Loading ...

Home peace

മനസ്സിനും ശരീരത്തിനും ആശ്വാസം കിട്ടണം

ഡോ: പൗലോസ് മാർ ഗ്രീഗോറിയോസ് 

[ലോകപ്രശസ്ത വേദശാസ്ത്രജ്ഞനും,  ദാർശനികനും, ചിന്തകനും, ഗ്രന്ഥകാരനുമായ ഗ്രീഗോറിയോസ് തിരുമേനി 1994 à´œàµ‚ലൈ 7-ാം തീയതി കോട്ടയം സോഫിയാ സെന്‍ററില്‍ വച്ച് ചെയ്ത പ്രഭാഷണം. പ്രസക്തഭാഗങ്ങൾ തിരുമേനിയുടെ സെക്രട്ടറിയായിരുന്ന ശ്രീ ജോയ്‌സ് തോട്ടയ്ക്കാട് സമ്പാദിച്ചു ക്രോഡീകരിച്ചതാണ് à´ˆ ലേഖനം. പൊതുജന നന്മയ്ക്കായി ഉപകരിക്കുമെന്നതിനാൽ പുനഃപ്രസിദ്ധീകരിക്കുന്നു.]


നമ്മുടെ നാട്ടില്‍ അലോപ്പതിയെന്നു പറയുന്ന പാശ്ചാത്യ വൈദ്യശാസ്ത്രത്തെക്കുറിച്ച് അടുത്ത രണ്ടു ദശകങ്ങളിലായി പല ചോദ്യങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍ അലോപ്പതി എന്നൊരു വാക്ക് പാശ്ചാത്യര്‍ ഉപയോഗിക്കുന്നില്ല. അവരുടെ വാക്ക് മെഡിക്കല്‍ സയന്‍സ് എന്നാണ്.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം നമ്മുടെ ഗവണ്‍മെന്‍റ് തന്നെ നാലു പ്രധാന വൈദ്യസമ്പ്രദായങ്ങള്‍ക്ക് ഔദ്യോഗിക അംഗീകാരം നല്‍കിയിട്ടുണ്ട്. ആയൂര്‍വേദ - സിദ്ധവൈദ്യ - ഹോമിയോപ്പതി - യുനാനി എന്നിവ.

പാശ്ചാത്യ ചികിത്സാസമ്പ്രദായങ്ങളെപ്പറ്റിയുള്ള വിമര്‍ശനങ്ങളില്‍ ചിലതു താഴെചേര്‍ക്കുന്നു. അതിന്‍റെ ചെലവു വളരെ കൂടുതലാണ്. അതു പലരുടെയും സാമ്പത്തികശേഷിക്ക് അപ്പുറമാണ്. ഇവിടെ മാത്രമല്ല, പാശ്ചാത്യ രാജ്യങ്ങളിലും സ്ഥിതി ഇതുതന്നെ. ഡോക്ടര്‍മാരുടെ അനാസ്ഥയോ അറിവില്ലായ്മയോ കാരണവും ആശുപത്രിയിലെ ക്രമക്കേടുമൂലവും രോഗങ്ങളുടെ സംഖ്യ വര്‍ദ്ധിച്ചുവരികയാണ്.

കെമിക്കല്‍ ഔഷധങ്ങളുടെ വര്‍ധനമൂലം മനുഷ്യശരീരത്തില്‍ വളരെയധികം പ്രശ്നങ്ങള്‍ ഉണ്ടാകുന്നുണ്ട്. അതോടു ചേര്‍ന്നു പോകുന്നതാണു രാസവളങ്ങളും കീടനാശിനികളും മൂലവും മനുഷ്യശരീരത്തിലേക്കു വന്നുകൊണ്ടിരിക്കുന്ന രാസദ്രവ്യങ്ങളുടെ വര്‍ദ്ധന. ഇതു മനുഷ്യമനസിനെത്തന്നെ സ്വാധീനിക്കാന്‍ ശക്തിയുള്ളതാണ്.

എല്ലാ രോഗത്തിനും ആന്‍റിബയോട്ടിക്സ് നിര്‍ണ്ണയിച്ചു നിര്‍ണ്ണയിച്ചു, ഇപ്പോള്‍ ആന്‍റിബയോട്ടിക്സിനോട് പ്രതിരോധശക്തിയില്ലാത്ത രോഗങ്ങളുടെ സംഖ്യയും വര്‍ദ്ധിച്ചുവരികയാണ്. 1992-ല്‍ അമേരിക്കയില്‍ 13,300 പേര്‍ ആന്‍റിബയോട്ടിക്സിനെ ചെറുക്കുന്ന രോഗങ്ങള്‍ മൂലം മരിച്ചു. ഇപ്പോള്‍ ആന്‍റിബയോട്ടിക്സ് ഫലിക്കാത്ത മലേറിയ, ക്ഷയം എന്നിവ വര്‍ദ്ധിച്ചുവരുന്നു. എയിഡ്സ് പോലെതന്നെ ഭീതിജനകമായ ഒരവസ്ഥയാണിത്.

രോഗനിവാരണത്തിന്‍റെ ഒരു പ്രാഥമിക ഉപാധിയായിരുന്നു രോഗിയും ഡോക്ടറും തമ്മിലുള്ള മാനുഷിക ബന്ധം. ഇന്നതു ബലഹീനമായിക്കൊണ്ടിരിക്കുന്നു. ഒരു രോഗി വന്നാല്‍ ഉടനെ കുറേ ടെസ്റ്റുകള്‍ ഭരമേല്‍പ്പിക്കുന്നു. ഡോക്ടര്‍ രോഗിയോട് സംസാരിക്കുന്നില്ല. അതാണ് അവസ്ഥ. അത് രോഗം വര്‍ദ്ധിപ്പിക്കുന്നു.

പാശ്ചാത്യ രാജ്യങ്ങളില്‍ ചിലരുടെ ഭാവനയില്‍ അടുത്തകാലത്തുണ്ടാകാവുന്ന ഒരു പ്രത്യേക സ്ഥിതിവിശേഷം, ഒരു മാതിരി രോഗങ്ങള്‍ ക്കൊക്കെ ചികിത്സ വിധിക്കാന്‍ ഒരു കേന്ദ്രിത കമ്പ്യൂട്ടറിനു കഴിയുന്ന അവസ്ഥയാണ്. ഏതു രോഗിയായാലും അയാളുടെ രോഗവിവരങ്ങള്‍ സ്വന്തം കമ്പ്യൂട്ടര്‍ വഴി കേന്ദ്രിത കമ്പ്യൂട്ടറിലേയ്ക്ക് അറിയിച്ചാല്‍ അവിടെനിന്നും ചികിത്സ പറയും; ഡോക്ടറെ കാണേണ്ട. രോഗനിര്‍ണ്ണയവും ചികിത്സയും കൂടുതല്‍ കൂടുതലായി യന്ത്രങ്ങളെ ആശ്രയിച്ചാണ് ഇപ്പോള്‍ മുമ്പോട്ടുപോകുന്നത്.

ഓരോ രോഗിക്കും ആവശ്യത്തില്‍ കൂടുതല്‍ ടെസ്റ്റുകള്‍ ഡോക്ടര്‍മാര്‍ വിധിക്കാറുണ്ട്. കാരണം ഏതെങ്കിലും ഒരു ടെസ്റ്റ് ചെയ്യാതിരുന്നതുമൂലം രോഗി അപായത്തിലായാല്‍ അതിനു നഷ്ടപരിഹാരം ഡോക്ടര്‍ കൊടുക്കണമെന്നാണു നിയമം. അതിന്‍റെ പരിണതഫലമെന്താണ്? ഒരാവശ്യവും ഇല്ലാത്ത അനേകം ടെസ്റ്റുകള്‍ വിധിച്ച് രോഗിയുടെ ധനശക്തിക്ക് അപ്പുറമായ ഭാരം അയാളുടെമേല്‍ ഏല്‍പ്പിക്കുന്നു. ധനശക്തിക്കും ശാരീരിക കഴിവിനും അപ്പുറമായ ഭാരം ഇതുമൂലം ഉണ്ടാകുന്നു.

പത്തൊന്‍പതാം ശതാബ്ദത്തില്‍ മനുഷ്യന്‍റെ ശരീരം തന്നെ ഒരു യന്ത്രമാണെന്നുള്ള അടിസ്ഥാനത്തില്‍ ഉയര്‍ന്നുവന്നതാണ് പാശ്ചാത്യ വൈദ്യശാസ്ത്രം. ശരീരത്തിന്‍റെ ചികിത്സയ്ക്ക് ഒരു വൈദ്യസമ്പ്രദായത്തെയും മാനസികരോഗ ചികിത്സയ്ക്ക് മറ്റൊരു വൈദ്യസമ്പ്രദായത്തെയും ആവിഷ്ക്കരിച്ചു. 

അടിസ്ഥാനപരമായി ചോദ്യം ചെയ്യാവുന്ന തത്വസംഹിതയിന്മേലാണു പാശ്ചാത്യ വൈദ്യശാസ്ത്രം വളര്‍ന്നുയര്‍ന്നിട്ടുള്ളത്. മനുഷ്യന്‍ എന്ന പ്രതിഭാസത്തെപ്പറ്റി പാശ്ചാത്യ വൈദ്യശാസ്ത്രത്തിനുള്ള വിലയിരുത്തല്‍ വളരെ വികലവും വഴിതെറ്റിയതുമാണെന്നു ബോധ്യമായിത്തുടങ്ങിയിട്ടുണ്ട്.

ചൈനീസ് വൈദ്യം അക്യുപങ്ചര്‍, അക്യുപ്രഷര്‍, ടിബറ്റന്‍ വൈദ്യശാസ്ത്രം, സൈബീരിയന്‍ വൈദ്യശാസ്ത്രം, യോഗവൈദ്യശാസ്ത്രം എന്നിങ്ങനെ ഏതാണ്ട് അറുപതോളം പരമ്പരാഗത ചികിത്സാ സമ്പ്രദായങ്ങള്‍ ലോകജനത ഇന്ന് ഉപയോഗിക്കുന്നു.

അലോപ്പതി വൈദ്യന്മാര്‍ക്ക് മറ്റു വൈദ്യന്മാരെ ഏറെക്കുറെ പുച്ഛമാണ്. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് നാലര ലക്ഷം അലോപ്പതി ഡോക്ടര്‍മാരാണ്. സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് ഇന്‍ഡ്യന്‍ മെഡിസിന്‍ എന്ന സര്‍ക്കാര്‍ സംഘടനയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് അഞ്ചര ലക്ഷം പരമ്പരാഗത ചികിത്സകന്മാരാണ്. ഈ രണ്ടു സംഘടനകളും കൂടി ഒന്നാകണമെന്ന് ആരെങ്കിലും പറഞ്ഞാല്‍ ഉടനെ അലോപ്പതി ഡോക്ടര്‍മാരാണ് എതിര്‍ക്കുന്നത്.

പരമാര്‍ത്ഥത്തില്‍ അലോപ്പതി ഡോക്ടര്‍മാരോളം നല്ല പരിശീലനം ലഭിച്ചിട്ടുള്ള പരമ്പരാഗത ചികിത്സകന്മാര്‍ വളരെക്കുറച്ചേയുള്ളു. ആയുര്‍വേദത്തിന്‍റെയും ഹോമിയോപ്പതിയുടെയും സിദ്ധവൈദ്യത്തിന്‍റെയും യുനാനിയുടെയും പരിശീലന വ്യവസ്ഥകള്‍ കുറേക്കൂടി ഉയര്‍ന്ന നിലവാരത്തിലാക്കണമെന്നു പറയാന്‍ തുടങ്ങിയിട്ടു വര്‍ഷം ഏറെയായി.

അലോപ്പതി ഡോക്ടര്‍മാരെ പരിശീലിപ്പിക്കുന്ന മെഡിക്കല്‍ കോളജുകളില്‍ പരമ്പരാഗത ചികിത്സാസമ്പ്രദായങ്ങള്‍ കൂടി ഉള്‍പ്പെടുത്തി എല്ലാ ഡോക്ടര്‍മാര്‍ക്കും മറ്റു ചികിത്സാരീതികള്‍ കൂടി അറിയാവുന്ന ഒരു വ്യവസ്ഥിതിയിലേക്കാണു നാം നീങ്ങേണ്ടിയിരിക്കുന്നത്.
അതിനു മുമ്പുതന്നെ നമുക്കു ചെയ്യാവുന്ന ഒന്നുരണ്ടു കാര്യങ്ങളുണ്ട്. ഒന്നാമത്, നിലവിലുള്ള അലോപ്പതി ആശുപത്രികളില്‍ ആയുര്‍വേദവും ഹോമിയോപ്പതിയും കൂടി ഉള്‍പ്പെടുത്തിയാല്‍ വളരെ പ്രയോജനം ഉണ്ടാകും. അതോടുകൂടെത്തന്നെ യുനാനി, സിദ്ധവൈദ്യം, അക്യുപങ്ചര്‍, യോഗചികിത്സ എന്നിവ കൂടി ഉള്‍പ്പെടുത്താമെങ്കില്‍ ഏറെ നന്ന്.

ആശുപത്രിയില്‍ വരുന്ന എല്ലാ രോഗികളെയും പാശ്ചാത്യരീതിയില്‍ ത്തന്നെ ചികിത്സിച്ചുകൊള്ളണമെന്ന് എന്തിനാണ് നിര്‍ബന്ധിക്കുന്നത്? ഒരു ചെറിയ കുട്ടിയുടെ പ്രശ്നം ഹോമിയോകൊണ്ടു തീരാവുന്നതേയുള്ളു. അല്ലെങ്കില്‍ ഒരു വാതരോഗിയുടെ പ്രശ്നത്തിന് ആയുര്‍വേദമായിരിക്കും കൂടുതല്‍ ഉപയുക്തം. ഓരോ രോഗിക്കും അയാള്‍ക്ക് ഉതകുന്ന ചികിത്സാരീതി നിര്‍ണയിക്കാന്‍ സാധിക്കുന്ന ബഹുമുഖ ചികിത്സാരീതിയുള്ള ആശുപത്രി നമ്മുടെ നാട്ടില്‍ ഉണ്ടാകണം.

ഇന്നു പാശ്ചാത്യ ചികിത്സാരീതിക്ക് എത്താന്‍ സാധിക്കാത്ത പല മണ്ഡലങ്ങളിലും പ്രയോജനം ചെയ്യാന്‍ ബഹുവിധ ചികിത്സാരീതികള്‍ ഉള്ള ഒരു ആശുപത്രിക്കു കഴിയും.
ഇന്നത്തെ ആശുപത്രികള്‍ ഓരോ രോഗിയെയും ഒരു കെട്ടിടത്തിനകത്ത് അടച്ചു പൂട്ടുന്നതിനു പകരം കുറേക്കൂടി പ്രകൃതി സൗന്ദര്യം ഉള്ള പശ്ചാത്തലത്തില്‍ കുറേ ദിവസം കഴിച്ചുകൂട്ടാന്‍ അനുവദിച്ചാല്‍ രോഗം വേഗം സൗഖ്യമാകും. ഇന്നത്തെ ആശുപത്രികള്‍ ഒരുവിധത്തില്‍ പറഞ്ഞാല്‍ ജയില്‍കെട്ടിടങ്ങളാണ്. രോഗികള്‍ക്കു കലകളും പ്രകൃതിസൗന്ദര്യവും ആസ്വദിക്കാനുള്ള ഒരവസരവും അവിടെ കിട്ടുന്നില്ല. രോഗിയുടെ ആശുപത്രി ജീവിതം ഒരുവിധം നരകമാണ്. കുറേക്കൂടി മനസിനും ആത്മാവിനും ഉത്തേജനം നല്‍കുന്ന ജീവിതസാഹചര്യങ്ങളാണ് ആശുപത്രിയില്‍ ഉണ്ടാകേണ്ടത്.

ഒഴുകുന്ന വെള്ളവും വളരുന്ന മരങ്ങളും പച്ചപിടിച്ച പുല്‍ത്തകിടികളും കണ്ണിനാശ്വാസം തരുന്ന തോട്ടങ്ങളും ഒക്കെയായിരിക്കും രോഗിക്കു കുറേ ക്കൂടി പ്രയോജനം നല്‍കുക.
രോഗികള്‍ തമ്മിലും ഇന്നു സമ്പര്‍ക്കമില്ല. അവര്‍ തമ്മിലുള്ള സഹകരണവും സഹവര്‍ത്തിത്വവും വര്‍ധിക്കുമ്പോള്‍ മനസിന് ആശ്വാസം ഉണ്ടായി രോഗശാന്തിക്കു വേഗത വര്‍ധിക്കും. 

മനസിനും ശരീരത്തിനും ആത്മാവിനും ഒരുപോലെ ആശ്വാസം നല്‍കുന്ന പുതിയ ചികിത്സാപരിസരങ്ങളെ നമുക്കു വിഭാവനം ചെയ്യാന്‍ കഴിയണം. വിവിധ രീതിയിലുള്ള ചികിത്സാക്രമങ്ങളും ലഭ്യമാക്കണം.

പ്രാര്‍ത്ഥനയുടെയും ധ്യാനത്തിന്‍റെയും അന്തരീക്ഷം ഈ ചികിത്സാസ്ഥലങ്ങളില്‍ ഉണ്ടായിരിക്കണം. എല്ലാവര്‍ക്കും ആരോഗ്യം സംസിദ്ധമാകാന്‍ ഇങ്ങനെയൊക്കെയുള്ള സമീപനമാണ് ആവശ്യമായിട്ടുള്ളത്.

പാശ്ചാത്യ ചികിത്സാരീതികളെ അപ്പാടെ തള്ളിക്കളയണമെന്നല്ല വാദം. അതോടൊപ്പം പരമ്പരാഗത ചികിത്സാരീതികളുംകൂടി വളര്‍ന്നു വരണമെന്നാണ് അര്‍ത്ഥമാക്കുന്നത്. ആശുപത്രികള്‍ അരോഗതയുടെയും ആശ്വാസത്തിന്‍റെയും കേന്ദ്രങ്ങളായി മാറണമെന്നു മാത്രം.

Related News