പുതിയ പ്രൊജക്ടുകളോട് ‘നോ’ പറഞ്ഞ് നിര്‍മാതാക്കള്‍; സിനിമരംഗത്ത് പുതിയ പ്രതിസന്ധി, ഓണച്ചിത്രങ്ങളിലും ആശങ്ക;
മലയാള സിനിമയെ പിടിച്ചു കുലുക്കിയ ഹേമ കമ്മിറ്റി വെളിപ്പെടുത്തലിന്റെ അനന്തര ഫലങ്ങള്‍ സിനിമ വ്യവസായത്തിന് തിരിച്ചടിയാകുന്നു.വിവാദത്തില്‍ അകപ്പെട്ടവരെ ഉള്‍പ്പെടുത്തിയുള്ള പരസ്യങ്ങള്‍ ഒട്ടുമിക്ക ബ്രാന്‍ഡുകളും പിന്‍വലിച്ചിരുന്നു. ഇതിനു പിന്നാലെ പുതുതായി തുടങ്ങാനിരുന്ന ചില പ്രൊജക്ടുകളും അനിശ്ചിതത്വത്തിലായി. സിനിമയില്‍ പണംമുടക്കുന്നത് ബുദ്ധിയല്ലെന്ന തിരിച്ചറിവാണ് പുതുമുഖ നിര്‍മാതാക്കളെ അകന്നു നില്‍ക്കാന്‍ പ്രേരിപ്പിക്കുന്നത്.സിനിമയോടുള്ള താല്പര്യത്താല്‍ പണംമുടക്കിയിരുന്ന പ്രവാസികള്‍ അടക്കമുള്ളവരാണ് പുതിയ വിവാദത്തോടെ പിന്തിരിഞ്ഞു നില്‍ക്കുന്നത്. 2023ല്‍ 160ലേറെ ചിത്രങ്ങളാണ് പുറത്തിറങ്ങിയത്. ഇതില്‍ ഒട്ടുമിക്ക സിനിമകളുടെയും നിര്‍മാതാക്കള്‍ പുതിയ ആളുകളായിരുന്നു. വിദേശ മലയാളികള്‍ക്കിടയില്‍ സിനിമ നിര്‍മാണം വലിയ ട്രെന്‍ഡായി മാറിയിരുന്നു. നിര്‍മാണത്തിലേക്ക് ഇറങ്ങിയ പലര്‍ക്കും കൈപൊള്ളുകയും ചെയ്തു.80കളിലും 90കളിലും മലയാള സിനിമയില്‍ നിറഞ്ഞു നിന്ന സൂപ്പര്‍ഹിറ്റ് നായകന്‍ അടുത്തിടെ സംവിധാനം ചെയ്ത സിനിമയുടെ നിര്‍മാതാവ് പ്രവാസി മലയാളിയാണ്. ഈ സിനിമ ഓണത്തിന് റിലീസ് ചെയ്യാനായിരുന്നു നീക്കം. എന്നാല്‍ പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ തീരുമാനം മാറ്റുകയായിരുന്നു. ഇനി സിനിമ നിര്‍മിക്കുകയെന്ന റിസ്‌ക് ഏറ്റെടുക്കാനില്ലെന്നായിരുന്നു സാംസ്‌കാരിക മേഖലയിലടക്കം നിറഞ്ഞു നില്‍ക്കുന്ന ഈ പ്രവാസി മലയാളിയുടെ നിലപാട്.