Loading ...

Home International

ഒരു വേനല്‍ക്കാലത്തും ഇങ്ങനെയൊരു സാഹചര്യം ഉണ്ടായിട്ടില്ലെന്ന് ലോക കാലാവസ്ഥാ സംഘടന

എക്കാലത്തെയും ചൂടേറിയ താപനില അന്റാര്‍ട്ടിക്കയില്‍ രേഖപ്പെടുത്തി. അന്റാര്‍ട്ടിക്കിലെ സമൂര്‍ ഐലന്‍ഡില്‍ ആണ് ഏറ്റവും കൂടിയ താപനില അനുഭവപ്പെട്ടത്. 20.7 ഡിഗ്രി സെല്‍ഷ്യസ് (68 ഡിഗ്രി ഫാരന്‍ഹീറ്റ്) ആണ് താപനില. ബ്രസീലിയന്‍ ശാസ്ത്രജ്ഞരാണ് ഈ വിവരം പുറത്തുവിട്ടത്. ഒരാഴ്‌ച്ചക്കിടെ രണ്ടാം തവണയാണ് അന്റാര്‍ട്ടിക്കയില്‍ റെക്കോഡ് ചൂട് രേഖപ്പെടുത്തുന്നത്. ആറ് ദിവസം മുൻമ്പാണ് അന്റാര്‍ട്ടിക്ക് ഉപദ്വീപിന്റെ വടക്കേ അറ്റത്തുള്ള എസ്‌പെരന്‍സ ബേസില്‍ ഏറ്റവും കൂടിയ താപനില അനുഭവപ്പെട്ടത്. 18.3 ഡിഗ്രി സെല്‍ഷ്യസ് (64.94 ഡിഗ്രി ഫാരന്‍ഹീറ്റ്) ആയിരുന്നു അന്ന് രേഖപ്പെടുത്തിയത്. ഇപ്പോള്‍ അതിനെയും മറികടന്നാണ് ഇവിടെ ചൂട് കുതിക്കുന്നത്. സാധാരണയായി വേനല്‍ കാലത്ത് പോലും അന്റാര്‍ട്ടിക്കയില്‍ ഇങ്ങനെയൊരു സാഹചര്യം ഉണ്ടാകാറില്ലെന്ന് ലോക കാലാവസ്ഥ സംഘടനയുടെ വക്താവ് പറഞ്ഞു. 2015 ല്‍ രേഖപ്പെടുത്തിയ 17.5 ഡിഗ്രി സെല്‍ഷ്യസ് ആണ് ഇതിന് മുന്‍പത്തെ റെക്കോര്‍ഡ് താപനില. പുതിയ താപനില ഭൂഖണ്ഡത്തിന്റെ പുതിയ റെക്കോര്‍ഡാണോയെന്ന് ഡബ്ല്യുഎംഒ കമ്മിറ്റി പരിശോധിക്കും. ആഗോള താപനത്തെ തുടര്‍ന്ന് ദക്ഷിണധ്രുവത്തിന് ചുറ്റുമുള്ള ഹിമപാളികള്‍ ഉരുകുന്നത് വലിയ തോതില്‍ ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് അന്റാര്‍ട്ടിക്കയില്‍ ചൂട് കൂടുന്നതായി വാര്‍ത്തകള്‍ പുറത്തു വരുന്നത്. ഹിമപാളികള്‍ ഉരുകുന്നത് മൂലം നൂറ്റാണ്ടുകള്‍ കൊണ്ട് ആഗോള സമുദ്രനിരപ്പ് കുറഞ്ഞത് മൂന്ന് മീറ്റര്‍ (10 അടി) ഉയരുമെന്നും കരുതപ്പെടുന്നു. ദ്രുത വേഗത്തിലാണ് മഞ്ഞുപാളികള്‍ ഉരുകുന്നത്. 1979 നും 2017 നുമിടയില്‍ അന്റാര്‍ട്ടിക്ക് ഹിമപാളിയില്‍ നിന്നും പ്രതിവര്‍ഷം നഷ്ടപെടുന്ന മഞ്ഞിന്റെ അളവ് കുറഞ്ഞത് ആറിരട്ടിയായി വര്‍ധിച്ചുവെന്നും ഡബ്ല്യൂ എം ഒ വക്താവ് അറിയിച്ചു.


Related News