Loading ...

Home International

പ്ലൂട്ടോയിലേയും കുയ്പെര്‍ ബെല്‍റ്റിലേയും രഹസ്യങ്ങളറിയാന്‍ നാസയുടെ പുതിയ ഓര്‍ബിറ്റര്‍

2015 ലാണ് നാസയുടെ ന്യൂ ഹൊറൈസണ്‍ പേടകം പ്ലൂട്ടോയ്ക്കരികില്‍ എത്തിയത്.സൗരയൂഥത്തിന്റെ അങ്ങേയറ്റത്തിരിക്കുന്ന പ്ലൂട്ടോയെ കുറിച്ചുള്ള മനുഷ്യന്റെ അന്വേഷണത്തിന് വഴിമരുന്നിടുന്ന വിവരങ്ങളാണ് പേടകംനല്‍കിയത്.എന്നാല്‍ പ്ലൂട്ടോയെ കുറിച്ച്‌ വിശദമായൊരു പഠനത്തിന് ആവശ്യമായ ഉപകരണങ്ങളൊന്നും ന്യൂ ഹൊറൈസണില്‍ ഉണ്ടായിരുന്നില്ല. അതിനാല്‍ തന്നെ പ്ലൂട്ടോയുമായി ബന്ധപ്പെട്ട വിശദ പഠനത്തിനായിമറ്റൊരു പ്ലൂട്ടോ ഉദ്യമത്തിന് നാസ കോപ്പുകൂട്ടുകയാണ്. പ്ലൂട്ടോയെ കുറിച്ചും കുയ് പെര്‍ ബെല്‍റ്റ് ഭാഗത്തെ മറ്റ് വസ്തുക്കളെ കുറിച്ചുംവിശദമായി പഠിക്കാന്‍ ഒരു ഓര്‍ബിറ്റര്‍ അയക്കാനുള്ള സാധ്യതകള്‍ തേടുകയാണ് നാസ. ഇതിനായി സൗത്ത് വെസ്റ്റ് റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ടിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പ്ലൂട്ടോയിലേക്ക് ഓര്‍ബിറ്റര്‍ അയക്കുന്നതിനായി ആവശ്യമാവുന്ന ചെലവ് ഉള്‍പ്പടെയുള്ള സാധ്യതകള്‍ പഠിക്കാനാണ് ഇന്‍സ്റ്റിറ്റ്യൂട്ടിനെ ചുമതലപ്പെടുത്തിയിരിക്കുന്നത്. ഒരൊറ്റ ഓര്‍ബിറ്റര്‍ ഉപയോഗിച്ച്‌ രണ്ട് ഭൗമ വര്‍ഷത്തോളം പ്ലൂട്ടോയെ നിരീക്ഷിക്കാനും അതിന് ശേഷം പ്ലൂട്ടോ സ്ഥിതി ചെയ്യുന്ന കുയ്പെര്‍ ബെല്‍റ്റ് എന്ന ഭാഗത്തെ മറ്റ് വസ്തുക്കളെ നിരീക്ഷിക്കാനുമാണ് ഗവേഷകര്‍ ആഗ്രഹിക്കുന്നത് എന്ന് സൗത്ത് വെസ്റ്റ് റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്ലൂട്ടോ ഓര്‍ബിറ്റര്‍ പദ്ധതിയ്ക്ക് വേണ്ടിയുള്ള പഠനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന കാര്‍ലി ഹോവെറ്റ് പറഞ്ഞു. ന്യൂ ഹൊറൈസണ്‍ പേടകത്തേക്കാള്‍ വലിയ ഉപകരണമാവും പ്ലൂട്ടോയിലേക്ക് അയക്കുക. ഇതിന്റെ പ്രഥമ രൂപകല്‍പനയും സൗത്ത് വെസ്റ്റ് റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ട് ആരംഭിച്ചുകഴിഞ്ഞു. പുതിയ ഇലക്‌ട്രോ പ്രൊപ്പല്‍ഷന്‍ സംവിധാനം ഉപയോഗിച്ചായിരിക്കും ഓര്‍ബിറ്ററിനെ പ്ലൂട്ടോയ്ക്കരികില്‍ എത്തിക്കുക. രണ്ട് വര്‍ഷത്തോളം പ്ലൂട്ടോയെ വലം വെച്ചതിന് ശേഷം പ്ലൂട്ടോയുടെ ഉപഗ്രഹമായ ചാരോണിന്റെ ഗുരുത്വാകര്‍ഷണം പ്രയോജനപ്പെടുത്തി പ്ലൂട്ടോയുടെ ഭ്രമണപഥത്തില്‍ നിന്ന് ഒര്‍ബിറ്ററിനെ പുറത്തുകടത്താനും കുയ്പെര്‍ ബെല്‍റ്റിലേക്ക് തിരികെയെത്തിക്കാനുമാണ് ഗവേഷകര്‍ ഉദ്ദേശിക്കുന്നത്. സൗരയൂഥത്തില്‍ ഏറ്റവും ദൂരം സഞ്ചരിച്ച റെക്കോര്‍ഡ് ന്യൂ ഹൊറൈസണ്‍സ് പേടകത്തിനാണ്. 2019 ലെ മാര്‍ച്ചില്‍ ന്യൂ ഹൊറൈസണ്‍ ഭൂമയില്‍ നിന്നും 660 കോടി കിലോമീറ്റര്‍ ദൂരത്താണുള്ളത്. പ്ലൂട്ടോ ഉദ്യമത്തിന് ശേഷം കുയ്പെര്‍ ബെല്‍റ്റിലെത്തിയ ന്യൂ ഹൊറൈസണ്‍ പേടകം 2021 വരെ വിവരശേഖരണത്തിലേര്‍പ്പെടും.

Related News