ഉക്രൈനുമായി ബലറൂസില്‍ വെച്ച്‌ നയതന്ത്ര ചര്‍ച്ചക്ക് സന്നദ്ധത പ്രകടിപ്പിച്ച്‌ റഷ്യ

റഷ്യന്‍ സൈന്യം യുക്രൈന്‍ തലസ്ഥാനമായ കിയവിന് തൊട്ടരികിലെത്തിയിരിക്കേ നയതന്ത്ര ചര്‍ച്ചക്ക് സന്നദ്ധത പ്രകടിപ്പിച്ച്‌ റഷ്യന്‍ പ്രസിഡന്‍റ് പുടിന്‍.ബലറൂസ് തലസ്ഥാനമായ മിന്‍സ്‌കിലേക്ക് നയതന്ത്രസംഘത്തെ അയക്കാമെന്നാണ് റഷ്യന്‍ പ്രസിഡന്‍റിന്റെ പുതിയ പ്രതികരണം. റഷ്യയുടെ ഔദ്യോഗിക വാര്‍ത്താ സംവിധാനമായ ആര്‍.ടി.യിലൂടെയാണ് വിവരം പുറത്തുവിട്ടത്. വിദേശകാര്യ, പ്രതിരോധ മന്ത്രാലയങ്ങളിലെ പ്രതിനിധികളും ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘമാണ് ബലറൂസില്‍ നടക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കുക.

യുക്രൈന്‍ പാര്‍ലമെന്റില്‍നിന്ന് വെറും ഒന്‍പത് കി.മീറ്റര്‍ അടുത്തുവരെ റഷ്യന്‍സൈന്യമെത്തിയിട്ടുണ്ട്. യുക്രൈന്‍ പ്രതിരോധ മന്ത്രാലയം ഇക്കാര്യം സ്ഥിരീകരിച്ചു. ശത്രുക്കള്‍ കിയവിലെ നഗരമധ്യത്തിലുള്ള പാര്‍ലമെന്റിന്റെ ഒന്‍പത് കി.മീറ്റര്‍ ദൂരത്തുള്ള ഒബലോണ്‍ ജില്ലയിലെത്തിയിട്ടുണ്ടെന്ന് യുക്രൈന്‍ പ്രതിരോധ മന്ത്രാലയം ട്വീറ്റ് ചെയ്തു. നാട്ടുകാരോട് വീട്ടില്‍ തന്നെ തുടരണമെന്നും പുറത്തിറങ്ങരുതെന്നം ട്വീറ്റില്‍ ആവശ്യപ്പെട്ടു. കിയവിന്‍റെ നഗരപ്രാന്തത്തിലൂടെ സൈനികവാഹനങ്ങള്‍ റോന്തുചുറ്റുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

കിയവില്‍ റഷ്യന്‍സൈന്യവുമായി യുക്രൈന്‍ സേനയും ശക്തമായ ഏറ്റുമുട്ടല്‍ തുടരുകയാണ്. തലസ്ഥാനഗരത്തിന്റെ പ്രാന്തപ്രദേശങ്ങളായ ഡിമെര്‍, ഇവാന്‍കിവ് എന്നിവിടങ്ങളില്‍ വലിയ തോതിലുള്ള ഏറ്റുമുട്ടലാണ് നടന്നത്. കഴിഞ്ഞ ദിവസം ആരംഭിച്ച സൈനികനടപടിക്കിടെ 450 റഷ്യന്‍ സൈനികര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായി ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി മാധ്യമങ്ങളോട് പറഞ്ഞു. കിയവിനടുത്ത് വെടിയൊച്ചകള്‍ കേട്ടതായി ബി.ബി.സി അടക്കമുള്ള വിദേശമാധ്യമങ്ങളുടെ ലേഖകരും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഉഗ്രശബ്ദത്തിലുള്ള സ്‌ഫോടനം നഗരത്തില്‍നിന്ന് കേള്‍ക്കാനാകുന്നുേെണ്ടന്ന് ഇവര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍, റഷ്യന്‍സൈനിക നീക്കത്തിന്റെ കൃത്യമായ ഗതി ഇതുവരെ മനസിലാക്കാനായിട്ടില്ല.

Sharing

Leave your comment

Your email address will not be published. Required fields are marked *