Loading ...

Home International

ഇസ്ലാമികസമൂഹത്തിനെതീരെ ചൈനയുടെ ക്രൂരത;പള്ളി പൊളിച്ച്‌​ പൊതുശൗചാലയം പണിതു

ബീജിങ്: ചൈനയിലെ സിന്‍ജിയാങ് പ്രവിശ്യയിലെ ഉയുഗര്‍ മുസ്ലിംകളെ കമ്മ്യൂണിസ്റ്റ് ഭരണകൂടം ക്രൂരമായി അടിച്ചമര്‍ത്തുന്ന വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു. സിന്‍ജിയാങ് പ്രവിശ്യയിലാണ് ഇവര്‍ കൂടുതലായി താമസിക്കുന്നത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഇവരെ മുഴുവന്‍ സമയം നിരീക്ഷിക്കുന്നതിന് പുറമെ, മത ചിഹ്നങ്ങള്‍ ഒഴിവാക്കാനും റമളാനില്‍ നോമ്ബെടുക്കുന്നത് തടയാനും നിര്‍ബന്ധിത മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിനിടെയാണ് മുസ്ലിം പള്ളി തകര്‍ത്തയിടച്ച്‌ പൊതുശൗചാലയങ്ങളും ശുചിമുറികളും നിര്‍മിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ വരുന്നത്. സിന്‍ജിയാങിലെ അതുഷ് എന്ന സ്ഥലത്ത് പള്ളി നിന്നിരുന്ന പ്രദേശത്താണ് പൊതുശൗചാലയങ്ങള്‍ പണിതതെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ചൈനയിലെ ഉയുഗര്‍ മുസ്‌ലിംകള്‍ നേരിടുന്ന പീഡനങ്ങള്‍ സ്ഥിരീകരിക്കുന്ന നടപടിയാണ് ഇതെന്ന് ചൈനീസ് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. മുസ്ലിങ്ങള്‍ ആരാധന നടത്തുന്ന കേന്ദ്രങ്ങള്‍ പൊളിക്കാന്‍ സര്‍ക്കാര്‍ 2016ല്‍ ഒരു പദ്ധതി തുടങ്ങിയിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് അതുഷിലെ മൂന്നില്‍ രണ്ട് പള്ളികള്‍ പൊളിച്ചുനീക്കിയത് എന്ന് റേഡിയോ ഫ്രീ ഏഷ്യ (ആര്‍എഫ്‌എ) റിപ്പോര്‍ട്ട് ചെയ്യുന്നു. ഉയുഗര്‍ മുസ്ലിങ്ങളുടെ വികാരം വ്രണപ്പെടുത്തുന്ന നീക്കമാണ് സര്‍ക്കാര്‍ നടത്തിയത്. സംഭവം നടന്നിട്ട് മാസങ്ങളായി എന്നാണ് സൂചന. അതുഷിലെ സണ്‍താഗ് എന്ന ഗ്രാമത്തിലെ ഉയുഗറുകളുടെ സംഘടനാ ഭാരവാഹിയാണ് ആര്‍എഫ്‌എയോട് ഇക്കാര്യത്തില്‍ പ്രതികരിച്ചത്. പേര് വെളിപ്പെടുത്തരുത് എന്ന നിബന്ധനയോടെയാണ് സംഘടനാ ഭാരവാഹി ആര്‍എഫ്‌എയോട് സംസാരിച്ചത്. 

പള്ളി പൊളിച്ചിട്ട് ഏറെ നാളായി. ഇപ്പോള്‍ പൊതു ശൗചാലയം നിര്‍മിച്ചിരിക്കുകയാണ്. പക്ഷേ ഇത് പൊതു ജനങ്ങള്‍ക്ക് വേണ്ടി തുറന്നുകൊടുത്തിട്ടില്ല. സണ്‍താഗ് എന്ന സ്ഥലത്ത് പൊതു ശൗചാലയത്തിന്റെ ആവശ്യമില്ല. വിനോദ സഞ്ചാരികള്‍ വരുന്ന സ്ഥലമല്ലിത്. പ്രദേശത്തുള്ള വീടുകളിലെല്ലാം ശൗചാലയങ്ങളുണ്ട്. മാത്രമല്ല, ഇത് വലിയ പട്ടണവുമല്ലെന്നും ഗ്രാമമാണെന്നും ഉയ്ഗൂര്‍ സംഘടനാ ഭാരവാഹി പറഞ്ഞു. തുകുള്‍ മസ്ജിദ് എന്ന പള്ളിയാണ് തകര്‍ത്തതില്‍ പ്രധാനം. ഇവയുടെ അവശിഷ്ടങ്ങള്‍ ബാക്കിയായിരുന്നു. ഇത് മറയ്ക്കാന്‍ വേണ്ടിയാണ് ശൗചാലയം പണിതത് എന്ന് സംഘടനാ ഭാരവാഹി പറഞ്ഞു. ഉയുഗറുകള്‍ മാത്രമല്ല, ചൈനയിലെ മറ്റു ന്യൂനപക്ഷങ്ങളും കടുത്ത പീഡനമാണ് സര്‍ക്കാരില്‍ നിന്ന് നേരിടുന്നത്. കൂടുതലും ഇരയാകുന്നത് ഉയുഗറുകളാണ് എന്ന് മാത്രം.- ഭാരവാഹി പറയുന്നു.

2017 ഏപ്രില്‍ മുതല്‍ ചൈനയിലെ വിവിധ പ്രദേശങ്ങളില്‍ പ്രത്യേക ക്യാംപുകള്‍ തുറന്നിട്ടുണ്ട്. മതപരമായ ചിന്തകള്‍ ഒഴിവാക്കി, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോട് കൂറുള്ളവരാക്കി ന്യൂനപക്ഷങ്ങളെ മാറ്റുകയാണ് ക്യാംപുകളുടെ ലക്ഷ്യം. സിന്‍ജിയാങിലെ പലിയടത്തായി മുസ്ലിം പള്ളികള്‍ സര്‍ക്കാര്‍ പൊളിച്ചുനീക്കിയിട്ടുണ്ട്. ഇവിടെ മദ്യഷാപ്പ്, ശൗചാലയം, അടിവസ്ത്രം നിര്‍മിക്കുന്ന സിചുവാനിലെ കമ്ബനിയുടെ ഫാക്ടറി, കായിക കേന്ദ്രങ്ങള്‍ എന്നിവയാണ് നിര്‍മിച്ചിട്ടുള്ളത്. 2016 മുതലാണ് സര്‍ക്കാര്‍ മുസ്ലിം പള്ളികളും ഖബര്‍സ്ഥാനുകളും തകര്‍ക്കാന്‍ തുടങ്ങിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Related News