പാസ്പോര്‍ട്ട് കാലാവധി കഴിയാൻ ആറു മാസമേ ബാക്കിയുള്ളൂവെന്ന് കാണിച്ച്‌ യാത്രികന് വിലക്കേര്‍പ്പെടുത്തി വിമാനക്കമ്ബനി; 7.25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാൻ വിധിച്ച്‌ കോടതി

പാസ്പോർട്ട് കാലാവധി 6 മാസത്തിനും താഴെയെന്നു കാണിച്ച്‌ യാത്രികന് വിലക്കേർപ്പെടുത്തിയ വിമാനക്കമ്പനിയോട് 7.25 ലക്ഷം രൂപ നഷ്ട പരിഹാരമായി നല്‍കാൻ കോടതിയുടെ വിധി.എറണാകുളം ജില്ലാ ഉപഭോക്തൃതർക്ക പരിഹാര കമ്മീഷൻ്റേതാണ് നിർദ്ദേശം. കൊച്ചിയിലെ അഭിഭാഷകനായ സി.എ. മജീദിനാണ് മെലിൻഡോ എയർലൈൻസില്‍ നിന്നും ദുരനുഭവം ഉണ്ടായത്. മകൻ്റെ ഏഴാം ജന്മദിനം ആഘോഷിക്കാനായി സിങ്കപ്പൂരിലേക്ക് പുറപ്പെട്ട സംഘത്തെ എയർലൈൻസ് അധികൃതർ പാതിവഴിയില്‍ തടയുകയായിരുന്നു. മജീദും കുടുംബവും ഒരു ട്രാവല്‍ ഏജൻസി വഴിയാണ് സിങ്കപ്പൂരിലേക്ക് പോകാനായി മെലിൻഡോ എയർലൈൻസില്‍ ടിക്കറ്റ് ബുക്ക് ചെയ്തത്. എന്നാല്‍, കൊച്ചിയില്‍ നിന്നും ക്വാലാലംപൂരിലെത്തിയപ്പോള്‍ തുടർന്ന് സിങ്കപ്പൂരിലേക്കുള്ള യാത്ര എയർലൈൻസ് അധികൃതർ വിലക്കി.

മജീദിൻ്റെ ഭാര്യയുടെ പാസ്പോർട്ടിന് ആറു മാസത്തില്‍ താഴെയേ കാലാവധിയുള്ളൂ എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു എയർലൈൻസ് അധികൃതർ അവരുടെ യാത്ര വിലക്കിയത്. എന്നാല്‍, വിസയും നിലവില്‍ സാധുവായ പാസ്പോർട്ടും ഭാര്യയ്ക്ക് ഉണ്ടെന്ന വസ്തുത ഭർത്താവ് മജീദ് ചൂണ്ടിക്കാണിച്ചെങ്കിലും അധികൃതർ പരിഗണിച്ചില്ല. തുടർന്ന് മജീദിൻ്റെയും ഭാര്യയുടെയും അവരുടെ സംഘത്തിലുള്ള 70-കാരിയായ മാതാവ്, മക്കള്‍ എന്നീ ഏഴംഗ യാത്രക്കാരുടെയും ടിക്കറ്റുകള്‍ എയർലൈൻസ് റദ്ദാക്കി. പരാതിക്കാരനായ മജീദിൻ്റെ ഭാര്യ ഇതിനിടെ കുഴഞ്ഞുവീണെങ്കിലും വിശ്രമിക്കാൻ ആവശ്യമായ സൗകര്യവും നല്‍കിയില്ല. പിന്നീട് ഉന്നത ഉദ്യോഗസ്ഥർ ഇടപെട്ട സംഭവത്തില്‍ സംഘത്തിൻ്റെ യാത്ര വിലക്കിയ നടപടി തെറ്റാണെന്ന് അധികൃതർ സമ്മതിച്ചു. തുടർന്ന് ഏറെ വൈകി മറ്റൊരു വിമാനത്തില്‍ സംഘത്തെ സിങ്കപ്പൂരില്‍ എത്തിച്ചു. എന്നാല്‍, ഇതിനിടെ ക്വാലാലംപുരില്‍ ഇറക്കിയ സംഘത്തിൻ്റെ ലഗേജ് കാണാതായി. അവശ്യസാധനങ്ങള്‍ ഇല്ലാത്തതിനാല്‍ പുതിയവ അധികവിലയ്ക്ക് വാങ്ങാൻ അവർ നിർബന്ധിതരായി. ഇതോടെയാണ് സംഭവത്തില്‍ കോടതിയെ സമീപിക്കാൻ സംഘം തീരുമാനിക്കുന്നത്.

സിങ്കപ്പൂരില്‍ നാലുദിവസം ചെലവഴിക്കാനുള്ള കുടുംബത്തിൻ്റെ പദ്ധതി രണ്ടുദിവസമായി ചുരുക്കേണ്ടി വന്നതായും പരാതിയില്‍ മജീദ് സൂചിപ്പിച്ചു. തുടർന്ന് കേസ് വിശദമായി പരിഗണിച്ച കോടതി യാത്ര വിലക്കിയതില്‍എയർലൈൻസിന് വീഴ്ച പറ്റിയതായി അവർ രേഖാമൂലം സമ്മതിച്ചതായി ഡി.ബി. ബിനു പ്രസിഡൻ്റും വി. രാമചന്ദ്രൻ, ടി.എൻ. ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ കമ്മീഷൻ ഉത്തരവില്‍ വ്യക്തമാക്കി. മുതിർന്ന പൗരന്മാരും കുട്ടികളും ഉള്‍ക്കൊള്ളുന്ന കുടുംബം അനുഭവിച്ച മാനസിക സംഘർഷവും ശാരീരിക ബുദ്ധിമുട്ടുകളും അവഗണിക്കാനാകില്ലെന്ന് കമ്മിഷൻ വ്യക്തമാക്കി. ഏഴുപേർക്ക് ഓരോ ലക്ഷം രൂപ വീതം കണക്കാക്കി ഏഴുലക്ഷം രൂപയും കോടതിച്ചെലവായി 25,000 രൂപയും നല്‍കാനാണ് നിർദേശം.

Sharing

Leave your comment

Your email address will not be published. Required fields are marked *