Loading ...

Home International

ഒരു ദിവസം 49 മരണം; ഇറാനില്‍ മരണസംഖ്യ ഇരുനൂറിലേക്ക്; ഇറാന്‍ എയര്‍ യൂറോപ്പ് റദ്ദാക്കി

ഇറാന്‍ ഇസ്ലാമിക് റിപബ്ലിക്കില്‍ കൊറോണാവൈറസ് ബാധിച്ച്‌ 194 പേര്‍ മരിച്ചതായി ഇറാന്‍ ദേശീയ ടെലിവിഷന്‍. 6566 പേര്‍ക്ക് വൈറസ് ബാധയേറ്റെന്നും ഇറാന്‍ വ്യക്തമാക്കി. പേര്‍ഷ്യന്‍ ന്യൂ ഇയര്‍ അടുത്ത് വരുമ്ബോള്‍ ജനങ്ങളോട് ഒത്തുകൂടുന്ന പരിപാടികള്‍ എല്ലാം ഒഴിവാക്കി വീടുകളില്‍ തുടരാനാണ് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കുന്നത്. പകര്‍ച്ചവ്യാധി കൂടുതല്‍ മാരകമായി മാറുന്നുവെന്ന ആശങ്കകള്‍ക്കിടെയാണ് മരണസംഖ്യ ഉയരുന്നത്. 49 പേരാണ് ഒറ്റ ദിവസം മരണമടഞ്ഞതെന്ന് ഇറാന്‍ വക്താവ് കിയാനുഷ് ജഹാന്‍പൂര്‍ വ്യക്തമാക്കി. 743 പേര്‍ക്കാണ് പുതുതായി അസുഖബാധ പിടിപെട്ടത്. ഇതിനിടെ യൂറോപ്പിലേക്ക് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ എല്ലാ വിമാനയാത്രകളും റദ്ദാക്കുന്നതായി ഇറാന്‍ എയര്‍ വ്യക്തമാക്കി. കൊറോണാവൈറസ് മൂലമാണ് ഈ നടപടിയെന്ന് കമ്ബനി ഉത്തരവില്‍ സ്ഥിരീകരിച്ചിട്ടില്ല. യൂറോപ്യന്‍ അധികൃതര്‍ അജ്ഞാതമായ കാര്യങ്ങള്‍ മുന്‍നിര്‍ത്തി നിബന്ധനകള്‍ മുന്നോട്ട് വെച്ചതാണ് ഇതിന് കാരണമെന്നാണ് ഇറാന്‍ എയര്‍ പറയുന്നത്. ഫെബ്രുവരി 3നാണ് യൂറോപ്യന്‍ വ്യോമപാതയില്‍ നിന്ന് ഇറാന്‍ എയര്‍ വിമാനങ്ങള്‍ക്ക് യൂറോപ്യന്‍ ഏവിയേഷന്‍ സേഫ്റ്റി ഏജന്‍സി വിലക്ക് ഏര്‍പ്പെടുത്തിയത്. മാര്‍ച്ച്‌ 2ന് ആരോഗ്യ വകുപ്പിന്റെ ഉപദേശം സ്വീകരിച്ച്‌ സ്വീഡനും താല്‍ക്കാലികമായി ഇറാന്‍ എയര്‍ വിമാനങ്ങള്‍ സസ്‌പെന്‍ഡ് ചെയ്തു. തെഹ്‌റാന് പകര്‍ച്ചവ്യാധി പിടിച്ചുനിര്‍ത്താന്‍ കഴിയാതെ വന്നതോടെയാണ് ഈ നടപടി. മിഡില്‍ ഈസ്റ്റ് മേഖലയില്‍ കൊറോണാവൈറസ് പ്രഭവകേന്ദ്രമാണ് ഇറാന്‍. രാജ്യത്തെ ഉന്നത നേതൃത്വത്തിലെ പ്രമുഖര്‍ക്ക് പോലും വൈറസ് പിടിപെട്ടിരിക്കുകയാണ്. ഇറാനിലേക്കുള്ള വിമാനങ്ങള്‍ മറ്റ് രാജ്യങ്ങളും നിര്‍ത്തിവെച്ചിട്ടുണ്ട്. ഇതിനിടെ കഴിഞ്ഞ 14 ദിവസങ്ങള്‍ക്കിടെ ഇറാനിലെ ഷിയാ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചവരോട് റിപ്പോര്‍ട്ട് ചെയ്യാന്‍ സൗദി അറേബ്യ ആവശ്യപ്പെട്ടിട്ടുണ്ട്.

Related News