നിര്‍ബന്ധിത മതംമാറ്റം ദേശസുരക്ഷയെ ബാധിക്കുന്ന വിഷയം ;സുപ്രീംകോടതി

ന്യൂഡല്‍ഹി: നിര്‍ബന്ധപൂര്‍വമുള്ള മതപരിവര്‍ത്തനം ദേശസുരക്ഷയെ ബാധിക്കുന്ന ഗൗരവകരമായ വിഷയമാണെന്നും ഇതില്‍ കേന്ദ്രം ആത്മാര്‍ഥമായി ഇടപടണമെന്നും സുപ്രീം കോടതി.നിര്‍ബന്ധിത മതപരിവര്‍ത്തനം തടഞ്ഞില്ലെങ്കില്‍ പ്രയാസകരമായ സാഹചര്യമുണ്ടാകുമെന്നും ജസ്റ്റിസുമാരായ എം.ആര്‍.ഷാ, ഹിമ കോഹ്‍ലി എന്നിവരുടെ ബെഞ്ച് അഭിപ്രായപ്പെട്ടു.

ഈ വിഷയത്തില്‍ കൃത്യമായ നടപടിയുണ്ടാകണമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോട് കോടതി ആവശ്യപ്പെട്ടു. എന്തു നടപടിയാണെടുക്കുന്നതെന്ന കാര്യം കോടതിയെ അറിയിക്കണം. രാജ്യസുരക്ഷക്ക് പുറമെ മതസ്വാതന്ത്രത്തെയും ബാധിക്കുന്ന കാര്യമാണിത്. അതിനാല്‍ കേന്ദ്രം നിലപാട് വ്യക്താക്കണം.

വാഗ്ദാനങ്ങള്‍ നല്‍കിയും ഭീഷണിപ്പെടുത്തിയുമുള്ള മതപരിവര്‍ത്തനങ്ങള്‍ തടയണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നേതാവ് കൂടിയായ അഭിഭാഷകന്‍ അശ്വിനി കുമാര്‍ ഉപാധ്യായ് നല്‍കിയ ഹരജിയില്‍ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. മന്ത്രവാദം, അന്ധവിശ്വാസം, നിര്‍ബന്ധിത മതപരിവര്‍ത്തനം എന്നിവ തടയാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ടായരുന്നു ബി.ജെ.പി നേതാവിന്‍റെ ഹർജി.കോണ്‍സ്റ്റിറ്റ്യുവെന്റ് അസംബ്ലിയില്‍ പോലും ഈ വിഷയം ചര്‍ച്ച ചെയ്യപ്പെട്ടതാണെന്ന് മേത്ത കോടതിയില്‍പറഞ്ഞു. നിലവില്‍ ഇക്കാര്യത്തില്‍ ഒഡിഷ സര്‍ക്കാറും മധ്യപ്രദേശ് സര്‍ക്കാറും പാസാക്കിയ നിയമങ്ങളുണ്ട്. ആദിവാസി മേഖലകളില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം വ്യാപകമാണ്. തങ്ങള്‍ ക്രിമിനില്‍ കുറ്റകൃത്യത്തിന്റെ ഇരകളാണെന്ന് പോലും അവര്‍ അറിയുന്നില്ല.-മേത്ത കൂട്ടിച്ചേര്‍ത്തു. മതസ്വാതന്ത്ര്യമാകാം. പക്ഷേ, നിര്‍ബന്ധിത മതപരിവര്‍ത്തനം വഴി മതസ്വാതന്ത്ര്യമുണ്ടാകില്ലെന്ന് കോടതി നിരീക്ഷിച്ചു.കേസ് വീണ്ടും നവംബര്‍ 28ന് പരിഗണിക്കും.

Sharing

Leave your comment

Your email address will not be published. Required fields are marked *