വോട്ടര്‍ പട്ടിക പുതുക്കല്‍; കരട് പട്ടിക പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കലിന്റെ ഭാഗമായി കരട് പട്ടിക പ്രസിദ്ധീകരിച്ചു.2023 ജനുവരി ഒന്ന് യോഗ്യതാ തീയതിയായുള്ള കരട് പട്ടികയാണ് പ്രസിദ്ധീകരിച്ചത്.
സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറുടെ വെബ്സൈറ്റില്‍ (www.ceo.kerala.gov.in) വിവരങ്ങള്‍ ലഭ്യമാണ്. സൂക്ഷ്മ പരിശോധനകള്‍ക്കായി താലൂക്ക് ഓഫിസുകളിലും, വില്ലേജ് ഓഫിസുകളിലും, ബൂത്ത് ലെവല്‍ ഓഫിസറുടെ കൈവശവും ലഭിക്കും.

അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് താലൂക്ക് ഓഫിസുകളില്‍ നിന്ന് വോട്ടര്‍ പട്ടിക കൈപ്പറ്റി സൂക്ഷ്മ പരിശോധന നടത്താം. പുതുക്കിയ കരട് വോട്ടര്‍ പട്ടിക പ്രകാരം സംസ്ഥാനത്ത് ആകെ 2,71,62,290 വോട്ടര്‍മാരാണുള്ളത്. 2022 ജനുവരിയില്‍ പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍ പട്ടികയില്‍ 2,73,65,345 വോട്ടര്‍മാരാണ് ഉള്‍പ്പെട്ടിരുന്നത്.

കരട് വോട്ടര്‍ പട്ടികയിലെ പ്രധാന വിവരങ്ങള്‍:

ആകെ വോട്ടര്‍മാര്‍- 2,71,62,290

സ്ത്രീ വോട്ടര്‍മാര്‍- 1,40,15,361

പുരുഷ വോട്ടര്‍മാര്‍- 1,31,46,670

പുതിയ വോട്ടര്‍മാര്‍ – 1,10,646

പുതുക്കിയ വോട്ടര്‍ പട്ടിക പ്രകാരം സംസ്ഥാനത്തെ ലിംഗ അനുപാതം – 1066

ആകെ ഭിന്നലിംഗ വോട്ടര്‍മാര്‍- 259

കൂടുതല്‍ വോട്ടര്‍മാരുള്ള ജില്ല -മലപ്പുറം (32,56,814)

കുറവ് വോട്ടര്‍മാരുള്ള ജില്ല- വയനാട് (6,16,980)

കൂടുതല്‍ സ്ത്രീ വോട്ടര്‍മാരുള്ള ജില്ല- മലപ്പുറം(16,32,347)

കൂടുതല്‍ ഭിന്നലിംഗ വോട്ടര്‍മാരുള്ള ജില്ല -തിരുവനന്തപുരം (57)

ആകെ പ്രവാസി വോട്ടര്‍മാര്‍- 88,124

പ്രവാസി വോട്ടര്‍മാര്‍ കൂടുതലുള്ള ജില്ല -കോഴിക്കോട് (34,726)

പുതിയതായി വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടവര്‍- 1,10,646

പുതുക്കിയ കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് ആകെ 25,147 പോളിംഗ് സ്റ്റേഷനുകള്‍ ഉണ്ട്.

നവംമ്ബര്‍ ഒമ്ബത് മുതല്‍ ഡിസെബര്‍ എട്ട് വരെ അവകാശങ്ങളും ആക്ഷേപങ്ങളും സമര്‍പ്പിക്കാം. ഓരോ സമ്മതിദായകനും, വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കാം.

താഴെ പറഞ്ഞ ഏത് ഫോമും ഇതിനായി ഉപയോഗിക്കാം.

ഫോം ആറ് – പുതിയതാതായി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന്

ഫോം ആറ് എ – പ്രവാസി വോട്ടര്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന്

ഫോം ആറ് ബി – ആധാര്‍ നമ്പര്‍ വോട്ടര്‍ പട്ടികയുമായി ബന്ധിപ്പിക്കുന്നതിന്

ഫോം ഏഴ് – വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്തിയതിനെതിരെ ആക്ഷേപം ഉന്നയിക്കുന്നതിന് / പട്ടികയില്‍ നിന്ന് പേര് ഒഴിവാക്കുന്നതിന്

ഫോം എട്ട് – തെറ്റു തിരുത്തുന്നതിന് , മേല്‍വിലാസം മാറ്റുന്നതിന്, കാര്‍ഡ് മാറ്റി ലഭിക്കുന്നതിന് , ഭിന്നശേഷിക്കാരെ അടയാളപ്പെടുത്തുന്നതിന്

17 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് ഇത്തവണ മുതല്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ മുന്‍കൂറായി അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ സമര്‍പ്പിച്ച ശേഷം, ജനുവരി ഒന്ന്, ഏപ്രില്‍ ഒന്ന്, ജൂലൈ ഒന്ന്, ഒക്ടോബര്‍ ഒന്ന് എന്നീ നാല് തീയതികളില്‍ എന്നാണോ 18 വയസ് പൂര്‍ത്തിയാകുന്നത്, ആ തീയതി അനുസരിച്ച്‌ അപേക്ഷ പരിശോധിക്കുകയും അര്‍ഹത അനുസരിച്ച്‌ വോട്ടര്‍ പട്ടികയില്‍ ഇടം പിടിക്കുകയും ചെയ്യും. ഇതിനു ശേഷം തിരിച്ചറിയല്‍ കാര്‍ഡ് ലഭിക്കും.

2023 ജനുവരി ഒന്ന്, യോഗ്യതാ തീയതിയായുള്ള അന്തിമ വോട്ടര്‍ പട്ടിക 2023 ജനുവരി അഞ്ചിന് പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറുടെ ഓഫിസ് അറിയിച്ചു.

Sharing

Leave your comment

Your email address will not be published. Required fields are marked *