ഡാറ്റാ പ്രൊട്ടക്‌ഷൻ ബിൽ;വ്യക്തിവിവരങ്ങൾ നാട് കടക്കും

ന്യൂഡൽഹി : പൗരന്മാരുടെ വിവരങ്ങൾ സംരക്ഷിക്കാനായി കേന്ദ്രം കൊണ്ടുവരുന്ന ഡാറ്റാ പ്രൊട്ടക്‌ഷൻ ബില്ലില്‍ രാജ്യത്തിന്‌ പുറത്തേക്ക്‌ വിവരങ്ങള്‍ മാറ്റാനുള്ള വിലക്കുകൾ എടുത്തു കളയുമെന്ന് നിര്‍ദേശിക്കുന്നു. ‘ചില ഘടകങ്ങൾ പരിശോധിച്ചശേഷം കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്യുന്ന രാജ്യങ്ങളിലേക്കും പ്രദേശങ്ങളിലേക്കും വ്യക്തിവിവരങ്ങൾ ശേഖരിക്കുന്നവർക്ക്‌ അത്‌ കൈമാറ്റം ചെയ്യാൻ അനുമതി നൽകും’–- എന്നാണ്‌ കരട്‌ ബില്ലിൽ പറയുന്നത്‌. പൗരന്മാരുടെ നിർണായക വിവരം സംരക്ഷിക്കാനുള്ള കർശനവ്യവസ്ഥകളുള്ള ബില്ലെന്ന്‌ അവകാശപ്പെടുമ്പോഴാണ്‌ മറ്റു രാജ്യങ്ങളിലേക്ക്‌ വിവരങ്ങൾ കൈമാറാനുള്ള മിക്ക നിയന്ത്രണങ്ങളും എടുത്തുകളഞ്ഞത്‌.

മെറ്റാ, ഗൂഗിൾ, ആമസോൺ തുടങ്ങി നിരവധി കമ്പനികളുടെ കൂട്ടായ്‌മയായ ‘ഏഷ്യ ഇന്റർനെറ്റ്‌ സഖ്യം’ നേരത്തേ കേന്ദ്ര സർക്കാരിനോട്‌ ഡാറ്റാ കൈമാറ്റത്തിന്‌ സൗകര്യം ഒരുക്കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു.

പാസ്‌വേർഡുകൾ, സാമ്പത്തികവിവരങ്ങൾ, ശാരീരിക–-മാനസിക നിലയുടെ വിശദാംശങ്ങൾ, മെഡിക്കൽ രേഖകൾ, ബയോമെട്രിക്‌ വിശദാംശങ്ങൾ തുടങ്ങിയവ സെൻസിറ്റീവ്‌ ഡാറ്റാ വിഭാഗത്തിലാണ്‌ ഉൾപ്പെടുത്തിയിട്ടുള്ളത്‌. ഈ വിവരങ്ങൾ സംരക്ഷിക്കപ്പെടാൻ എന്തെല്ലാം നടപടികൾ സർക്കാർ സ്വീകരിക്കുമെന്ന ചോദ്യം ഉയരുന്നുണ്ട്‌. ‘ഡാറ്റാ പ്രൊട്ടക്‌ഷൻ ബോർഡ്‌’ രൂപീകരിച്ച്‌ അവരുടെ മേൽനോട്ടത്തിലാകും വിവരങ്ങളുടെ കൈമാറ്റം ഉൾപ്പെടെ നടക്കുന്നതെന്ന്‌ ബില്ലിൽ പറയുന്നുണ്ട്‌. സ്വകാര്യതയ്‌ക്കുള്ള അവകാശം മൗലികാവകാശമാണെന്ന സുപ്രീംകോടതി വിധി നിലനിൽക്കുന്ന സാഹചര്യത്തിൽ വിവരങ്ങൾ വിദേശരാജ്യങ്ങൾക്ക്‌ കൈമാറാനുള്ള അനുവാദം നിയമപരമായി ചോദ്യം ചെയ്യപ്പെടാനുള്ള സാധ്യതയുണ്ട്‌. അതേസമയം, ബോർഡിന്റെ നിർദേശങ്ങൾ പാലിക്കാതെ വിവരങ്ങൾ ചോർത്തപ്പെട്ടാൽ 500 കോടിവരെ പിഴ ഏർപ്പെടുത്തുമെന്ന വ്യവസ്ഥ ബില്ലിലുണ്ട്‌.

Sharing

Leave your comment

Your email address will not be published. Required fields are marked *