വയനാടിനായി സാധ്യമായതെല്ലാം ചെയ്യാമെന്ന് പ്രധാനമന്ത്രി;

ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ വയനാടിനായി സാധ്യമായതെല്ലാം കേന്ദ്രസര്‍ക്കാര്‍ ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.വലിയ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. പകരം ഒപ്പം ഉണ്ടാകുമെന്ന ഉറപ്പ് മാത്രമാണ് കലക്ടറേറ്റിലെ അവലോകന യോഗത്തില്‍ പ്രധാനമന്ത്രി നല്‍കിയത്. കേന്ദ്രസര്‍ക്കാരിന് ചെയ്യാന്‍ കഴിയുന്ന എല്ലാ സഹായവും ചെയ്യും. വയനാട്ടിലെ പ്രവര്‍ത്തനങ്ങളില്‍ പണം ഒരു തടസമാകില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.ദുരന്തം സംബന്ധിച്ച്‌ കേരള സര്‍ക്കാര്‍ വിശദമായ മെമ്മോറാണ്ടം നല്‍കണം. പുനരധിവാസം അടക്കമുളള കാര്യങ്ങളും വിശദമാക്കണം. ഇത് പരിശോധിച്ച ശേഷം കേന്ദ്രസര്‍ക്കാര്‍ ഉചിതമായ തീരുമാനമെടുക്കും. എല്ലാം നഷ്ടപ്പെട്ടവരെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം എല്ലവര്‍ക്കുമുണ്ട്. അവരുടെ ഭാവി സുരക്ഷിതമാക്കണം. അവരുടെ സ്വപ്‌നങ്ങള്‍ക്കൊപ്പം രാജ്യവും കേന്ദ്രസര്‍ക്കാരും ഉണ്ടാകും. രക്ഷിതാക്കളെ നഷ്ടപ്പെട്ട കുട്ടികള്‍ക്കായി ദീര്‍ഘനാളത്തേക്കുള്ള പ്രത്യേക പദ്ധതി വേണം. സംസ്ഥാനം അതിന് പ്രാധാന്യം നല്‍കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.പല ദുരന്തങ്ങളും നേരിട്ട് കണ്ടിട്ടുളള ആളാണ് താന്‍. അതിനാല്‍ ഇരയായവരുടെ ദുഖം മനസിലാകും. അതുകൊണ്ട് തന്നെ വയനാട്ടിലെ ജനങ്ങള്‍ക്കൊപ്പമുണ്ടാകുമെന്നും പ്രധാനമന്ത്രി ഉറപ്പ് നല്‍കി. അവലോകന യോഗത്തിന് ശേഷം പ്രധാനമന്ത്രി വയനാട്ടില്‍ നിന്ന് കണ്ണൂരിലേക്ക് മടങ്ങി. മൂന്ന് മണിവരെ നിശ്ചയിച്ചിരുന്ന സന്ദര്‍ശനം അഞ്ച് മണിവരെ നീണ്ടു.

Sharing

Leave your comment

Your email address will not be published. Required fields are marked *