വി.സി നിയമനം; ഗവര്‍ണറുടെ നിലപാടിന് ബലം പകര്‍ന്ന് സുപ്രീംകോടതി വിധി

തിരുവനന്തപുരം: കേരള ഡിജിറ്റല്‍ സര്‍വകലാശാലയില്‍ ഡോ. സജി ഗോപിനാഥിനെയും ശ്രീനാരായണഗുരു ഓപണ്‍ സര്‍വകലാശാലയില്‍ ഡോ.പി.എം. മുബാറക് പാഷയെയും വൈസ് ചാന്‍സലര്‍മാരായി നിയമിച്ച നടപടി ചട്ടവിരുദ്ധമെന്ന ഗവര്‍ണറുടെ നിലപാടിന് ബലംപകര്‍ന്ന് ഉത്തരാഖണ്ഡിലെ എസ്.എസ്.ജെ സര്‍വകലാശാല വി.സി നിയമനത്തിനെതിരായ സുപ്രീംകോടതി വിധി.സര്‍വകലാശാലയുടെ പ്രഥമ വി.സിയെ നിയമിക്കുന്നതിന് യു.ജി.സി ചട്ടങ്ങള്‍ പാലിക്കേണ്ടതില്ല എന്നതിന്‍റെ അടിസ്ഥാനത്തില്‍ അല്‍മോറയിലെ എസ്.എസ്.ജെ സര്‍വകലാശാല വി.സിയെ മന്ത്രിസഭ നേരിട്ട് നിയമിച്ചു.

ആദ്യ വി.സി നിയമനവും യു.ജി.സി ചട്ടം പാലിച്ചാകണമെന്നാണ് കഴിഞ്ഞ ദിവസത്തെ വിധിയിലൂടെ സുപ്രീംകോടതി വ്യക്തമാക്കിയത്. സജി ഗോപിനാഥിനെ ഡിജിറ്റല്‍ സര്‍വകലാശാലയുടെയും മുബാറക് പാഷയെ ഓപണ്‍ സര്‍വകലാശാലയുടെയും ആദ്യ വി.സിമാരായി ഗവര്‍ണര്‍ നിയമിച്ചത് സര്‍ക്കാര്‍ ശുപാര്‍ശയിലായിരുന്നു. നിയമസഭ പാസാക്കിയ രണ്ട് സര്‍വകലാശാലകളുടെയും നിയമത്തില്‍ ആദ്യ വി.സിമാരെ സര്‍ക്കാര്‍ ശിപാര്‍ശയില്‍ ചാന്‍സലറായ ഗവര്‍ണര്‍ നിയമിക്കണമെന്നാണ് വ്യവസ്ഥ ചെയ്തിരിക്കുന്നത്. ഓപണ്‍ സര്‍വകലാശാലയില്‍ നിയമിച്ച ഡോ. മുബാറക് പാഷക്ക് പ്രഫസറായി പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയമില്ലെന്നും പി.വി.സി ഡോ. സുധീറിന് നിശ്ചിത പ്രായപരിധി കഴിഞ്ഞതാണെന്നും നിയമന സമയത്തുതന്നെ ആക്ഷേപമുയര്‍ന്നിരുന്നു. രണ്ട് വി.സിമാര്‍ക്കും ഗവര്‍ണര്‍ കാരണംകാണിക്കല്‍ നോട്ടീസ് നല്‍കി. ആദ്യ നിയമനമായതുകൊണ്ട് യു.ജി.സി ചട്ടങ്ങള്‍ പാലിക്കേണ്ടതില്ലെന്ന വിശദീകരണമാണ് രണ്ട് വി.സിമാരും ഗവര്‍ണര്‍ക്ക് നല്‍കിയത്. തങ്ങളെ നേരില്‍ കേള്‍ക്കണമെന്നും ഇവര്‍ ഗവര്‍ണറോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. ഇവരുടെ സേവനം അവസാനിപ്പിക്കേണ്ടിവന്നാല്‍ പകരം ചുമതല നല്‍കുന്നതിന് രണ്ട് സര്‍വകലാശാലകളിലും യോഗ്യരായ പ്രഫസര്‍മാരില്ലാത്തതിനാല്‍ മറ്റ് സര്‍വകലാശാലകളിലെ സീനിയര്‍ പ്രഫസര്‍മാര്‍ക്ക് വി.സിയുടെ താല്‍ക്കാലിക ചുമതല നല്‍കാനാണ് സാധ്യത.

Sharing

Leave your comment

Your email address will not be published. Required fields are marked *