കാലാവസ്ഥ ഉച്ചകോടി; വികസ്വര രാജ്യങ്ങള്‍ക്കുള്ള സാമ്പത്തിക സഹായത്തിന്മേല്‍ ധാരണ

ഷറം അല്‍ ഷെയ്ഖ്: കാലാവസ്ഥാ വ്യതിയാനം മൂലം ദുരിതമനുഭവിക്കുന്ന ദരിദ്ര വികസ്വര രാജ്യങ്ങള്‍ക്കുള്ള നഷ്ടപരിഹാര ഫണ്ട് സംബന്ധിച്ച്‌ ഐക്യരാഷ്ട്രസഭയുടെ 27-ാമത് ആഗോള കാലാവസ്ഥാ ഉച്ചകോടിയില്‍ (സിഒപി 27) ധാരണ.മാലിദ്വീപ് പരിസ്ഥിതി മന്ത്രി അമിനത്ത് ഷോണയാണ് ഇക്കാര്യം അറിയിച്ചത്. വോട്ടെടുപ്പിന് ശേഷം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും. നഷ്ടപരിഹാര ഫണ്ടിന്‍റെ കാര്യത്തില്‍ തീരുമാനമാകാത്തതിനാല്‍ വെള്ളിയാഴ്ച അവസാനിക്കാനിരുന്ന ഉച്ചകോടി ശനിയാഴ്ചയും തുടര്‍ന്നിരുന്നു. നവംബര്‍ ആറിന് ഈജിപ്തിലെ ഷറം അല്‍ ഷെയ്ഖിലാണ് ഉച്ചകോടി ആരംഭിച്ചത്.

കൂടുതല്‍ ഹരിത ഗ്രഹ വാതകം പുറന്തള്ളുന്ന സമ്ബന്ന രാജ്യങ്ങള്‍ ദരിദ്ര രാജ്യങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന ആവശ്യത്തെ തുടര്‍ന്നാണ് ചര്‍ച്ചകള്‍ വൈകിയത്. ഉച്ചകോടിയുടെ പശ്ചാത്തലത്തില്‍ ചൈനയുടെയും അമേരിക്കയുടെയും പ്രതിനിധികള്‍ തമ്മില്‍ ചര്‍ച്ച നടത്തി. സിഒപി-27 ന്‍റെ വിജയത്തിനായി ഇരു രാജ്യങ്ങളും പരിശ്രമിക്കുമെന്നായിരുന്നു ചൈനയുടെ പ്രതികരണം.യുഎസ്, ചൈന തുടങ്ങിയ രാജ്യങ്ങള്‍ കാര്‍ബണ്‍ പുറന്തള്ളലില്‍ മുന്‍പന്തിയിലാണ്. എന്നാല്‍ വികസിത രാജ്യമല്ലെന്നും ദുരിതാശ്വാസ നിധി രൂപീകരിക്കുന്ന കാര്യത്തില്‍ ഒഴിവാക്കണമെന്നുമാണ് ചൈനയുടെ നിലപാട്. സഹായ നിധി ബാധ്യതയാകുമെന്ന ആശങ്ക യുഎസിനെയും പിന്നോട്ട് വലിച്ചു.

Sharing

Leave your comment

Your email address will not be published. Required fields are marked *