Loading ...

Home International

ചൈനയിലെ ബയോഫാര്‍മ പ്ലാന്റില്‍ ചോര്‍ച്ച; ആയിരത്തിലധികം പേര്‍ക്ക് രോഗബാധ

കോവിഡിന്റെ ദുരിതത്തില്‍ നിന്ന്​ കരകയറും മുൻമ്പ്  ​ ചൈനയില്‍നിന്ന്​ വീണ്ടുമൊരു പകര്‍ച്ചവ്യാധി വാര്‍ത്ത. ഇത്തവണ വൈറസിന്​ പകരം  ബാക്​ടീരിയയാണ്​ രോഗം പരത്തുന്നത്​. ചൈനയിലെ ഗാന്‍സു പ്രവിശ്യയുടെ തലസ്ഥാനമായ ലാന്‍‌ഷൗവില്‍ 3,245 പേര്‍ക്ക്​ രോഗം  സ്​ഥിരീകരിച്ചിട്ടുണ്ട്​.

കന്നുകാലികളുമായി ഇടപഴകുന്നവര്‍ക്കാണ്​ രോഗം കണ്ടെത്തിയത്​. ബ്രുസെല്ല ബാക്ടീരിയയാണ്​ രോഗം പരത്തുന്നതെന്നാണ്​ പ്രാഥമികമായ കണ്ടെത്തല്‍. വടക്കുപടിഞ്ഞാറന്‍ ചൈനയിലെ ആയിരക്കണക്കിന് ആളുകളില്‍ ബ്രുസെല്ലോസിസ് എന്ന ബാക്ടീരിയ രോഗം കണ്ടെത്തിയതായി ചൈനീസ് അധികൃതരും ചൊവ്വാഴ്ച സ്ഥിരീകരിച്ചിട്ടുണ്ട്​. പ്രദേശത്തെ മരുന്ന്​ നിര്‍മാണശാലയില്‍ നിന്നുണ്ടായ ചോര്‍ച്ചയാണ്​ ബാക്​ടീരിയയുടെ വ്യാപനത്തിന്​ കാരണം​.

കഴിഞ്ഞ വര്‍ഷം ജൂലൈ മുതല്‍ ഓഗസ്റ്റ് വരെ സോങ്‌മു ലാന്‍‌ഷൗ ബയോളജിക്കല്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഫാക്ടറിയില്‍ ഉണ്ടായ ചോര്‍ച്ചയാണ് രോഗം പൊട്ടിപ്പുറപ്പെടാനുളള കാരണമെന്നാണ്​ വിലയിരുത്തല്‍. ഫാക്​ടറിയില്‍ മൃഗങ്ങളുടെ ഉപയോഗത്തിനായി ബ്രുസെല്ല വാക്സിനുകള്‍ നിര്‍മിച്ചിരുന്നു. ഇതിനുശേഷം അണുമുക്​തമാക്കാന്‍ കാലഹരണപ്പെട്ട അണുനാശിനികളും സാനിറ്റൈസറുകളും ഉപയോഗിച്ചതാകാം ബാക്​ടീരിയ പടരാന്‍ കാരണമെന്നാണ്​ സൂചന.

രോഗലക്ഷണം

പുരുഷന്മാരുടെ വൃക്ഷണങ്ങളെ തകരാറിലാക്കുകയും ​ചെറിയൊരു ശതമാനത്തെ ക്രമേണ വന്ധ്യതയിലേക്ക്​ നയിക്കുകയും ചെയ്യുന്ന രോഗമാണിതെന്ന്​ ആരോഗ്യരംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു. ​ മാള്‍ട്ട പനി അല്ലെങ്കില്‍ മെഡിറ്ററേനിയന്‍ പനി എന്നും അറിയപ്പെടുന്ന രോഗമാണിത്​. രോഗബാധ തലവേദന, പേശിവേദന, പനി, ക്ഷീണം എന്നിവയ്ക്ക് കാരണമാകുമെന്നും യുണൈറ്റഡ് സ്റ്റേറ്റ്സ് സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) പറഞ്ഞു.

രോഗം മാറിയാലും ചിലരില്‍ ആര്‍ത്രൈറ്റിസ് അല്ലെങ്കില്‍ സന്ധിവീക്കം പോലുള്ള രോഗലക്ഷണങ്ങള്‍ ഒരിക്കലും മാറില്ലെന്നും വിദഗ്​ധര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്​. ബ്രുസെല്ലോസിസ് രോഗം മനുഷ്യനില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്നത് വളരെ അപൂര്‍വമാണ്​.

Related News