Loading ...

Home International

ഉക്രൈന്‍ യാത്രാ വിമാനം വെടിവച്ചിട്ടത് ഇറാന്‍ സൈന്യം തന്നെ; തെറ്റുപറ്റിയെന്ന് സമ്മതിച്ചു

ടെഹ്‌റാന്‍: ഉക്രൈന്‍ യാത്രാ വിമാനം വെടിവച്ചിട്ടത് ഇറാന്‍ സൈന്യം തന്നെ. ഇറാന്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ജവാദ് സരീഫ് ഇക്കാര്യം സമ്മതിച്ചു. ഉക്രൈന്‍ വിമാനം തകര്‍ന്നതില്‍ തങ്ങള്‍ക്ക് ബന്ധമില്ലെന്നാണ് ദിവസങ്ങളായി ഇറാന്‍ പറഞ്ഞിരുന്നത്. എന്നാല്‍ ദുരന്തത്തിന് കാരണങ്ങള്‍ ഓരോന്നായി അന്തര്‍ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ടതോടെയാണ് ഇറാന്റെ കുറ്റസമ്മതം. കഴിഞ്ഞ ബുധനാഴ്ച രാവിലെയാണ് ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനിലെ വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന ഉടനെ വിമാനം തകര്‍ന്നുവീണത്. സാങ്കേതിക തകരാറാണ് സംഭവത്തിന് പിന്നിലെന്നാണ് ആദ്യം ഇറാന്‍ പറഞ്ഞത്. ബ്ലാക്ക് ബോക്‌സ് കൈമാറില്ലെന്നും അവര്‍ അറിയിച്ചിരുന്നു.എന്നാല്‍ തകര്‍ന്നുവീഴാന്‍ യാതൊരു കാരണവുമില്ലെന്ന് ഉക്രൈന്‍ സംശയം പ്രകടിപ്പിച്ചു. മാത്രമല്ല, സാങ്കേതിക തകരാര്‍ സംഭവിച്ചിരുന്നുവെങ്കില്‍ വിവരങ്ങള്‍ നിയന്ത്രണ കേന്ദ്രത്തില്‍ അറിയുമായിരുന്നു. അതുണ്ടായില്ല.തുടര്‍ന്നാണ് ഇറാന്‍ സൈന്യം സംഭവത്തെ കുറിച്ച് അന്വേഷണം നടത്തിയത്. അമേരിക്ക മേഖലയില്‍ സൃഷ്ടിച്ച പ്രത്യേക സാഹചര്യമാണ് സൈന്യത്തിന് പിഴവ് സംഭവിക്കാന്‍ ഇടയാക്കിയതെന്ന ഇറാന്‍ ന്യായീകരിക്കുന്നു. മാനുഷികമായ പിഴവാണ് സംഭവിച്ചിരിക്കുന്നതെന്നും സംഭവത്തില്‍ ഖേദമുണ്ടെന്നും ഇറാന്‍ വിദേശകാര്യമന്ത്രി സരീഫ് പറഞ്ഞു.167 യാത്രക്കാരടക്കം 176 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ആരും രക്ഷപ്പെട്ടില്ല. 82 ഇറാന്‍ സ്വദേശികളും 57 കാനഡക്കാരും 11 ഉക്രൈന്‍ സ്വദേശികളും വിമാനത്തിലുണ്ടായിരുന്നു. ഉക്രൈന്‍ വിമാനക്കമ്പനിയുടെ നിയന്ത്രണത്തിലുള്ളതായിരുന്നു വിമാനം.ഇറാഖിലെ അമേരിക്കന്‍ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ ഇറാന്‍ സൈന്യം ആക്രമണം തുടങ്ങിയ വേളയിലാണ് ഉക്രൈന്‍ വിമാനവും തകര്‍ന്ന് വീണത്. അമേരിക്കയും കാനഡയും ഇറാന് സംഭവത്തില്‍ ബന്ധമുണ്ടെന്ന് സംശയം പ്രകടിപ്പിച്ചിരുന്നു. പ്രമുഖ മാധ്യമങ്ങളും വാര്‍ത്ത നല്‍കി. തൊട്ടുപിന്നാലെയാണ് ഇറാന്റെ കുറ്റസമ്മതം.

Related News