Loading ...

Home peace

ദൈവിക സംരക്ഷണത്തിന്റെ സാക്ഷ്യം

അജ്മാനിലെ (യു.എ.ഇ) റിയല്‍ വാട്ടേഴ്‌സ് ജലശുദ്ധീകരണ-വിതരണ സ്ഥാപനത്തിന്റെ മുകള്‍ നിലയിലാണ് ആധുനിക സൗകര്യങ്ങള്‍ ഒരുക്കിയിട്ടുള്ള ‘റിയല്‍ സെന്റര്‍’ ഓഡിറ്റോറിയം. ആയിരത്തോളം പേര്‍ക്കിരിക്കാവുന്ന മികച്ച സൗകര്യങ്ങളുള്ള ഓഡിറ്റോറിയം വാടകയ്ക്ക് നല്‍കിയാല്‍ മാസത്തില്‍ ലക്ഷങ്ങള്‍ സമ്പാദിക്കാന്‍ യാതൊരു ബുദ്ധിമുട്ടുമില്ല.
എന്നാല്‍ ഇതിന്റെ ഉടമസ്ഥനായ നെജി ജയിംസ് ഉറച്ചൊരു തീരുമാനം എടുത്തിരിക്കുകയാണ് – ഓഡിറ്റോറിയം ആത്മീയ കാര്യങ്ങള്‍ക്കുമാത്രമേ ഉപയോഗിക്കൂ എന്ന്. അതും സൗജന്യമായി. ഇത്തരമൊരു തീരുമാനം എടുത്തതിന്റെ പിന്നില്‍ വലിയൊരു ദൈവിക സംരക്ഷണത്തിന്റെ കഥയുണ്ട്.
മരണവക്ത്രത്തില്‍നിന്ന് ദൈവം ജീവിതത്തിലേക്ക് കൈപിടിച്ച് രക്ഷിച്ചതിന്റെ സാക്ഷ്യവും കൃതജ്ഞതയും വെളിപ്പെടുത്തുന്നതിന് സമര്‍പ്പിച്ചിട്ടുള്ള ഒരിടമാണിന്ന് റിയല്‍ സെന്റര്‍ എന്നു പറയാം. ബൈബിള്‍ കണ്‍വന്‍ഷനുകള്‍, മറ്റ് തരത്തിലുള്ള ദൈവവചന പ്രഘോഷണ പ്രവര്‍ത്തനങ്ങള്‍, സെമിനാറുകള്‍, ക്ലാസുകള്‍ തുടങ്ങിയവയ്ക്കായി മാറ്റിവച്ചിരിക്കുന്നു. ഓരോ തവണ ഓഡിറ്റോറിയം ഉപയോഗിക്കുന്നവരും ഉടമയ്ക്കു ലഭിച്ച അത്ഭുതകരമായ ദൈവാനുഗ്രഹത്തിന്റെ കഥകള്‍ അറിയുന്നുണ്ട്. നിരവധി പേരിലേക്ക് അത്ഭുതകരമായ രക്ഷപ്പെടലിന്റെ സാക്ഷ്യം എത്തിക്കൊണ്ടിരിക്കുന്നു.


മുംബൈയിലേക്ക്

കോതമംഗലം സ്വദേശി നെജി ജയിംസ് മരുതുംപാറയിലിന്റെ ബാല്യ-കൗമാരങ്ങള്‍ സാമ്പത്തികമായി ഭദ്രമായ സാഹചര്യത്തിലായിരുന്നില്ല. പുലര്‍ച്ചെ പാല്‍ സമീപത്തെ സംഭരണ ഡിപ്പോയില്‍ കൊടുത്തശേഷം ദൈവാലയത്തില്‍ തിരുക്കര്‍മങ്ങളില്‍ പങ്കെടുക്കുന്നത് ദിനചര്യയുടെ ഭാഗമായിരുന്നു. കാലി വളര്‍ത്തി പാല്‍ ശേഖരിക്കുന്നതില്‍ അമ്മയെയും കൃഷികാര്യങ്ങളില്‍ പിതാവിനെയും സഹായിച്ചശേഷമായിരുന്നു സ്‌കൂള്‍ പഠനം. വീട്ടിലെത്തിയാല്‍ പഠിക്കാന്‍ സമയം കിട്ടുക കുറവായിരുന്നു. മണ്ണെണ്ണ വിളക്കായിരുന്നു ഉണ്ടായിരുന്നത്. പത്താംക്ലാസ് പാസാകുമ്പോഴേക്കും ബൈബിള്‍ പഴയ നിയമവും പുതിയ നിയമവും ഒന്നിലധികം തവണ പൂര്‍ണമായി വായിക്കാന്‍ കഴിഞ്ഞിരുന്നു. പത്താംക്ലാസ് കഴിഞ്ഞപ്പോള്‍ കോളജില്‍ പഠിക്കുവാന്‍ പോകുവാന്‍ പിതാവിന്റെ സഹോദരന്‍ പ്രേരിപ്പിച്ചു. അധ്യാപകനായ അദ്ദേഹം പഠനച്ചെലവുകള്‍ വഹിക്കാമെന്നും പറഞ്ഞു.
പക്ഷേ കുടുംബത്തെ സഹായിക്കാന്‍ ജോലി അനിവാര്യമായിരുന്നു. പ്രാര്‍ത്ഥിച്ച് ദൈവഹിതമാരാഞ്ഞ് തീരുമാനമെടുക്കുന്ന സ്വഭാവം അന്നും ഉണ്ടായിരുന്നു. തൊഴില്‍ തേടി മുംബൈയിലേക്ക് പോകാന്‍ ദൈവം പ്രേരിപ്പിച്ചു. പിതൃസഹോദരന്‍ നല്‍കിയ അഞ്ഞൂറ് രൂപയുമായി മുംബൈയ്ക്ക് വണ്ടി കയറി. അവിടെ നേരത്തെ എത്തിയിരുന്ന സഹോദരനോടൊപ്പം അഞ്ച് വര്‍ഷക്കാലം ജോലി ചെയ്തു. ആയിടെ യു.എ.ഇ.ലേക്ക് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന ഒരു ഏജന്‍സിയുടെ ഇന്റര്‍വ്യൂവില്‍ പങ്കെടുത്തു. രണ്ടാള്‍ക്കും സെലക്ഷന്‍ ലഭിച്ചു. യു.എ.ഇയില്‍ ഷാര്‍ജയിലാണ് രണ്ടാളും ജോലിയില്‍ ചേര്‍ന്നത്.
പിന്നീട് സ്വന്തമായി ചെറിയ കരാര്‍ ജോലികള്‍ ഏറ്റെടുത്ത് ചെയ്യാന്‍ ആരംഭിച്ചു. പെട്ടെന്ന് ആ രംഗത്ത് പുരോഗതി ഉണ്ടായി. ചെറുപ്പം മുതലുള്ള ശീലമനുസരിച്ച് രാവിലെ പ്രാര്‍ത്ഥിച്ച്, ദൈവസഹായം തേടിയായിരുന്നു ഓരോ ദിവസവും ജോലി തുടങ്ങിയിരുന്നത്. ഇപ്പോള്‍ യു.എ.ഇയില്‍ ഷാര്‍ജയില്‍ കുടുംബസഹിതം താമസമാക്കിയ നെജി ജയിംസ് ഷാര്‍ജ-അജ്മാന്‍ എമററ്റീസുകളിലെ എണ്ണപ്പെട്ട ബിസിനസുകാരനായി വളര്‍ന്നിരിക്കുന്നു.

അവിശ്വനീയം ഈ രക്ഷപ്പെടല്‍

2017-ല്‍ ഷാര്‍ജയ്ക്കടുത്ത അജ്മാനില്‍ ഒരു സ്വകാര്യ വ്യക്തിയുടെ കെട്ടിടങ്ങളും ഭൂമിയും നെജിയും സഹോദരനും ചേര്‍ന്ന് വിലയ്ക്ക് വാങ്ങി. നിരവധി സ്ഥാപനങ്ങള്‍ അവിടെ പ്രവര്‍ത്തിച്ചിരുന്നു. വെള്ളം ശുദ്ധീകരിച്ച് വീട്ടാവശ്യങ്ങള്‍ക്കും ഹോട്ടലുകള്‍ക്കും മറ്റും വിതരണം ചെയ്തിരുന്ന കമ്പനി ഇവിടെ പ്രവര്‍ത്തിച്ചിരുന്നു.
ആ കമ്പനി ഏറ്റെടുക്കാന്‍ കരാര്‍ ഉണ്ടാക്കി. പുതിയ പേരില്‍ കമ്പനി പ്രവര്‍ത്തനമാരംഭിക്കാന്‍ ക്രമീകരണങ്ങള്‍ ചെയ്തു. കെട്ടിടത്തില്‍ അറ്റകുറ്റപ്പണികള്‍ നടത്തുകയും കൂടുതല്‍ ആധുനിക മെഷീനുകള്‍ കൊണ്ടുവരികയും ചെയ്തു. കെട്ടിടത്തില്‍ ഒരു നില ആധുനിക സൗകര്യങ്ങളുള്ള ഒരു ഓഡിറ്റോറിയം ആക്കിമാറ്റാന്‍ തീരുമാനിച്ചു.
ഓഡിറ്റോറിയം തയാറാക്കുന്നതിന് വലിയ ഒരു ഉരുക്ക് തട്ട് മുകള്‍ഭാഗത്ത് പിടിപ്പിക്കുന്ന പ്രവൃത്തി നടക്കുകയായിരുന്നു. ഉച്ചഭക്ഷണത്തിന് തൊഴിലാളികള്‍ പുറത്ത് പോയി. നെജി ഓഡിറ്റോറിയത്തിന് നിര്‍ദേശിക്കപ്പെട്ട ഭാഗത്ത് നില്‍ക്കുകയായിരുന്നു. മുകളില്‍ ഉരുക്ക് തട്ട് ഉറപ്പിച്ചശേഷമായിരുന്നു താഴത്തെ പണികള്‍ ചെയ്യേണ്ടിയിരുന്നത്. സമീപത്ത് മറ്റൊരു ഭാഗത്തുണ്ടായിരുന്ന ജ്യേഷ്ഠന്‍ പെട്ടെന്ന് നെജിയെ അങ്ങോട്ടേക്ക് വിളിച്ചു. നെജി ജ്യേഷ്ഠന്റെ അടുത്തെത്തിയ ഉടനെ അതിഭയങ്കരമായ ഒരു സ്‌ഫോടനശബ്ദം കേട്ടു. മുകളില്‍ ഉറപ്പിക്കാന്‍ ക്രെയിനില്‍ ഉയര്‍ത്തിയിരുന്ന ഉരുക്ക് തട്ട് ക്രെയിനുമായുള്ള ബന്ധം തകര്‍ന്ന് താഴേക്ക് പതിക്കുകയായിരുന്നു. ദൈവം വിളിച്ചുമാറ്റിയതുപോലെയായിരുന്നു നെജിയുടെ രക്ഷപ്പെടല്‍.
വൈകാതെ മുന്‍ പ്ലാന്‍ അനുസരിച്ച് ഉരുക്ക് മേല്‍തട്ട് മുകളില്‍ ഉറപ്പിച്ച് ആധുനിക സൗകര്യങ്ങളോടെ ഓഡിറ്റോറിയം പ്രവര്‍ത്തന സജ്ജമാക്കി. ഇതോടെ ജ്യേഷ്ഠനും അനുജനും ചേര്‍ന്ന് ഒരു തീരുമാനമെടുത്തു – ഓഡിറ്റോറിയം ദൈവികശുശ്രൂഷകള്‍ക്കായി, പ്രാര്‍ത്ഥനായോഗങ്ങള്‍, ബൈബിള്‍ കണ്‍വന്‍ഷനുകള്‍, ബൈബിള്‍ ക്ലാസുകള്‍ തുടങ്ങിയവയ്ക്ക് സൗജന്യമായി നല്‍കുമെന്ന്. വാടകയ്ക്ക് നല്‍കിയാല്‍ പ്രതിമാസം ലക്ഷങ്ങള്‍ ലാഭമുണ്ടാക്കാമെങ്കിലും അത് ഉപേക്ഷിച്ചിരിക്കുകയാണ് ഇവര്‍.
പോട്ട ധ്യാനകേന്ദ്രത്തിലെ വൈദികര്‍ ഉള്‍പ്പെടെ, ധാരാളം പ്രമുഖ വചനപ്രഘോഷകര്‍ ഇവിടെ ബൈബിള്‍ കണ്‍വന്‍ഷനുകളില്‍ ദൈവവചനം പകര്‍ന്നു നല്‍കിയിട്ടുണ്ട്. ഭാര്യ ലീന നെജിയും മൂന്ന് കുട്ടികളുമുള്ള നെജി ജയിംസിന്റെ കുടുംബം ഷാര്‍ജയിലാണ് താമസം. ഷാര്‍ജ സെന്റ് മൈക്കിള്‍സ് ഇടവകാംഗങ്ങളാണ്. മാതാപിതാക്കള്‍ കോതമംഗലത്ത് താമസിക്കുന്നു. സുവിശേഷ പ്രഘോഷണത്തിലും ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കും സമയം കണ്ടെത്തുന്ന ഈ പ്രവാസി വ്യവസായി മണലാരണ്യത്തില്‍ ശക്തമായ ക്രൈസ്തവ സാക്ഷ്യമാണിന്ന്.


Related News