പണിതീരാത്ത വീടുകളുടെ പൂര്‍ത്തീകരണത്തിനും പുനരുദ്ധാരണത്തിനുമായി സേഫ് പദ്ധതി

തിരുവനന്തപുരം: പണിതീരാത്ത വീടുകളുടെ പൂര്‍ത്തീകരണത്തിനും പുനരുദ്ധാരണവും ലക്ഷ്യമിട്ട് സേഫ് പദ്ധതിയുമായി പട്ടികവര്‍ഗവകുപ്പ്.സേഫ് (സുരക്ഷിതമായ താമസസൗകര്യവും സൗകര്യ വര്‍ധനയും) പദ്ധതിക്ക് അംഗീകാരം നല്‍കി ഉത്തരവ്. നിലവിലെ ഭവന പുനരുദ്ധാരണ പദ്ധതിയില്‍ അനിവാര്യമായ മാറ്റങ്ങള്‍ വരുത്തി സേഫ് നടപ്പാക്കുന്നത്.

നിലവിലുള്ള ഭവന പുനരുദ്ധാരണത്തിന് 1.50 ലക്ഷമാണ് ധനസഹായം അനുവദിച്ചിരുന്നത്. 2006 മുതല്‍ നിര്‍മാണം പൂര്‍ത്തീകരിച്ച പട്ടികവര്‍ഗ വീടുകളില്‍ നവീകരണം, അധിക സൗകര്യങ്ങള്‍ ആവശ്യമുള്ളവ നവീകരിച്ച്‌ സുന്ദരഭവനം സുരക്ഷിത ഭവനം’ എന്ന ലക്ഷ്യത്തോടെ വാസയോഗ്യമാക്കുന്നതിനാണ് സേഫ് പദ്ധതി നടപ്പിലാക്കുന്നത്. സേഫിന് ഗുണഭോക്താക്കള്‍ക്ക് 2.50 ലക്ഷം രൂപ നിരക്കില്‍ ധനസഹായം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പട്ടികവര്‍ഗ ഡയറക്ടര്‍ കത്ത് നല്‍കിയിരുന്നു.

പട്ടികവര്‍ഗക്കാര്‍ അധികവും അധിവസിക്കുന്നത് അതിവ ദുര്‍ഘടപ്രദേശങ്ങളിലാണ്. അതിനാല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ സാധന സാമഗ്രികള്‍ എത്തിക്കുന്നതിനു തന്നെ അനുവദിക്കുന്ന ഫണ്ടിന്റെ ഭൂരിഭാഗവും ചെലവഴിക്കേണ്ടി വരുന്ന സാഹചര്യമുണ്ട്.

വിവിധ സര്‍ക്കാര്‍ പദ്ധതികളിലൂടെ ധനസഹായം അനുവദിച്ച്‌ നിര്‍മ്മിച്ചിട്ടുള്ളവയില്‍ ഭിത്തി തേയ്ക്കാത്ത, തറയിടാത്ത, ജനല്‍ വാതിലുകള്‍ ഇല്ലാത്ത, നല്ല അടുക്കളയും ശൗചാലയവും ഇല്ലാത്ത ധാരാളം ഭവനങ്ങള്‍ പട്ടികവര്‍ഗ മേഖലകളിലുണ്ട്. സാങ്കേതികമായി ഇവയെല്ലാം വീടുകളാണ്. ശോച്യമായ അവസ്ഥയിലുള്ള വീടുകളില്‍ കഴിയുന്ന കുടുംബങ്ങള്‍ക്ക് വാസയോഗ്യമായ വീട് എന്ന സ്വപ്നം സഫലമാക്കിയാല്‍ ഈ കുടുംബങ്ങള്‍ക്ക് മെച്ചപ്പെട്ട ജീവിത സാഹചര്യം ഒരുക്കുന്നതിന് സാധിക്കും.അതിനാലാണ് വ്യവസ്ഥകള്‍ക്ക് വിധേയമായി സേഫ് പദ്ധതി നടപ്പിലാക്കുന്നത്

Sharing

Leave your comment

Your email address will not be published. Required fields are marked *