Loading ...

Home International

അന്തരീക്ഷത്തിലെ കാര്‍ബണ്‍ ആഗിരണം ചെയ്യാനുള്ള കഴിവ് വനങ്ങള്‍ക്ക് നഷ്ടപ്പെടുന്നു, വലിയ ഭീഷണിയെന്ന് പഠനങ്ങള്‍

ലോകത്തിലെ ഉഷ്ണമേഖലാ വനങ്ങള്‍ക്ക് അന്തരീക്ഷത്തില്‍ നിന്ന് കാര്‍ബണ്‍ ആഗിരണം ചെയ്യാനുള്ള കഴിവ് ക്രമാനുഗതമായി നഷ്ടപ്പെടുന്നതായി പഠനം. വരുകാലങ്ങളില്‍ വലിയ പ്രത്യാഘാതം ഉണ്ടാക്കിയേക്കാവുന്ന മുന്നറിയില്ലാണ് നല്‍കിയിരിക്കുന്നത്. ഉഷ്ണമേഖലാ വനങ്ങള്‍ അന്തരീക്ഷത്തില്‍ നിന്ന് കുറഞ്ഞ അളവില്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് സ്വീകരിക്കുകയും 'കാര്‍ബണ്‍ സിങ്കുകളായി' പ്രവര്‍ത്തിക്കാനുള്ള അവയുടെ കഴിവ് കുറയുകയുമാണെന്നാണ് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. ഈ സാഹചര്യം രൂക്ഷമാവുന്നതോടെ അഗോളതലത്തില്‍ വലിയ ഭീഷണി ഉയര്‍ത്തുന്ന കാലാവസ്ഥാ വ്യതിയാനം ത്വരിതപ്പെടാനുള്ള സാധ്യതകള്‍ വര്‍ധിപ്പിക്കുകയാണെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. നിലവില്‍ ഭൂമിയുടെ ശ്വാസ കോശം എന്ന് അറിയപ്പെടുകയും അന്തരീക്ഷത്തില്‍നിന്നും കാര്‍ബണ്‍ ഡൈ ഓക്സൈഡ് ഏറ്റവും കൂടുതല്‍ വലിച്ചെടുക്കുന്ന മേഖലയാണ് ആമസോണ്‍ മഴക്കാടുകള്‍. എന്നാല്‍ വരുകാലങ്ങളിലുണ്ടാവുന്ന മാറ്റങ്ങളുടെ ഫലമായി അന്തരീക്ഷത്തിലേക്ക് ഏറ്റവും കൂടുതല്‍ കാര്‍ബണ്‍ പുറന്തള്ളുന്ന കേന്ദ്രമായി ഇത് മാറും. അങ്ങനെ സംഭവിക്കുകയാണെങ്കില്‍, കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം കൂടുതല്‍ കഠിനമാകാന്‍ സാധ്യതയുണ്ടെന്നും പഠനം പറയുന്നു.

കൃഷിക്കും മറ്റു വ്യാവസായിക ആവശ്യങ്ങള്‍ക്കുമായി വന്‍തോതില്‍ വനം നശിപ്പിക്കപ്പെടുന്നതാണ് അതിനു കാരണമെന്ന് ഗവേഷണങ്ങള്‍ വ്യക്തമാക്കുന്നു. കാര്‍ബണ്‍ സിങ്കുകളുടെ നഷ്ടത്തെ ചെറുക്കാന്‍ കാര്‍ബണ്‍ ഉല്‍പാദിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ വളരെ വേഗത്തില്‍ വെട്ടിക്കുറയ്‌ക്കുകയല്ലാതെ മറ്റു മാര്‍ഗ്ഗങ്ങളില്ല. 'കാലാവസ്ഥാ വ്യതിയാനത്തിന്റെ ഏറ്റവും ആശങ്കാജനകമായ പ്രത്യാഘാതങ്ങള്‍ ഇതിനകംതന്നെ ആരംഭിച്ചതായി ഞങ്ങള്‍ കണ്ടെത്തി' എന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ ലീഡ്സ് സര്‍വകലാശാലയിലെ ഭൂമിശാസ്ത്ര വിഭാഗം മേധാവി പ്രൊഫസര്‍ സൈമണ്‍ ലൂയിസ് പറഞ്ഞു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി, ലോകത്തിന്റെ ഉഷ്ണമേഖലാ വനങ്ങള്‍ ആഗിരണം ചെയ്യുന്ന കാര്‍ബണിന്റെ അളവ് വളരെയധികം കുറഞ്ഞുവെന്ന് നൂറോളം ശാസ്ത്ര സ്ഥാപനങ്ങളില്‍ നിന്നുള്ള പഠനങ്ങള്‍ പറയുന്നു. ഉയര്‍ന്ന താപനില, വരള്‍ച്ച, വനനശീകരണം എന്നിവയുടെ ആഘാതം കാരണം 1990 കളില്‍ ഉണ്ടായിരുന്നതിനേക്കാള്‍ മൂന്നിലൊന്ന് കുറഞ്ഞ തോതിലാണ് കാര്‍ബണ്‍ ആഗിരണം ചെയ്യപ്പെടുന്നത്. കാലാവസ്ഥാ വ്യതിയാനവും പ്രകൃതി ചൂഷണത്തിന്റെ ഭാഗമായ വന നശീകരണവും വര്‍ദ്ധിച്ചുവരുന്നതിനാല്‍ ആ പ്രവണത തുടരാനാണ് സാധ്യത. ഉഷ്ണമേഖലാ വനമേഖല 2060 കളോടെ ഏറ്റവും വലിയ കാര്‍ബണ്‍ സ്രോതസ്സായി മാറിയേക്കാമെന്നു ലൂയിസ് അഭിപ്രായപ്പെടുന്നു.

Related News