ഗുജറാത്ത് തെരഞ്ഞെടുപ്പ്; സഖ്യം പ്രഖ്യാപിച്ച്‌ കോണ്‍ഗ്രസും എന്‍.സി.പിയും

ഗാന്ധിനഗര്‍: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി കോണ്‍ഗ്രസും – എന്‍.സി.പിയും സഖ്യം പ്രഖ്യാപിച്ചു.സഖ്യത്തിന്റെ ഭാഗമായി എന്‍.സി.പി മൂന്നിടത്ത് മത്സരിക്കും. ഉംരേത്ത്, നരോദ, ദേവഗഡ് ബാരിയ എന്നീ സീറ്റുകളിലേക്കാണ് മത്സരിക്കുന്നതെന്ന് കോണ്‍ഗ്രസ് ഗുജറാത്ത് പ്രസിഡന്‍റ് ജഗദീഷ് താക്കൂര്‍ പറഞ്ഞു.

പാര്‍ട്ടി ഞങ്ങളില്‍ അര്‍പ്പിച്ച വിശ്വാസത്തിന് ഞാന്‍ നന്ദിയുള്ളവനാണ്. എന്‍.സി.പിയുടെ പ്രതിച്ഛായക്ക് കോട്ടം തട്ടുന്ന യാതൊരു പ്രവൃത്തിയും ഞങ്ങള്‍ ചെയ്യില്ല -എന്‍.സി.പി സംസ്ഥാന അധ്യക്ഷന്‍ ജയന്ത് പട്ടേല്‍ പറഞ്ഞു.2017ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 77 സീറ്റും എന്‍.സി.പിക്ക് ഒരു സീറ്റുമാണ് ലഭിച്ചത്.ദീര്‍ഘകാലം എന്‍.സി.പിയും കോണ്‍ഗ്രസും ഗുജറാത്തില്‍ സഖ്യത്തിലായിരുന്നു. 2017ല്‍ രാജ്യസഭാ സീറ്റിലേക്ക് അഹമ്മദ് പട്ടേലിനെ വീണ്ടും തെരഞ്ഞെടുത്ത സമയത്താണ് ഇരു പാര്‍ട്ടികളും തമ്മില്‍ ഭിന്നത രൂക്ഷമായത്. മത്സരത്തില്‍ പട്ടേല്‍ ഒരു വോട്ടിന് വിജയിച്ചു. എന്‍.സി.പി പട്ടേലിനെ പിന്തുണച്ചില്ലെന്നും ബി.ജെ.പിയുടെ ബി ടീമിനെപ്പോലെ പ്രവര്‍ത്തിച്ചതെന്നും കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.

2017ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും എന്‍.സി.പിയും തനിച്ചാണ് മത്സരിച്ചത്. എന്‍.സി.പിയുടെ കണ്ടല്‍ ജഡേജ മാത്രമാണ് അന്ന് വിജയിച്ചത്. പോര്‍ബന്തര്‍ ജില്ലയിലെ കുട്ടിയാന നിയമസഭാ സീറ്റിനെയാണ് അദ്ദേഹം പ്രതിനിധീകരിച്ചത്.ഡിസംബര്‍ 1, 5 തീയതികളിലാണ് ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബര്‍ 8നാണ് വോട്ടെണ്ണല്‍.

Sharing

Leave your comment

Your email address will not be published. Required fields are marked *