Loading ...

Home International

ഗസയില്‍ വീണ്ടും സംഘര്‍ഷം; ഇസ്രായേലിലേക്ക് ഹമാസിന്റെ റോക്കറ്റാക്രമണം

ഗാസ സിറ്റി; ഇസ്രായേലില്‍ പലസ്തീന്‍ പോരാട്ട സംഘടനയായ ഹമാസിന്റെ റോക്കറ്റ് ആക്രമണം. ഗസ സംഘര്‍ഷം നിലനില്‍ക്കുന്നതിനിടെയാണ് ഇസ്രായേലിനെതിരെയായ ഹമാസിന്റെ ആക്രമണം. 12 റോക്കറ്റുകളാണ് ഹമാസ് തൊടുത്തതെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ 9 എണ്ണത്തേയും തടുത്തതായും ഹമാസിനെതിരെ തിരിച്ചടിച്ചതായും ഇസ്രായേല്‍ സൈന്യം അവകാശപ്പെട്ടു. ആക്രമണത്തില്‍ കെട്ടിടങ്ങള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. അതേസമയം ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

കഴിഞ്ഞ ഒരാഴ്ചയില്‍ അധികമായി ഹമാസിന് കീഴിലുള്ള ഗാസയിലെ പ്രദേശങ്ങളില്‍ ഇസ്രായേല്‍ യുദ്ധവിമാനങ്ങള്‍ വ്യോമാക്രമണം നടത്തിവരുന്നുണ്ട്. ഗസ്സയില്‍നിന്ന് സ്‌ഫോടക വസ്തുക്കള്‍ നിറച്ച ബലൂണുകള്‍ ഇസ്രായേലിലേക്ക് പറത്തിവിടുന്നതിനുള്ള പ്രതികാരമായാണ് ആക്രമണമെന്നാണ് ഇസ്രായേല്‍ സൈന്യത്തിന്റെ വാദം. ഗസയില്‍ നിന്ന് റോക്കറ്റ് ആക്രമണം നടന്നതായും ഇസ്രായേല്‍ ആരോപിച്ചിരുന്നു.തുടര്‍ന്ന് ഗസ്സയിലെ കരീം അബുസ​ലേം ഉല്‍പന്ന കൈമാറ്റയിടവും മത്സ്യബന്ധന മേഖലയും ഇസ്രായേല്‍ അടച്ചിരുന്നു. ഇത് കൂടാതെ ഓഗസ്റ്റ് 12 ന് ഗസയിലെ ഏക വൈദ്യത നിലയത്തിലേക്കുള്ള ഇന്ധന വിതരണം ഇസ്രായേല്‍ നിരോധിച്ചിരുന്നു. ഇതോടെ ഇവിടുത്തെ വൈദ്യുത വിതരണം താറുമാറി. പ്രദേശത്തെ 20 ലക്ഷത്തോളം വരുന്ന ആളുകള്‍ക്ക് ദിവസേന വെറും 4 മണിക്കൂര്‍ മാത്രമാണ് വൈദ്യുതി ലഭിക്കുന്നത്. ഇതിനിടെ ഈജിപ്തിന്റെ നേതൃത്വത്തില്‍ ഹമാസും ഇസ്രായേലും തമ്മിലുള്ള പ്രശ്ന പരിഹാരത്തിന് മധ്യസ്ഥ നീക്കങ്ങള്‍ നടത്തിയെങ്കിലും യാതൊരു ഫലവും ഉണ്ടായില്ല.

2007 മുതല്‍ ഇസ്രായേല്‍ ഗസയില്‍ കര, നാവിക, വ്യോമ ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്.ഇസ്രായേലും ഹമാസും കഴിഞ്ഞ 13 വര്‍ഷത്തിനിടെ നിരവധി തവണ ഏറ്റുമുട്ടിയിട്ടുണ്ട്. യുഎന്‍, ഈജിപ്ത്, ഖത്തര്‍ എന്നിവയുടെ ഇടപെടലിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം സമാധാന കരാറില്‍ ഏര്‍പ്പെട്ടിരുന്നുവെങ്കിലും ഇപ്പോഴും മേഖലയില്‍ സമാധാനം പുനസ്ഥാപിക്കാനായിട്ടില്ല.കഴിഞ്ഞ വ്യാഴാഴ്ചയാണ് വീണ്ടും സംഘര്‍ഷം ഉടലെടുത്തത്. തങ്ങളുടെ സുരക്ഷാ വലയം തര്‍ക്കാന്‍ ഹമാസ് ശ്രമിച്ചുവെന്നാരോപിച്ചായിരുന്നു ഇസ്രായേല്‍ വ്യോമാക്രമണം നടത്തിയത്. ഇതോടെ ഹമാസും പ്രത്യാക്രമണ നടത്തി. ഹമാസിന്റെ സൈനിക കേന്ദ്രങ്ങളും ഭൂര്‍ഗഭ കേന്ദ്രങ്ങളും ലക്ഷ്യം വെച്ചാണ് തങ്ങള്‍ വ്യോമാക്രമണം നടത്തിയതെന്നാണ് ഇസ്രായേല്‍ അവകാശപ്പെടുന്നത്. അതേസമയം ഗാസമയിലെ സമാധാന അന്തരീക്ഷം തകര്‍ക്കാനും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ താറുമാറാക്കാനും ലക്ഷ്യം വെച്ചുള്ളതാണ് ഇസ്രായേല്‍ നീക്കമെന്ന് ഹമാസ് വക്താവ് ഫവാസി ബര്‍ഹൂമും ആരോപിച്ചിരുന്നു.

Related News