സില്‍വര്‍ ലൈന്‍ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് കെ-റെയില്‍; മറിച്ചുള്ള പ്രചാരണം അടിസ്ഥാനരഹിതം

തിരുവനന്തപുരം: സില്‍വര്‍ലൈന്‍ സെമി-ഹൈസ്പീഡ് റെയില്‍വേ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്നും പദ്ധതി ഉപേക്ഷിച്ചുവെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും കെ-റെയില്‍ കോര്‍പറേഷന്‍.കേന്ദ്ര സര്‍ക്കാര്‍ പദ്ധതിക്ക് തത്വത്തില്‍ അംഗീകാരം നല്‍കിയതിനെതുടര്‍ന്ന് ആരംഭിച്ച പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു വരികയാണെന്നും കെ-റെയില്‍ വ്യക്തമാക്കി.

പദ്ധതി ഉപേക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാരോ സംസ്ഥാന സര്‍ക്കാരോ തീരുമാനമെടുത്തിട്ടില്ല. റെയില്‍വേ ബോര്‍ഡിന്‍റെ അന്തിമാനുമതി കിട്ടുന്ന മുറയ്ക്ക് സില്‍വര്‍ലൈന്‍ പദ്ധതിയുടെ തുടര്‍ നടപടികളിലേക്ക് കടക്കും.അന്തിമാനുമതിക്കു മുന്നോടിയായി, ഡി.പി.ആറുമായി ബന്ധപ്പെട്ട് കേന്ദ്ര റെയില്‍വേ ബോര്‍ഡ് ആവശ്യപ്പെട്ട വിശദാംശങ്ങള്‍ ദക്ഷിണ റെയില്‍വേ അധികൃതര്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ട്. പദ്ധതിയുമായി ബന്ധപ്പെട്ട ഹൈഡ്രോളജിക്കല്‍ പഠനം, സമഗ്ര പാരിസ്ഥിതികാഘാത വിലയിരുത്തല്‍ പഠനം, കണ്ടല്‍ക്കാടുകളുടെ സംരക്ഷണം, തീരദേശ പരിപാലനം തുടങ്ങിയ വിവിധ പഠനങ്ങള്‍ വിവിധ ഏജന്‍സികള്‍ പൂര്‍ത്തിയാക്കി വരികയാണെന്നും കെ-റെയില്‍ കോര്‍പറേഷന്‍ വ്യക്തമാക്കി.

പദ്ധതിക്കായി ഭൂമി ഏറ്റെടുക്കാന്‍ നിയോഗിച്ചിരുന്ന ഉദ്യോഗസ്ഥരെ മാതൃവകുപ്പിലേക്ക് തിരികെ വിളിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ സില്‍വര്‍ ലൈന്‍ പദ്ധതി ഉപേക്ഷിക്കുകയാണെന്ന പ്രചാരണമുണ്ടായത്. എന്നാല്‍, സര്‍ക്കാറും ഇടതുമുന്നണി നേതൃത്വവും ഇക്കാര്യം നിഷേധിച്ചിരുന്നു.

Sharing

Leave your comment

Your email address will not be published. Required fields are marked *