സ്‌കൂളുകള്‍ക്ക് കാവി നിറം പൂശാനുള്ള കര്‍ണാടക സര്‍ക്കാര്‍ നീക്കം വിവാദത്തില്‍

ബംഗളൂരു: സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് കാവിനിറം പൂശാനുള്ള കര്‍ണാടക സര്‍ക്കാരിന്റെ നീക്കത്തിനെതിരെ വിവാദം. സ്വാമി വിവേകാനന്ദയുടെ പേരില്‍ ആരംഭിച്ച വിവേക പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച 8,000 സ്‌കൂളുകള്‍ക്കാണ് കാവി പെയിന്റ് അടിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.കര്‍ണാടക വിദ്യാഭ്യാസ മന്ത്രി ബി.സി. നാഗേഷ് ആണ് ഇതു സംബന്ധിച്ച്‌ പ്രഖ്യാപനം നടത്തിയത്.

കഴിഞ്ഞദിവസം കല്‍ബുര്‍ഗിയില്‍ വിദ്യദാന സമിതി എജ്യുക്കേഷന്‍ സൊസൈറ്റിയുടെ ശതാബ്ദി ആഘോഷ ചടങ്ങിലായിരുന്നു വിദ്യാഭ്യാസ മന്ത്രിയുടെ പ്രഖ്യാപനം. സ്‌കൂളിലെ ക്ലാസ്മുറികള്‍ക്ക് കാവിനിറത്തിലുള്ള പെയിന്റ് അടിക്കും. ഇതിനു പിന്നില്‍ പ്രത്യയശാസ്ത്രപരമായ പ്രേരണകളില്ലെന്നും കെട്ടിട നിര്‍മാതാക്കള്‍ നിര്‍ദേശിച്ചതിനനുസരിച്ചാണ് ഇത്തരമൊരു തീരുമാനമെടുക്കുന്നതെന്നും മന്ത്രി ബി.സി. നാഗേഷ് വിശദീകരിച്ചു.

സ്വാമി വിവേകാനന്ദനോടുള്ള ആദരസൂചകമായാണ് സ്കൂളുകള്‍ നിര്‍മിച്ചതെന്നും അദ്ദേഹം ധരിച്ചിരുന്നത് കാവി നിറത്തിലുള്ള വസ്ത്രമാണിതെന്നുമാണ് ബി.ജെ.പി സ്കൂളുകള്‍ കാവി പൂശാന്‍ ന്യായീകരണമായി പറയുന്നത്.
കര്‍ണാടകയിലെ പൊതുവിദ്യാലയങ്ങളുടെ ഭാഗമായാണ് വിവേക പദ്ധതി നടപ്പാക്കുന്നത്. നിലവിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നവീകരണവും പുതിയ വിദ്യാലയങ്ങളുടെ നിര്‍മാണവുമെല്ലാം പദ്ധതിയുടെ ഭാഗമാണ്. ഇതിനായി 992 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ വകയിരുത്തിയിട്ടുള്ളത്. സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച്‌ 7,000 ക്ലാസ്മുറികളും കല്യാണ കര്‍ണാടക റീജ്യനല്‍ ഡെവലപ്‌മെന്റ് ബോര്‍ഡ് ഫണ്ടു കൊണ്ട് ആയിരം ക്ലാസ്മുറികളും നിര്‍മിക്കും.

സര്‍ക്കാര്‍ സ്കൂളുകളും കോളജുകളും നടത്തിക്കൊണ്ടുപോകുന്നത് നികുതി ദായകരാണ്. ഇതെല്ലാം ഒരു മതത്തിന്റെ കീഴിലാക്കാന്‍ വിദ്യാഭ്യാസ മന്ത്രിക്ക് ഒരു തരത്തിലുമുള്ള അധികാരമില്ല. വിദ്യാഭ്യാസ സമ്പ്രദായത്തെ മതവത്കരിക്കാനുള്ള മന്ത്രിയുടെ നീക്കം ഒരു തരത്തിലും സ്വീകാര്യമല്ലെന്നും കോണ്‍ഗ്രസ് നേതാവ് ബി.കെ. ഹരിപ്രസാദ് മുന്നറിയിപ്പു നല്‍കി.

അതേസമയം, എല്ലാ കാര്യങ്ങളിലും കോണ്‍ഗ്രസ് രാഷ്ട്രീയം കളിക്കുകയാണെന്നാണ് ബി.ജെ.പിയുടെ വാദം. സംഭവം പ്രതിപക്ഷം വിവാദമാക്കിയതോടെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ന്യായീകരണവുമായി രംഗത്തെത്തിയിട്ടുണ്ട്. ”നമ്മുടെ ദേശീയപതാകയില്‍ കാവിനിറമുണ്ട്. എന്തിനാണ് കാവിനിറം പറഞ്ഞ് അവര്‍ ദേഷ്യപ്പെടുന്നത്? സ്വാമി വിവേകാനന്ദയുടെ പേരില്‍ നിര്‍മിച്ച സ്‌കൂള്‍ കെട്ടിടങ്ങളാണവ. വിവേകാനന്ദ ഒരു സന്ന്യാസിയായിരുന്നു. കാവിതലപ്പാവ് ധരിക്കുകയും ചെയ്തിരുന്നു അദ്ദേഹം. വിവേക എന്ന വാക്കിനര്‍ത്ഥം എല്ലാവര്‍ക്കും വിദ്യാഭ്യാസം എന്നതാണ്. അവരെ പഠിക്കാന്‍ അനുവദിക്കൂ.”-ബസവരാജ് ബൊമ്മൈ പറഞ്ഞു.

Sharing

Leave your comment

Your email address will not be published. Required fields are marked *