Loading ...

Home International

ചരിത്രത്തിലാദ്യമായി എണ്ണവില കുത്തനെ ഇടിഞ്ഞു

കൊറോണ വൈറസ് പിടിയില്‍ ക്രൂഡ് ഓയില്‍ വിലയും. വാഹനങ്ങള്‍ പുറത്തിറക്കാത്തതുകൊണ്ട് എണ്ണയുടെ ഉപയോഗം കുറഞ്ഞതു കാരണം അമേരിക്കന്‍ ക്രൂഡ് ഓയിലിന്റെ വില ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവില്‍. യുഎസ് അസംസ്കൃത എണ്ണയായ ഡബ്ല്യുടിഐ ക്രൂഡിന്‍റെ മേയിലെ ഫ്യൂച്ചേഴ്സ് വില പൂജ്യത്തിനും താഴെ മൈനസ് മൂന്ന് ഏഴ് ഡോളറായി. എണ്ണ സംഭരണ കേന്ദ്രങ്ങള്‍ നിറഞ്ഞതും കോവിഡ് വൈറസ് മൂലം ആവശ്യകത കുറഞ്ഞതുമാണ് വില ഇടിയാന്‍ കാരണം.
ഡബ്ല്യുടിഐ ക്രൂഡ് ഓയിലിന്റെ വില കുറവ് നമുക്ക് ഗുണകരമോ?

വെസ്റ്റ് ടാക്സസ് ഇന്റര്‍മീഡിയറ്റ് എന്ന ഡബ്ല്യുടിഐ ക്രൂഡ് ഓയില്‍ നമ്മള്‍ ഉപയോഗിക്കുന്നില്ല. ഇന്ത്യ ഇറക്കുമതി ചെയ്യുന്നത് ബ്രെന്റ് ക്രൂഡാണ്. ബ്രെന്റ് ക്രൂഡിന്റെ ഇന്നത്തെ വില ഏകദേശം 25 ഡോളറാണ്. എന്നാല്‍ ഡബ്ല്യുടിഐ ക്രൂഡിന്റെ വില കുറഞ്ഞത് ബ്രെന്റിന്റേയും വില കുറയ്ക്കുമെന്ന് കരുതാം. അതിന്റെ ഗുണം എത്രത്തോളം ജനങ്ങളിലേക്ക് എത്തുമെത്തില്‍ ഉറപ്പില്ല.

പെട്രോള്‍ അടിച്ചാല്‍ ഇങ്ങോട്ട് കാശ് കിട്ടില്ല

ഇന്ധനവില വളരെയധികം കുറവുള്ള രാജ്യമാണ് അമേരിക്ക. ഡബ്ല്യുടിഐ ക്രൂഡിന്റെ വില കുറഞ്ഞത് ഇന്ധനവില വീണ്ടും കുറയ്ക്കാനുള്ള സാധ്യതയുണ്ട്. എന്നാല്‍ ശുദ്ധീകരിക്കുന്നതിന്റെ ചിലവ്, ഡീലര്‍കമ്മീഷന്‍ എന്നിവ ചേര്‍ക്കുന്നതുകൊണ്ട് കാശുകൊടുക്കാതെ ഇന്ധനം നിറയ്ക്കാനാവില്ല.

ഇന്ത്യയിലെ ഇന്ധന വില

ക്രൂഡ് ഓയിലിന്റെ വില ബാരലിലാണ് കണക്കാക്കുന്നത്. ഒരു ബാരല്‍ എന്നാല്‍ 159 ലിറ്റര്‍. ഒരു ബാരല്‍ എണ്ണയ്ക്ക് ഇന്നത്തെ വില ഏകദേശം 25 ഡോളര്‍. അതായത് ഇപ്പോഴത്തെ വിനിമയനിരക്ക് നോക്കിയാല്‍1918.20 രൂപ. അങ്ങനെയായാല്‍ ഒരു ലിറ്റര്‍ അസംകൃത എണ്ണയ്ക്ക് 1918.20/159=12.06 രൂപ. ഒരു ബാരല്‍ ക്രൂഡ് ഓയില്‍ ശുദ്ധീകരിച്ചാല്‍ അതില്‍ നിന്നു ലഭിക്കുന്നതില്‍ 47 ശതമാനം പെട്രോളും 23 ശതമാനം ഡീസലുമാണ്. ജെറ്റ് ഫ്യുവല്‍, ടാര്‍, എല്‍പിജി തുടങ്ങിയവയാണ് ബാക്കി ലഭിക്കുന്നത്. ലോകത്തെ ഏറ്റവും കുറഞ്ഞ ശുദ്ധീകരണ ചെലവുള്ള രാജ്യമാണ് ഇന്ത്യ. രാജ്യാന്തര വിപണിയില്‍‌ വില കുറഞ്ഞതിന്റെ മുറയ്ക്ക് കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ കൂട്ടിയ നികുതി ഇരട്ടിയില്‍ അധികമാണ്.

പെട്രോള്‍ വില- 69.59 രൂപ (ന്യൂഡല്‍ഹി വില)

ഡല്‍ഹിയിെല വില ഏകദേശം 69.59 രൂപയാണ്. അതില്‍ ഒരു ലിറ്ററിന്റെ അടിസ്ഥാന വില 27.96 രൂപ, ട്രാന്‍സ്പോര്‍ട്ടേഷനും മറ്റു ചാര്‍ജുകളും 0.32 രൂപ. അതായത് ടാക്സും കമ്മീഷനുമില്ലാത്ത പെട്രോളിന്റെ വില 28.28 രൂപ. ഇതിന്റെ കൂടെ കേന്ദ്ര എക്സൈസ് ഡ്യൂട്ടി 22.98 രൂപയും സംസ്ഥാന സര്‍ക്കാര്‍ ചുമത്തുന്ന 14.79 രൂപയും (ഇത് ഡല്‍ഹി സര്‍ക്കാര്‍ ചുമത്തുന്ന വാറ്റാണ്, വിവിധ സംസ്ഥാനങ്ങളുടെ അനുസരിച്ച്‌ വ്യത്യാസപ്പെട്ടിരിക്കും) ഡീലര്‍ കമ്മീഷനായ 3.54 രൂപയും ചേര്‍ന്നാണ് 69.59 രൂപ ഈടാക്കുന്നത്.

ഡീസല്‍‌ വില- 62.29 രൂപ (ന്യൂഡല്‍ഹി വില)

ഡല്‍ഹിയിെല ഡീസല്‍ വില ഏകദേശം 62.29 രൂപയാണ്. അതില്‍ ഒരു ലിറ്ററിന്റെ അടിസ്ഥാന വില 31.49 രൂപയും ട്രാന്‍സ്പോര്‍ട്ടേഷനും മറ്റു ചാര്‍ജുമായി 0.29 രൂപയും ചേര്‍ന്നാല്‍ ഡീസലിന്റെ നികുതി ഇല്ലാത്ത വില 31.78 രൂപ. ഇതിനോടൊപ്പം കേന്ദ്ര എക്സൈസ് ഡ്യൂട്ടി 18.83 രൂപ, സംസ്ഥാന സര്‍ക്കാര്‍ വാറ്റ് 9.19 രൂപ (ഇത് ഡല്‍ഹി സര്‍ക്കാര്‍ ചുമത്തുന്ന വാറ്റാണ്, വിവിധ സംസ്ഥാനങ്ങളുടെ അനുസരിച്ച്‌ വ്യത്യാസപ്പെട്ടിരിക്കും) ഡീലര്‍ കമ്മീഷന്‍ 2.49 രൂപ എന്നിവ ചേര്‍ത്താണ് ഒരു ലിറ്റര്‍ ഡീസല്‍ 62.29 രൂപയ്ക്ക് വില്‍ക്കുന്നത്

Related News