ജി-20 ഉച്ചകോടിക്കിടെ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയെ പരസ്യമായി വിമര്‍ശിച്ച്‌ ചൈനീസ് പ്രസിഡന്‍റ്

ബെയ്ജിംഗ്: ഇന്തോനേഷ്യയിലെ ബാലിയില്‍ നടന്ന ജി-20 ഉച്ചകോടിക്കിടെ ചൈനീസ് പ്രസിഡന്‍റ് ഷി ചിന്‍പിംഗ് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയെ പരസ്യമായി വിമര്‍ശിക്കുന്ന വീഡിയോ പുറത്തുവന്നു.

ഉച്ചകോടിയുടെ ഭാഗമായി അടച്ചിട്ട മുറിയില്‍ നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ ട്രൂഡോ മാധ്യമങ്ങള്‍ക്കു ചോര്‍ത്തിക്കൊടുത്തതാണു ഷിയെ പ്രകോപിപ്പിച്ചതെന്നു വീഡിയോയിലെ സംഭാഷണത്തില്‍നിന്നു വ്യക്തമാകുന്നു.

നമ്മള്‍ തമ്മില്‍ സംസാരിച്ചതെല്ലാം പത്രങ്ങള്‍ക്കു ചോര്‍ന്നിരിക്കുന്നുവെന്നും അത് അനുചിതവും സത്യസന്ധതയില്ലായ്മയുമാണെന്നു ട്രൂഡോയോടു ഷി പറയുന്നു. സ്വതന്ത്രവും സുതാര്യവുമായ ചര്‍ച്ചകളിലാണു കാനഡക്കാര്‍ വിശ്വസിക്കുന്നതെന്നും നമ്മള്‍ ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ തയാറാകുന്പോഴും അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകാമെന്നും ട്രൂഡോ മറുപടി നല്കി. ട്രൂഡോയുടെ മറുപടി മുഴുവന്‍ കേള്‍ക്കാതെ ഷി ഹസ്തദാനം നല്കി സ്ഥലംവിട്ടു. പരിഭാഷകരുടെ സഹായത്തോടെയായിരുന്നു ഈ സംഭാഷണം.

ഇതു സാധാരണ സംഭാഷണം മാത്രമാണെന്നും ട്രൂഡോയെ കുറ്റപ്പെടുത്തുകയോ വിമര്‍ശിക്കുകയോ ഷി ചെയ്തിട്ടില്ലെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയം വിശദീകരിച്ചു.

Sharing

Leave your comment

Your email address will not be published. Required fields are marked *