നടപ്പാതയില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നതിനെതിരെ നടപടി വേണമെന്ന് ഹൈക്കോടതി

കൊച്ചി:നടപ്പാതയില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നതിനെതിരെ നടപടി വേണമെന്ന് ഹൈക്കോടതി. നടപ്പാതകളിലെ വാഹന പാര്‍ക്കിങ് കുറ്റകരമാണെന്ന അവബോധം ജനങ്ങളിലുണ്ടാക്കണമെന്നും കോടതി പറഞ്ഞു.ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കാനും നിര്‍ദേശിച്ചു. എറണാകുളം ബാനര്‍ജി റോഡിലെ നടപ്പാതകളില്‍ വാഹനം പാര്‍ക്ക് ചെയ്തതിന് മൂവായിരത്തിലേറെ കേസ് രജിസ്റ്റര്‍ ചെയ്തതായി സര്‍ക്കാര്‍ അറിയിച്ചപ്പോഴാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ നിര്‍ദേശം.

സംസ്ഥാനത്തെ റോഡുകള്‍ സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജികളാണ് കോടതി പരിഗണിച്ചത്. റോഡുകളുടെ നിര്‍മാണപുരോഗതിയിലും അഴിമതി തടയാന്‍ വിജിലന്‍സ് സ്വീകരിച്ച നടപടികളിലും കോടതി സംതൃപ്തി രേഖപ്പെടുത്തി. റോഡ് നിര്‍മാണത്തെക്കുറിച്ചുള്ള പൊതുമരാമത്ത് ചീഫ് എന്‍ജിനിയറുടെ റിപ്പോര്‍ട്ടും വിജിലന്‍സിന്റെ നടപടികളെക്കുറിച്ച്‌ ഡയറക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടും കോടതിയില്‍ സമര്‍പ്പിച്ചു.

റോഡരികിലെ അപകടകരമായ കേബിളുകളിലേറെയും കെഎസ്‌ഇബിയുടേതാണെന്ന് കൊച്ചി നഗരസഭ അറിയിച്ചതോടെ കെഎസ്‌ഇബിയെ കേസില്‍ കക്ഷി ചേര്‍ത്തു. റോഡ്–-വാഹന നിയമങ്ങള്‍ ലംഘിക്കുന്ന ബസുകള്‍ക്കെതിരെ നടപടി എടുക്കാന്‍ കോടതി നിര്‍ദേശിച്ചു. കോട്ടയം കോതനല്ലൂര്‍ സ്കൂളിലേക്കുള്ള റോഡിന്റെ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടി പത്തുവയസ്സുകാരന്‍ എഴുതിയ കത്ത് പരിഗണിച്ച്‌ അടിയന്തരനടപടിക്കും നിര്‍ദേശം നല്‍കി. മുളവുകാട് പഞ്ചായത്തിലേക്കുള്ള റോഡിന്റെ ശോച്യാവസ്ഥയെക്കുറിച്ച്‌ റിപ്പോര്‍ട്ട് തയ്യാറാക്കാനും കോടതി നിര്‍ദേശിച്ചു. സ്പെഷ്യല്‍ ഗവ. പ്ലീഡര്‍ പി സന്തോഷ്കുമാര്‍, സീനിയര്‍ ഗവ. പ്ലീഡര്‍ കെ വി മനോജ്കുമാര്‍ എന്നിവര്‍ ഹാജരായി.

Sharing

Leave your comment

Your email address will not be published. Required fields are marked *