ജപ്പാനിലേക്ക് വീണ്ടും ഉത്തര കൊറിയയുടെ മിസൈല്‍; രണ്ട് ദിവസത്തിനിടെ രണ്ടാമത്തെ വിക്ഷേപണം

ജപ്പാനിലേക്ക് വീണ്ടും മിസൈല്‍ തൊടുത്ത് ഉത്തര കൊറിയ. ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലാണ് പ്രയോഗിച്ചതെന്ന് സംശയിക്കുന്നതായി സിയോള്‍ സൈന്യം അറിയിച്ചു.രണ്ട് ദിവസത്തിനുള്ളില്‍ രണ്ടാമത്തെ വിക്ഷേപണമാണിതെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.‌പ്രത്യേക സാമ്പത്തിക മേഖലയിലാണ് മിസൈല്‍ പതിച്ചതെന്ന് ജപ്പാനും അറിയിച്ചു. 10.15ന് പ്യോങ്‌യാങ്ങിലെ സുനന്‍ പ്രദേശത്ത് നിന്ന് കിഴക്കന്‍ കടലിലേക്ക് തൊടുത്തുവിട്ട ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈല്‍ കണ്ടെത്തിയതായി സിയോളിലെ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് പറഞ്ഞു.

മിസൈല്‍ വിക്ഷേപണത്തെക്കുറിച്ച്‌ ചര്‍ച്ച ചെയ്യാന്‍ ദക്ഷിണ കൊറിയയുടെ ദേശീയ സുരക്ഷാ കൗണ്‍സില്‍ വെള്ളിയാഴ്ച യോഗം ചേര്‍ന്നതായി പ്രസിഡന്‍ഷ്യല്‍ ഓഫീസ് അറിയിച്ചു.മിസൈല്‍ വിക്ഷേപണം സ്ഥിരീകരിച്ച ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിദ, ഹൊക്കൈദോയുടെ വടക്കന്‍ പ്രദേശത്തെ പ്രത്യേക സാമ്ബത്തിക മേഖലയിലെ സമുദ്രത്തിലേക്കാണ് അത് പതിച്ചതെന്നും വ്യക്തമാക്കി. ഉത്തര കൊറിയയാണ് ബാലിസ്റ്റിക് മിസൈല്‍ തൊടുത്തുവിട്ടതെന്നും അദ്ദേഹം പറഞ്ഞു.

ഇത് തികച്ചും അസ്വീകാര്യമാണെന്നും ബാങ്കോക്ക് ഉച്ചകോടിക്കിടെ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു. കപ്പലുകള്‍ക്കോ വിമാനത്തിനോ കേടുപാടുകള്‍ സംഭവിച്ചതായി പ്രാഥമിക റിപ്പോര്‍ട്ടുകളൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.അതേസമയം, ഉത്തരകൊറിയയുടെ സമീപകാല മിസൈല്‍ പരീക്ഷണങ്ങള്‍ സംബന്ധിച്ച്‌ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഈ ആഴ്ച ആദ്യം ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി ചര്‍ച്ച ചെയ്യുകയും ടോക്കിയോ, സിയോള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള നേതാക്കളുമായി സംസാരിക്കുകയും ചെയ്തിരുന്നു.

നേരത്തെയും ജപ്പാന് നേരെ ഉത്തരകൊറിയ മിസൈല്‍ തൊടുത്തിരുന്നു. ഒക്ടോബര്‍ ആദ്യം നടത്തിയ മിസൈല്‍ വിക്ഷേപണം വലിയ പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു. വടക്കന്‍ ജപ്പാന് മുകളിലൂടെയായിരുന്നു മിസൈല്‍ പരീക്ഷണം. ഇതോടെ വടക്കന്‍ ജപ്പാനില്‍ ട്രെയിന്‍ സര്‍വീസ് താത്കാലികമായി നിര്‍ത്തിവച്ചിരുന്നു.ആളുകളെ പാര്‍പ്പിടങ്ങളില്‍ നിന്ന് ഒഴിപ്പിച്ച്‌ ഭൂഗര്‍ഭ അറകളിലേക്ക് മാറ്റുകയും ചെയ്തിരുന്നു. 2017ന് ശേഷം ആദ്യമായി ഒക്ടോബറിലാണ് ജപ്പാനിലേക്ക് ഉത്തര കൊറിയന്‍ മിസൈല്‍ പരീക്ഷണം ഉണ്ടാവുന്നത്.

Sharing

Leave your comment

Your email address will not be published. Required fields are marked *