Loading ...

Home International

മരണം മൂന്ന്, രോഗബാധ 1700ല്‍ അധികം- അജ്ഞാത വൈറസ് ഭീതിയില്‍ ചൈന; ഏഷ്യന്‍ രാജ്യങ്ങള്‍ക്കും ഭീഷണി

ചൈനയിലെ അജ്ഞാത വൈറസ് ബാധയെ തുടര്‍ന്ന് മൂന്ന് മരണമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. ഒരു ഇന്ത്യക്കാരിയില്‍ ഉള്‍പ്പെടെ വൈറസ് ബാധ സ്ഥിരീകരിച്ചത് 201 പേരിലാണെങ്കിലും 1700-ലധികം പേര്‍ക്ക് ഇതിനകം വൈറസ് ബാധിച്ചിട്ടുണ്ടെന്നാണ് ലണ്ടനിലെ ഇംപീരിയല്‍ കോളേജിലെ എം.ആര്‍.സി. സെന്റര്‍ ഫോര്‍ ഗ്ലോബല്‍ ഇന്‍ഫെക്ഷ്യസ് ഡിസീസസ് അനാലിസിസിലെ ശാസ്ത്രജ്ഞര്‍ വെളിപ്പെടുത്തിയത്. രോഗവ്യാപനത്തിന്റെ തോത് ഇനിയും കൂടുമെന്നുള്ള അനൗദ്യോഗിക കണക്കുകള്‍ വേറെയും പുറത്തുവരുന്നു. അജ്ഞാതവൈറസ് ബാധ മരണത്തില്‍ വരെ കലാശിച്ചേക്കാം എന്നതിനാല്‍ ആശങ്കയുണര്‍ത്തുകയാണ് ഈ കണക്കുകള്‍.
             കൊറോണ വൈറസ് കുടുംബത്തിലെ അജ്ഞാത വൈറസാണ് രോഗം പടര്‍ത്തുന്നതെന്നാണ് ശാസ്ത്രലോകത്തിന്റെ നിഗമനം. 2003-2004 വര്‍ഷങ്ങളില്‍ ചൈനയിലും ഹോങ്കോങ്ങിലുമായി നൂറുകണക്കിനാളുകളുടെ മരണത്തിനിടയാക്കിയ സാര്‍സ് വൈറസുമായി à´ˆ അജ്ഞാത വൈറസിന് സാമ്യമുണ്ടെന്നാണ് പ്രാഥമികമായി കണ്ടെത്തിയത്. കൂടുതല്‍ പരിശോധനയില്‍ കൊറോണ വൈറസ് വിഭാഗത്തില്‍പ്പെട്ട നോവല്‍ കൊറോണ വൈറസ്.(ncov-2019) രോഗകാരണമെന്ന് കണ്ടെത്തി. വൈറസ് ബാധ മരണത്തിനു വരെ കാരണമാവുന്നു എന്നതിനാല്‍ അതീവജാഗ്രതാ നിര്‍ദേശമാണ് രാജ്യത്ത് പുറപ്പെടുവിച്ചിരിക്കുന്നത്. വുഹാന്‍ കൊറോണ വൈറസ്, ചൈനീസ് ന്യൂമോണിയ, വുഹാന്‍ ന്യുമോണിയ, 2020 നോവല്‍ കോറോണ വൈറസ് എന്നീ പേരുകളിലും രോഗം അറിയപ്പെടുന്നു. 2019 ഡിസംബറില്‍ ചൈനയിലെ വുഹാനിലെ ഹൂബൈ പ്രവിശ്യയിലാണ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. ന്യൂമോണിയയ്ക്ക് സമാനമായിരുന്നു രോഗം. ദിവസങ്ങള്‍ക്കുളളില്‍ 200ലേറെ പേരില്‍ രോഗബാധ സ്ഥിരീകരിച്ചു. വുഹാനിലെ കടല്‍വിഭവ മാര്‍ക്കറ്റുമായി ബന്ധപ്പെട്ടവരിലാണ് രോഗബാധ കൂടുതല്‍ സ്ഥിരീകരിച്ചത്. പരിശോധനയില്‍ ഇക്കാര്യം കണ്ടെത്തിയതോടെ ജനുവരി ആദ്യവാരം à´ˆ മാര്‍ക്കറ്റ് അടച്ചുപൂട്ടി. എന്നാല്‍ മാര്‍ക്കറ്റുമായി ബന്ധപ്പെടാത്തവരിലും രോഗബാധ സ്ഥിരീകരിച്ചതോടെയാണ് അജ്ഞാത വൈറസിന്റെ ആക്രമണത്തെ ലോകം ഏറെ ഭയന്നുതുടങ്ങിയത്. പിന്നീട് 2020 ജനുവരി പകുതിയോടെ ചൈനയ്ക്ക് പുറമേ തായ്‌ലന്‍ഡിലും ജപ്പാനിലും സൗത്ത് കൊറിയയിലും യാത്രക്കാരായെത്തിയ മൂന്ന് പേരില്‍ രോഗം റിപ്പോര്‍ട്ട് ചെയ്തു. ഇവര്‍ ചൈനയില്‍ നിന്നെത്തിയവരാണെന്നാണ് കണ്ടെത്തല്‍.
                                വൈറസ് മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക് വ്യാപിക്കുന്നു. എന്നാല്‍ വൈറസ് മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് പകരുമോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. അതിനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നാണ് ചൈനയിലെ ആരോഗ്യവകുപ്പിന്റെ വിശദീകരണം. മുന്‍കരുതലിന്റെ ഭാഗമായി യുഎസ് അടക്കമുള്ള വിദേശരാജ്യങ്ങള്‍ വിമാനത്താവളങ്ങളില്‍ പരിശോധന ശക്തമാക്കിയിട്ടുണ്ട്.





Related News