Loading ...

Home International

അഭയാര്‍ഥികള്‍ക്കായി കത്തോലിക്ക- ഓര്‍ത്തഡോക്‌സ് സഭകള്‍ കൈകോര്‍ക്കുന്നു.

സ്‌ബോസ് (ഗ്രീസ്): പതിറ്റാണ്ടുകള്‍ നീണ്ട ദൈവശാസ്ത്രപരവും ചരിത്രപരവുമായ തര്‍ക്കങ്ങള്‍ മാറ്റിവച്ച് റോമന്‍ കത്തോലിക്ക സഭയും ആഗോള ഓര്‍ത്തഡോക്‌സ് ക്രൈസ്തവ സഭകളും അഭയാര്‍ഥികള്‍ക്കു വേണ്ടി കൈകോര്‍ക്കുന്നു. ഫ്രാന്‍സിസ് മാര്‍പ്പാപ്പയും ഓര്‍ത്തഡോക്‌സ് ക്രൈസ്തവ സഭകളുടെ മേധാവികളുമാണ് യൂറോപ്പിലെ അഭയാര്‍ഥി പ്രവാഹത്തില്‍ ഇടപെടുന്നത്. സംഘം ഗ്രീക്ക് ദ്വീപായ ലെസ്‌ബോസ് സന്ദര്‍ശിക്കും.ലോകത്തിലെ 250 മില്യണ്‍ ഓര്‍ത്തഡോക്‌സ് ക്രിസ്ത്യാനികളുടെ മേലധ്യക്ഷനായ ബര്‍ത്തലോമ്യയും ഗ്രീക്ക് ഓര്‍ത്തഡോക്‌സ് സഭ മേലധ്യക്ഷനായ ലെറോണിമോസ് രണ്ടാമനുമാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പയ്‌ക്കൊപ്പം ലെസ്‌ബോസ് സന്ദര്‍ശിക്കുക. യൂറോപ്പിലെ കത്തോലിക്ക പള്ളികള്‍ അഭയാര്‍ഥികളെ സ്വീകരിക്കണമെന്ന് നിരന്തരം ആവശ്യപ്പെടുന്നയാളാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായി സ്ഥാനമേറ്റെടുത്ത ശേഷം 2013ല്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ നടത്തിയ ആദ്യ സന്ദര്‍ശനം സിസിലിയന്‍ ദ്വീപായ ലാംപഡ്യൂസയിലേക്കായിരുന്നു. ലെസ്‌ബോസിനെപ്പോലെ ആയിരക്കണക്കിന് അഭയാര്‍ഥികളെ സ്വീകരിക്കുന്ന സ്ഥലമാണ് ലാംപെഡ്യൂസ.സംഘം ശനിയാഴ്ച മോറിയ സന്ദര്‍ശിക്കും. യൂറോപ്യന്‍ യൂണിയനും തുര്‍ക്കിയും തമ്മില്‍ ധാരണയായതിനെത്തുടര്‍ന്ന് ഇവിടെ 3,000ല്‍ അധികം അഭയാര്‍ഥികളുണ്ട്. അഭയം തേടിയുള്ള അപേക്ഷ നിരസിക്കപ്പെട്ടാല്‍ ഇവരില്‍ പലരെയും തുര്‍ക്കിയിലേക്ക് തിരിച്ചയയ്ക്കാനാണ് ധാരണ. സംഘം 250 അഭയാര്‍ഥികളെ കാണും.പട്ടിണിയും യുദ്ധവും കാരണം സിറിയ, ഇറാഖ്, അഫ്ഗാനിസ്ഥാന്‍ എന്നിവങ്ങളില്‍ നിന്ന് ജീവന്‍ കൈയില്‍പിടിച്ചുകൊണ്ട് തുര്‍ക്കി തീരത്തുനിന്ന് സമുദ്രം താണ്ടിയാണ് അഭയാര്‍ഥികള്‍ ലെസ്‌ബോസിലെത്തുന്നത്. ഇവിടെ നിന്ന് ഗ്രീസിലേക്കും പിന്നീട് നല്ലൊരു ജീവിതം സ്വപ്നം കണ്ട് യൂറോപ്പിലേക്കും കടക്കുകയാണ് ലക്ഷ്യം. ഈ യാത്രയില്‍ നൂറുകണക്കിനുപേരാണ് മരിക്കുന്നത്. പലരെയും യാത്ര, തിരിച്ചറിയല്‍ രേഖകളില്ലെന്നപേരില്‍ തിരിച്ചയയ്ക്കാറുമുണ്ട്.

Related News