ഗിനിയില്‍ തടഞ്ഞുവച്ച ഇന്ത്യക്കാരെ നൈജീരിയക്ക് കൈമാറില്ല

മലാബോ: എക്വറ്റോറിയല്‍ ഗിനിയില്‍ തടഞ്ഞുവച്ച ഹീറോയിക്ക് ഇഡുന്‍ കപ്പലിലെ മലയാളി ഓഫീസര്‍ സനു ജോസിനെ നൈജീരിയക്ക് കൈമാറില്ല.അറസ്റ്റ് ചെയ്ത കൊച്ചി സ്വദേശിയും കപ്പലിലെ ചീഫ് ഓഫീസറുമായ സനു ജോസിനെ തിരികെ കപ്പലില്‍ തന്നെ എത്തിച്ചു. സനു ജോസിനൊപ്പം പിടിയിലായ മലയാളികളടക്കമുള്ള 15 ഇന്ത്യക്കാരെ നൈജീരിയക്ക് കൈമാറുന്നത് തടഞ്ഞതായും ഇവരെ ഹോട്ടലിലേക്ക് മാറ്റിയതായും റിപ്പോര്‍ട്ടുകളുണ്ട്. ഹോട്ടല്‍ തടവു കേന്ദ്രമാക്കിയാണ് ഇവരെ പാര്‍പ്പിച്ചിക്കുന്നത്.

സര്‍ക്കാര്‍ ഇടപെടലിനെ തുടര്‍ന്നാണ് നൈജീരിയക്ക് കൈമാറുന്നത് ഒഴിവാക്കിയത്. വിദേശകാര്യ മന്ത്രാലയവും ഇന്ത്യന്‍ എംബസിയും വിഷയത്തില്‍ ഇടപെട്ടതും കൈമാറ്റം തടയുന്നതിന് കാരണമായി. പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ഗിനിയില്‍ നാവികസേന കസ്റ്റഡിയിലെടുത്ത കപ്പലില്‍ 26 പേരാണുള്ളത്. ഇവരില്‍ മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ 16 പേര്‍ ഇന്ത്യക്കാരാണ്. നോര്‍വേ ആസ്ഥാനമായ ഹീറോയിക് ഇഡുന്‍ എന്ന കപ്പലിലെ ജീവനക്കാരെയാണ് സമുദ്രാതിര്‍ത്തി ലംഘിച്ചെന്ന് ആരോപിച്ച്‌ തടഞ്ഞുവച്ചിരിക്കുന്നത്.

കപ്പലിലെ മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ സുരക്ഷിതരാണെന്ന് സ്ഥാനപതി കാര്യാലയം അറിയിച്ചിരുന്നു. ഇവരെ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് ഗിനിയിലെ ഇന്ത്യന്‍ എംബസിയും വ്യക്തമാക്കിയിരുന്നു. അതിനിടെയാണ് മലയാളി ഓഫീസര്‍ അറസ്റ്റിലായത്. നൈജീരിയന്‍ നാവിക സേനയുടെ നിര്‍ദേശപ്രകാരമാണ് ഗിനി നേവി, ഇവര്‍ ജോലി ചെയ്യുന്ന കപ്പല്‍ കസ്റ്റഡിയിലെടുത്തത്. മോചനദ്രവ്യം കപ്പല്‍ കമ്ബനി നല്‍കിയിട്ടും ഇവരെ മോചിപ്പിച്ചിട്ടില്ല. കൊല്ലത്ത് സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത വിസ്മയയുടെ സഹോദരന്‍ വിജിത്തും തടവിലായവരുടെ കൂട്ടത്തിലുണ്ട്.

Sharing

Leave your comment

Your email address will not be published. Required fields are marked *