടിയാന്‍ ആരംഭിച്ചത്. ശരീരം വെന്തതിനോട് സമാനമായിരുന്നു കടല്‍ ജീവികളുടെ അവശിഷ്ടങ്ങള്‍.

സമുദ്രത്തിലുണ്ടായ പെട്ടുന്നുള്ള മാറ്റത്തിന് മൂന്ന് കാര്യങ്ങളാണ് അധികൃതര്‍ പരിശോധിക്കുന്നത്. സമുദ്ര ജലത്തില്‍ വിഷാംശം കലരുക, കടല്‍ തട്ടിലുള്ള അഗ്‌നിപര്‍വ്വതത്തിന്റെ പ്രവര്‍ത്തനം, വിഷാംശമുള്ള കടല്‍ ജല സസ്യങ്ങളുടെ പൂക്കള്‍. ഈ മൂന്ന് സാദ്ധ്യതകളാണ് പരിശോധിക്കുന്നതെന്ന് കാംചട്ക പ്രവിശ്യയിലെ ഗവര്‍ണര്‍ വ്ലാഡിമിര്‍ സോളോഡോവ് പറഞ്ഞു. സ്ഥിതി സാധാരണ ഗതിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഇപ്പോള്‍ സംഭവിച്ചിരിക്കുന്ന ദുരന്തം മനുഷ്യരുടെ ഇടപെടല്‍ മൂലമല്ലെന്ന് റഷ്യന്‍ പ്രകൃതി വിഭവ മന്ത്രി അലക്‌സി കുര്‍മകോവ് പറഞ്ഞു. സമുദ്ര ജലത്തില്‍ ഇരുമ്പിന്റെ യും ഫോസ്‌ഫേറ്റുകളുടേയും അംശം കൂടുതലാണെന്ന് മനസിലാക്കാന്‍ സാധിച്ചിട്ടുണ്ടെന്ന് പരിസ്ഥിതി മന്ത്രി ദിമിത്രി കോബില്‍കിന്‍ പറഞ്ഞു. അതേസമയം, വെള്ളത്തില്‍ എണ്ണയുടെ അംശമില്ലെന്ന് പരിസ്ഥിതി സംഘടനയായ സഖാലിന്‍ എന്‍വയോണ്‍മെന്റല്‍ വാച്ചിന്റെ മേധാവി ദിമിത്രി ലിസിറ്റ്‌സിന്‍ പറഞ്ഞു. സമുദ്ര ജീവികളെ ചത്ത നിലയില്‍ കണ്ട സംഭവത്തിന് എണ്ണ ചോര്‍ച്ചയുമായി ബന്ധമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പിന്നില്‍ റോക്കറ്റ് ഇന്ധനമോ ?

ഖലക്റ്റിര്‍സ്‌കി ബീച്ചിന് പത്ത് കിലോമീറ്റര്‍ അകലെയുള്ള റഷ്യന്‍ സൈനിക താവളത്തിലെ ഉപേക്ഷിക്കപ്പെട്ട റോക്കറ്റിന്റെ ഇന്ധനം ചോര്‍ന്നതാകാം കടല്‍ ജീവികള്‍ കൂട്ടത്തോടെ ചാകാന്‍ ഇടയാക്കിയതെന്നും ഗവേഷകര്‍ പറയുന്നു. അവിടുത്തെ മാലിന്യ സംസ്‌കരണ സംവിധാനത്തില്‍ ചോര്‍ച്ച സംഭവിച്ചിരിക്കാമെന്നും അവര്‍ ആരോപിച്ചു. സംഭരണ ടാങ്കുകള്‍ ചോര്‍ന്ന് വലിയ അളവില്‍ ഇന്ധനം സമുദ്രത്തിലേക്ക് ഒഴുകിയിരിക്കാം. സെപ്തംബര്‍ 9ന് വീശിയടിച്ച കൊടുങ്കാറ്റില്‍ ഇന്ധനം കൂടുതല്‍ വ്യാപിക്കാന്‍ സാദ്ധ്യതയുണ്ടെന്നും ഗവേഷകര്‍ പറയുന്നു

Related News