Loading ...

Home International

ശ്രീലങ്കയില്‍ ഇടക്കാല മന്ത്രിസഭ

കൊളംബോ : ശ്രീലങ്കന്‍ പ്രസിഡന്റ്‌ ഗോതബായ രജപക്‌സ തന്റെ രണ്ട്‌ സഹോദരങ്ങളെ ഉള്‍പ്പെടുത്തി വെള്ളിയാഴ്ച 16 അംഗ ഇടക്കാല മന്ത്രിസഭയ്ക്ക്‌ രൂപം നല്‍കി. രണ്ട്‌ തമിഴ്‌ വംശജരും മന്ത്രിസഭയിലുണ്ട്. ഇടതുകക്ഷിയായ മഹാജന എക്‌സാത്ത്‌ പേരമുനയുടെ മുതിര്‍ന്ന നേതാവ്‌ ദിനേശ്‌ ഗുണവര്‍ധന വിദേശകാര്യ മന്ത്രിയായി.ഗോതബായയുടെ മൂത്ത സഹോദരനും പ്രധാനമന്ത്രിയുമായ മഹിന്ദ രജപക്‌സക്ക് പ്രതിരോധ, സാമ്ബത്തിക മന്ത്രാലയങ്ങളുടെ ചുമതല നല്‍കി. മറ്റൊരു സഹോദരന്‍ ചമല്‍ രജപക്‌സയെ ഭക്ഷ്യ സുരക്ഷാമന്ത്രിയാക്കി. വടക്കന്‍ മേഖലയിയില്‍നിന്നും മധ്യ ശ്രീലങ്കയിലെ തേയിലത്തൊട്ടംമേഖലയില്‍നിന്നുമാണ്‌ രണ്ട്‌ തമിഴ്‌ ന്യൂനപക്ഷ അംഗങ്ങള്‍. സഹമന്ത്രിമാരെ അടുത്ത ആഴ്ച നിയമിക്കുമെന്നും ഗോതബായ മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ അറിയിച്ചു. പരാജയപ്പെട്ട പ്രസിഡന്റ്‌ സ്ഥാനാര്‍ഥി സജിത് പ്രേംദാസയെ ശ്രീലങ്കന്‍ പ്രതിപക്ഷ നേതാവാകണമെന്ന്‌ തമിഴ്‌ ന്യൂനപക്ഷങ്ങള്‍. രാജിവച്ച പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെയ്ക്ക്‌ പകരം പ്രേംദാസ പ്രതിപക്ഷ നേതാവായി വരണമെന്ന് തമിഴ്‌ ദേശീയസഖ്യം (ടിഎന്‍എ) നിലപാടെടുത്തു.സജിത് പ്രേംദാസ നവംബര്‍ 16ന്‌ നടന്ന തെരഞ്ഞെടുപ്പില്‍ ഗോതബായയോട്‌ തോറ്റതോടെ യുഎന്‍പിയില്‍ കടുത്ത ഭിന്നത രൂപംകൊണ്ടിരുന്നു. വിക്രമസിംഗെയും പ്രേംദാസയും തമ്മില്‍ പ്രതിപക്ഷ നേതാവിന്റെ സ്ഥാനത്തിനായി കടുത്ത മത്സരത്തിലാണ്‌. യുഎന്‍പി എംപിമാരും പ്രേംദാസയെ പ്രതിപക്ഷ നേതാവായി നിയമിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ പാര്‍ലമെന്റ്‌ സ്‌പീക്കര്‍ക്ക്‌ കത്തയച്ചിരുന്നു. 55 ലക്ഷം വോട്ട്‌ നേടിയ പ്രേംദാസാണ്‌ പ്രതിപക്ഷ നേതാവാകാന്‍ അര്‍ഹനെന്ന്‌ നേതാക്കള്‍ പറഞ്ഞതായി ശ്രീലങ്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തു.

Related News